Latest News

ജനസംഖ്യാ പട്ടികയായി രൂപം മാറിയ പൗരത്വ പട്ടിക അസ്വീകാര്യം-എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി

ജനസംഖ്യാ പട്ടികയുടെ അപേക്ഷയില്‍ പുതുതായി ഉള്‍പ്പെടുത്തിയ കോളങ്ങള്‍ ഉപേക്ഷിക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഫൈസി

ജനസംഖ്യാ പട്ടികയായി രൂപം മാറിയ പൗരത്വ പട്ടിക അസ്വീകാര്യം-എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി
X

ന്യൂഡല്‍ഹി: ജനസംഖ്യ പട്ടിക പുതുക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് അനുമതി നല്‍കിയ 2019 ഡിസംബര്‍ 19 ലെ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ആശങ്കാജനകമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി.

''മുന്‍കാലങ്ങളില്‍ സെന്‍സസ് കണക്കെടുപ്പില്‍ വ്യക്തികള്‍ ജനിച്ച സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദേശീയ ജനസംഖ്യാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ജനസംഖ്യാപട്ടികയുടെ അപേക്ഷാഫോമില്‍ 6 പുതിയ കോളങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും ജനനസ്ഥലവും മാതാപിതാക്കളുടെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇത്തവണ കൂടുതലായി ചോദിച്ചിരിക്കുന്നു. ഓരോരുത്തരും അവരുടെ മാതാപിതാക്കളുടെ ജനനസര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. പുതിയ കോളങ്ങള്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. സെന്‍സസ് കണക്കെടുപ്പില്‍ അത് ആവശ്യമില്ല.''- പ്രസ്താവനയില്‍ പറയുന്നു. പൗരത്വ പട്ടിക, ജനസംഖ്യാ പട്ടികയായി രൂപം മാറി വന്നിരിക്കുകയാണെന്നും ഫൈസി കുറ്റപ്പെടുത്തി.

ഇന്ത്യയുടെ വിശാലമായ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ള ജനങ്ങള്‍ ഇത്തരം രേഖകളെ കുറിച്ച് കേട്ടിട്ടുപോലുമില്ല. അവരോട് ഈ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതോടെ അവര്‍ പരിഭ്രാന്തരാവും, രാജ്യത്തിന്റെ അസ്ഥിരതയിലാണ് അത് കലാശിക്കുക. ജനസംഖ്യാ പട്ടികയുടെ അപേക്ഷയില്‍ പുതുതായി ഉള്‍പ്പെടുത്തിയ കോളങ്ങള്‍ ഉപേക്ഷിക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഫൈസി പ്രസ്താവനയില്‍ആവശ്യപ്പെട്ടു.

ജനസംഖ്യാപട്ടികയുടെ രൂപത്തില്‍ പൗരത്വപട്ടിക അവതരിപ്പിക്കുന്നതിനുള്ള ശ്രമം അസ്വീകാര്യമാണെന്നും പഴയ സെന്‍സസ് രീതിയിലേക്ക് ജനസംഖ്യാപട്ടികയെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it