Latest News

ജനങ്ങള്‍ തെരുവില്‍; അസം ജനത ഭയപ്പെടേണ്ടെന്ന് മോദിയുടെ ട്വീറ്റ്

പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭം അസമില്‍ നിയന്ത്രണാധീതമായി പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രംഗത്തുവന്നത്.

ജനങ്ങള്‍ തെരുവില്‍; അസം ജനത ഭയപ്പെടേണ്ടെന്ന് മോദിയുടെ ട്വീറ്റ്
X

ന്യൂഡല്‍ഹി: പുതിയ പൗരത്വ ഭേദഗതി ബില്ലിനെ ഭയപ്പെടേണ്ടെന്ന് അസം ജനതയ്ക്ക് മോദിയുടെ ഉപദേശം. ജനങ്ങളുടെ അവകാശങ്ങള്‍ ആരും തട്ടിയെടുക്കില്ലെന്നും മോദി പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭം അസമില്‍ നിയന്ത്രണാധീതമായി പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രംഗത്തുവന്നത്.

പൗരത്വ ബില്ല് പാസായതുകൊണ്ട് ആരും ഭയപ്പെടേണ്ടെന്ന് അസമിലെ സഹോരീസഹോദരന്മാര്‍ക്ക് ഞാന്‍ ഉറപ്പു നല്‍കുന്നു. ആരും നിങ്ങളുടെ അവകാശങ്ങളും സ്വത്വവും മനോഹരമായ സംസ്‌കാരവും കവര്‍ന്നെടുക്കുകയില്ല, അതിനിയും തഴച്ചു വളരുക തന്നെ ചെയ്യും- മോദി ട്വീറ്റ് ചെയ്തു.

രാഷ്ട്രീയവും ഭാഷാപരവും സാംസ്‌കാരികവുമായ അവകാശങ്ങളും ഭൂമിയിലുള്ള അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഭരണഘടനാപരമായി ബാധ്യസ്ഥരാണെന്ന് മോദി മറ്റൊരു ട്വീറ്റില്‍ എഴുതി.

പൗരത്വ ഭേദഗതി ബില്ല് രാജ്യസഭ പാസ്സാക്കി രണ്ടാം ദിനത്തിലും അസമില്‍ കലാപസമാനമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്. പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി. ദിബ്രുഗര്‍ ജില്ലയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

വിവാദമായ പൗരത്വ ഭേദഗതി ബില്ല് ഇന്നലെ 105 വോട്ടിനെതിരേ 125 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ പാസായത്.

Next Story

RELATED STORIES

Share it