Latest News

മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം: കോടതിയില്‍ ചോദ്യം ചെയ്യാനാവുമെന്ന് ഭരണഘടനാ വിദഗ്ധര്‍

രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണോ?

മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം: കോടതിയില്‍ ചോദ്യം ചെയ്യാനാവുമെന്ന് ഭരണഘടനാ വിദഗ്ധര്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണറുടെ നടപടി വ്യാപകമായി അപലപിക്കപ്പെട്ടിരിക്കുകയാണ്. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് അധിക സമയം നല്‍കിയ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ശിവസേനയ്ക്ക് 24 മണിക്കൂറാണ് നല്‍കിയത്. കോണ്‍ഗ്രസ്സുമായും എന്‍സിപിയുമായും ചര്‍ച്ച നടത്തി സമവായത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ സമയമനുവദിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. അദ്ദേഹം മൂന്നാമത്തെ വലിയ പാര്‍ട്ടിയായ എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണി്ച്ചു. പക്ഷേ, അവര്‍ക്കനുവദിച്ച സമയം പൂര്‍ത്തിയാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ശുപാര്‍ശ ചെയ്തു. ഗവര്‍ണറുടെ ശുപാര്‍ശ കണക്കിലെടുത്തും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരവും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കപ്പെട്ടു.



രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണോ എന്നതാണ് ഇനി അവശേഷിക്കുന്ന പ്രശ്‌നം.

സാധാരണഗതിയില്‍ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യാനാവില്ല. ഭരണഘടനാ തലവനെന്ന നിലയില്‍ അദ്ദേഹത്തിന്റെ നടപടി അന്തിമമാണ്. പക്ഷേ, മുന്‍കാലങ്ങളില്‍ കേന്ദ്രത്തിന്റെ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചില ഗവര്‍ണര്‍മാര്‍ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സംസ്ഥാനസര്‍ക്കാരുകളെ പിരിച്ചുവിട്ട നടപടി കോടതി ചോദ്യം ചെയ്യുകയുണ്ടായി.

സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണര്‍ക്ക് മാര്‍ഗദര്‍ശമായിരിക്കുന്ന നിരവധി നിയമങ്ങളും വിധികളുമുണ്ട്. അവയില്‍ പ്രധാനം സര്‍ക്കാരിയ കമ്മിഷന്‍ നിര്‍ദേശങ്ങളാണ്. അതനുസരിച്ച് ഗവര്‍ണര്‍ക്കു മുന്നില്‍ നാല് സാധ്യതകളാണ് ഉള്ളത്. 1. തിരഞ്ഞെടുപ്പ് പൂര്‍വ്വ സഖ്യത്തിലുള്ള കക്ഷികളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുക. 2. ഏറ്റവും വലിയ കക്ഷിയെ ക്ഷണിക്കുക. 3. തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാക്കുന്ന സഖ്യത്തെ ക്ഷണിക്കുക. എല്ലാ കക്ഷികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന സഖ്യത്തെ ആദ്യവും 4. പുറത്തുനിന്ന് പിന്തുണക്കുന്ന സഖ്യത്തെ രണ്ടാമതും ക്ഷണിക്കുക.

മഹാരാഷ്ട്ര ഗവര്‍ണര്‍ ഈ സാധ്യതകള്‍ മുഴുവന്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. ഇത് പ്രകാരം കോണ്‍ഗ്രസ്സിനെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കേണ്ടിയിരുന്നുവെന്ന് അവര്‍ പറയുന്നു.


മറ്റൊരു മാനദണ്ഡം എസ് ആര്‍ ബൊമ്മെ കേസാണ്. 1988-89 കാലത്ത് കര്‍ണാടകയിലെ ജനതാദള്‍ മുഖ്യമന്ത്രിയായിരുന്നു എസ് ആര്‍ ബൊമ്മെ. 1989 ഏപ്രില്‍ 21 ന് ബൊമ്മെ മന്ത്രിസഭയെ ഗവര്‍ണര്‍ ആര്‍ട്ടിക്കിള്‍ 356 പ്രകാരം പിരിച്ചുവിട്ടു. ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ക്കെതിരേ കേന്ദ്രം ഭരിക്കുന്നവര്‍ സ്വീകരിച്ചുവരുന്ന ഒരു ഒതുക്കല്‍ തന്ത്രമാണ് ഇത്. ബൊമ്മെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നാണ് പിരിച്ചുവിടുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഗവര്‍ണറുടെ നടപടി ബൊമ്മെ കോടതിയില്‍ ചോദ്യം ചെയ്തു. ഹൈക്കോടതി പരാതി തള്ളിയെങ്കിലും സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.

1994 മാര്‍ച്ച് 11 ന് കേസില്‍ വിധി പറഞ്ഞു. ഗവര്‍ണര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം സംസ്ഥാനങ്ങളെ പിരിച്ചുവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യമായ എല്ലാ ശ്രമവും നടത്തിയതിനു ശേഷം മാത്രമേ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താവൂ എന്ന് കോടതി വിധിച്ചു. മാത്രമല്ല, അത് പാര്‍ലമെന്റിലെ ഇരുസഭകളും അംഗീകരിക്കുകയും വേണം.

ഗവര്‍ണര്‍ എന്‍സിപിയുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്യാവൂ എന്നാണ് പ്രമുഖ ഭരണഘടനാവിദഗ്ധനായ പി ഡി ടി ആചാര്യയുടെ അഭിപ്രായം. ഗവര്‍ണറുടെ സ്വകാര്യ തീരുമാനമായിരിക്കരുത് രാഷ്ട്രപതിഭരണത്തിനുള്ള ശുപാര്‍ശ. ഗവര്‍ണര്‍ എല്ലാ തരത്തിലുള്ള സാധ്യതകളും ഉപയോഗിച്ചില്ലെന്ന് തെളിയിക്കാനായാല്‍ രാഷ്ട്രപതി ഭരണത്തിനുളള ശുപാര്‍ശ കോടതിക്ക് റദ്ദാക്കാം.

മറ്റൊരു ഭരണഘടനാവിദഗ്ധനായ മുന്‍ സുപ്രിം കോടതി ജഡ്ജി പി ബി സാവന്ദിന്റെ അഭിപ്രായത്തില്‍ ശിവസേനക്ക് ബിജെപിക്ക് നല്‍കിയതുപോലെ അധികസമയം നല്‍കേണ്ടിതുണ്ട്. ബിജെപിക്ക് 17 ദിവസം നല്‍കിയപ്പോള്‍ ശിവസേനക്ക് 24 മണിക്കൂര്‍ മാത്രം നല്‍കുന്നത് എസ് ആര്‍ ബൊമ്മെ കേസിലെ സുപ്രിം കോടതി നിര്‍ദേശങ്ങളുടെ ലംഘനമാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തുല്യ സമയം ലഭിക്കണം. മറ്റൊരു വിദഗ്ധനായ ഉല്ലാസ് ബാപ്പട്ടിന്റെ അഭിപ്രായത്തില്‍ ശിവസേനക്കു മാത്രമല്ല, എന്‍സിപിക്കും കോണ്‍ഗ്രസ്സിനും മതിയായ സമയം നല്‍കയിരിക്കണം. ഇല്ലെങ്കില്‍ ഗവര്‍ണറുടെ തീരുമാനം റദ്ദാക്കാന്‍ കോടതിക്ക് കഴിയും.

അതേസമയം മുന്‍ അറ്റോര്‍ണി ജനറല്‍ ശ്രീഹരി അനെയുടെ അഭിപ്രായത്തില്‍ ബിജെപിക്കും ശിവസേനക്കും ആവശ്യമായ സമയം നല്‍കിയിട്ടുണ്ട്. ഫലം പ്രഖ്യാപിച്ച ഉടന്‍ തന്നെ ശിവസേനക്കും എന്‍സിപിക്കും സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ നടത്താമെന്നും അതിന് അവരെ ആരും തടയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായി ശരിയാണെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാലും നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉന്നയിക്കാനാവും. സാധാരണ രാഷ്ട്രപതി ഭരണം രണ്ട് മാസത്തേക്കാണ് ഏര്‍പ്പെടുത്തുക. പിന്നീട് അത് ആറ് മാസം വരെ നീട്ടാം.

Next Story

RELATED STORIES

Share it