Latest News

എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലുകള്‍ക്ക് രാജ്യസഭയുടെ അംഗീകാരം; പ്രാദേശിക വികസന ഫണ്ടില്‍ കൈവയ്ക്കരുതെന്നും അംഗങ്ങള്‍

എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലുകള്‍ക്ക് രാജ്യസഭയുടെ അംഗീകാരം; പ്രാദേശിക വികസന ഫണ്ടില്‍ കൈവയ്ക്കരുതെന്നും അംഗങ്ങള്‍
X

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും ശമ്പളവും അലവന്‍സും കുറയ്ക്കുന്നതിനുള്ള രണ്ട് നിയമനിര്‍മ്മാണങ്ങള്‍ വെള്ളിയാഴ്ച രാജ്യസഭയില്‍ പാസ്സാക്കി. അതേസമയം എംപിമാരുടെ പ്രാദേശിക വികസന സ്‌കീം പ്രകാരമുള്ള ഫണ്ട് പുനഃസ്ഥാപിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനുള്ള 'പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍ നിയമം, 1954, ഭേദഗതി ബില്ല്' പാര്‍ലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് അവതരിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളവും അലവന്‍സും (ഭേദഗതി) ബില്ല് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയും അവതരിപ്പിച്ചു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യം അനുഭവിക്കുന്ന പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിലാണ് മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളവും അലവന്‍സും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. രണ്ട് ബി്ല്ലുകളും ശബ്ദ വോട്ടോടെ പാസ്സാക്കി.

അതേസമയം പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയ നടപടിയെ അംഗങ്ങള്‍ ചോദ്യംചെയ്തു. ജനങ്ങളുടെ പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശക്തമായ ഒരുപാധിയായിരുന്നു അതെന്നും പുതിയ തീരുമാനം വഴി പ്രാദേശിക ജനതയുടെ താല്‍പര്യങ്ങളാണ് ഹനിക്കപ്പെടുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

അംഗങ്ങളില്‍ ഭൂരിപക്ഷവും ശമ്പളത്തെ മാത്രം ആശ്രയിച്ചിരിക്കുന്നവരാണെങ്കിലും അത് വെട്ടിക്കുറയ്ക്കാന്‍ തയ്യാറായതിനെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സ്വാഗതം ചെയ്തു. അതേസമയം എംഎല്‍എ ഫണ്ട് എംഎല്‍എമാര്‍ക്കുള്ളതല്ലെന്നും അത് ജനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ഫണ്ട് ഒഴിവാക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും നടപ്പാക്കുന്ന പക്ഷം രണ്ട് വര്‍ഷം എന്നത് ഒന്നായി കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി നിര്‍ത്തിവയ്ക്കണമെന്ന് ആര്‍ജെഡി നേതാവ് മനോജ് കുമാര്‍ ഝാ പറഞ്ഞു.

വൈ.എസ്.ആര്‍.സി.പി അംഗം വി വിജയ്‌സായ് റെഡ്ഡി കൗതുകകരമായ മറ്റൊരു നിര്‍ദേശമാണ് മുന്നോട്ട് വച്ചത്, സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും പിഴ ചുമത്തുകയും വേണം.

Next Story

RELATED STORIES

Share it