Latest News

കൊവിഡ് 19: അലന്‍, താഹ അടക്കമുള്ള രാഷ്ട്രീയ തടവുകാരെ ജാമ്യത്തില്‍ വിടണമെന്ന് അലന്‍ താഹ മനുഷ്യാവകാശ കമ്മിറ്റി

കൊവിഡ് 19: അലന്‍, താഹ അടക്കമുള്ള രാഷ്ട്രീയ തടവുകാരെ ജാമ്യത്തില്‍ വിടണമെന്ന് അലന്‍ താഹ മനുഷ്യാവകാശ കമ്മിറ്റി
X

കോഴിക്കോട്: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ പരമാവധി തടവുകാരെ വിട്ടയക്കണമെന്നും അതില്‍ രാഷ്ട്രീയ തടവുകാര്‍ക്കു മുന്‍ഗണന നല്‍കണമെന്നും അലന്‍ താഹ മനുഷ്യാവകാശ കമ്മിറ്റി. മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും ഇതോടൊപ്പം വിട്ടയക്കണമെന്നും ബി ആര്‍ പി ഭാസ്‌കര്‍ ചെയര്‍മാനും ഡോ. ആസാദ് കണ്‍വീനറുമായ സമിതി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

'' കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിചാരണത്തടവുകാരായി തൃശൂര്‍ ജയിലില്‍ ആറു മാസമായി അവര്‍ കഴിയുന്നു. അവര്‍ക്കു കുറ്റപത്രം നല്‍കി കേസ് വിചാരണക്കുള്ള നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. കോഴിക്കോട്ടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന രണ്ടുപേരെയും മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. യുഎപിഎ അനുസരിച്ചു കേസ് എടുത്തതിനെ തുടര്‍ന്നാണ് എന്‍ ഐ എ അത് ഏറ്റെടുത്തത്.'' എന്‍ഐഎ അന്വേഷിക്കേണ്ട തരത്തില്‍ ഗൗരവമുള്ള കുറ്റമൊന്നും അവര്‍ ചെയ്തതായി സര്‍ക്കാരിന് ബോധ്യമില്ലാത്തതിനാല്‍ കേസ് കേരളാ പോലീസിനെ തിരിച്ചേല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കേന്ദ്രത്തിലേക്ക് എഴുതിയ കാര്യവും കത്തില്‍ ഓര്‍മ്മിപ്പിച്ചു.

വിചാരണതടവുകാര്‍ക്ക് ജാമ്യം നല്‍കാനുള്ള തീരുമാനത്തെ കമ്മിറ്റി സ്വാഗതം ചെയ്തു. ഈ ആനുകൂല്യത്തിന് അലനും താഹയും അര്‍ഹരാണെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ അവര്‍ക്കതു നിഷേധിക്കപ്പെടുകയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്നും നീതി ഉറപ്പാക്കാന്‍ കേരളസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it