Latest News

ഡല്‍ഹി: ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

രാജ്യത്തെ അപമാനം കൊണ്ട് തലകുനിക്കുന്ന നിലയിലാക്കിയ അമിത് ഷാ അഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാനുള്ള ഔചിത്യം പ്രധാനമന്ത്രിക്ക് ഉണ്ടാകണം.

ഡല്‍ഹി: ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
X

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ തല്‍സ്ഥാനം ഒഴിയണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപങ്ങളില്‍ പരിക്കുപറ്റി ജി.റ്റി.ബി ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷമാണ് പ്രേമചന്ദ്രന്റെ പ്രതികരണം. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി പ്രതിനിധിസംഘമാണ് ആശുപത്രിയും സംഘര്‍ഷബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചത്. എം.പി യോടൊപ്പം ആര്‍.എസ്.പി ഡല്‍ഹി സെക്രട്ടറി ശത്രുജീത് സിംഗ്, നസീം ഹുസൈന്‍, മോണ്ഡു സര്‍ക്കാര്‍, മാനവേന്ദ്ര സിംഗ് എന്നിവരും ഉണ്ടായിരുന്നു. മാരകമായ പരിക്കുപറ്റി ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. കലാപത്തില്‍ പരിക്കുപറ്റിയവരില്‍ ബഹുഭൂരിപക്ഷവും സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളാണ്.

പോലീസിന്റെ അനാസ്ഥയും പരാജയവുമാണ് സംഘര്‍ഷത്തിനു കാരണമെന്ന് സുപ്രിം കോടതിയും ഡല്‍ഹി ഹൈക്കോടതിയും കണ്ടെത്തിയത് അതീവ ഗൗരവതരമാണ്. ഡല്‍ഹി പോലിസ് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പോലിസിനെ നിഷ്‌ക്രിയമാക്കി മാറ്റിയ രാഷ്ട്രീയ നേതൃത്വമാണ് കലാപത്തിനുത്തരവാദി. കലാപസ്ഥലങ്ങളില്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ കാഴ്ചക്കാരായി നില്‍ക്കുവാന്‍ പോലീസിനെ പ്രേരിപ്പിച്ച ഗൂഢാലോചന സംബന്ധിച്ച് കോടതി നേരിട്ട് അന്വേഷണം നടത്തണം. ഗൂഢാലോചനയില്‍ പങ്കാളികളായ രാഷ്ട്രീയ നേതൃത്വത്തിനെതിരെ നിയമാനുസരണം കേസ് രജിസ്റ്റര്‍ ചെയ്യണം. പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ തെരുവുയുദ്ധം നടത്താനും മതസഹിഷ്ണുതയും സൗഹാര്‍ദ്ദവും അഖണ്ഡതയും തകര്‍ക്കാനും ആഹ്വാനം ചെയ്യുന്ന ബി.ജെ.പി നേതൃത്വത്തിന്റെ അപക്വമായ നടപടികളാണ് തലസ്ഥാന നഗരത്തെ കലാപഭൂമിയാക്കിയത്. തെരുവില്‍ അഴിഞ്ഞാടുന്ന അക്രമികളെ തടയുവാനോ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനോ മൃതദേഹങ്ങള്‍ ബഹുമാനപൂര്‍വ്വം സംസ്‌കരിക്കുന്നതിനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പോലീസ് നടപടി രാജ്യത്തിനു തന്നെ അപമാനമാണ്. രാജ്യത്തെ അപമാനം കൊണ്ട് തലകുനിക്കുന്ന നിലയിലാക്കിയ അമിത് ഷാ അഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാനുള്ള ഔചിത്യം പ്രധാനമന്ത്രിക്ക് ഉണ്ടാകണം.

കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ വിധിന്യായം പറയുന്ന ജഡ്ജിമാരെ രായ്ക്കുരാമാനം സ്ഥലം മാറ്റുന്ന പുതിയ രീതി ആശങ്കാജനകമാണ്. ഭരണകൂട താല്പര്യത്തിനു വിരുദ്ധമായി വിധി നടപ്പാക്കുന്നവരെ വിധിന്യായം പുറപ്പെടുവിക്കുന്ന ദിവസം അര്‍ദ്ധരാത്രി തന്നെ സ്ഥലം മാറ്റുന്നത് ജ്യുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നു. ഭരണകൂടത്തിന് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നപോലെ നിലവിലെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ജഡ്ജിമാരെ സ്ഥലം മാറ്റാന്‍ ഒത്താശ ചെയ്യുന്ന നിലപാട് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്ന സംശയവും ദുരൂഹതയും അകറ്റാന്‍ സുപ്രിം കോടതി തയ്യാറാകണം.

ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങളിലും കലാപങ്ങളിലും പോലിസ് സ്വീകരിക്കുന്ന നിയമവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ജനരോഷത്തെ മാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. കലാപത്തെ അടിച്ചമര്‍ത്തുവാന്‍ ഉത്തരവിദിത്വപ്പെട്ട പോലീസ് കലാപത്തിന് ചാലകശക്തിയായി മാറുന്നത് പ്രതിഷേധാര്‍ഹമാണ്. അക്രമവും കലാപവും അമര്‍ച്ച ചെയ്യാനും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ പോലീസ് ഇനിയെങ്കിലും തയ്യാറാകണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it