Latest News

കൊവിഡ് 19: ഒഡീഷയിലെ ഗന്‍ജം ജില്ലയില്‍ വീടു കയറിയിറങ്ങി ആരോഗ്യ പരിശോധനയുമായി ജില്ലാ ഭരണകൂടം

കൊവിഡ് 19: ഒഡീഷയിലെ ഗന്‍ജം ജില്ലയില്‍ വീടു കയറിയിറങ്ങി ആരോഗ്യ പരിശോധനയുമായി ജില്ലാ ഭരണകൂടം
X

ഭുവനേശ്വര്‍: കൊവിഡ് ബാധ അതിശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളെയും നേരിട്ട് സ്‌ക്രീന്‍ ചെയ്യാനൊരുങ്ങുകയാണ് ഒഡീഷിലെ ഗന്‍ജം ജില്ലാ ഭരണകൂടം. ആരോഗ്യപ്രവര്‍ത്തകര്‍ മുഴുവന്‍ കുടുംബാഗങ്ങളെയും നേരിട്ട് വീടുകളില്‍ ചെന്ന് പരിശോധിക്കും. കുടുംബാഗങ്ങളുടെ ആരോഗ്യസ്ഥിതി, യാത്രാചരിത്രം തുടങ്ങിയവയാണ് രേഖപ്പെടുത്തുക. 7 ലക്ഷം കുടുംബങ്ങളെയാണ് നേരിട്ട് പരിശോധനയ്ക്ക് വിധേയമാക്കുക. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് രാജ്യത്താദ്യമാണ്.

''ഏപ്രില്‍ 9 മുതല്‍ ജില്ലാ ഭരണകൂടം ആരോഗ്യ പരിശോധന തുടങ്ങുകയാണ്. ജില്ലയിലെ 7 ലക്ഷം കുടുംബങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കുക. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി നേരിട്ട് മനസ്സിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനു പുറമെ യാത്ര ചെയ്തവരുടെ വിവരങ്ങളും ശേഖരിക്കും.'' ഗന്‍ജം കലക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ വിജയ് അമൃത കുലാങ് പറയുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തി കൊവിഡ് 19നുമായി ബന്ധപ്പെട്ട ഒരു ചോദ്യാവലി പൂരിപ്പിക്കുകയാണ് ചെയ്യേണ്ടത്.

''ഓരോ ടീമിലും മൂന്ന് പേരുണ്ടാവും. അതിലൊരാള്‍ ഒരു അധ്യാപകനോ അധ്യാപികയോ ആയിരിക്കും. കൂടെ ഒരു അംഗന്‍വാടി ജോലിക്കാരിയും ഉണ്ടാവും. അവര്‍ ഓരോരുത്തരോടും അവരുടെ യാത്രയുടെ വിവരങ്ങള്‍, രോഗലക്ഷണങ്ങള്‍, കുടുംബാഗങ്ങളുടെ പേരുവിവരങ്ങള്‍ എന്നിവ ചോദിച്ച് മനസ്സിലാക്കും. ഏതെങ്കിലും രോഗലക്ഷണമുള്ള വ്യക്തികളെ കണ്ടെത്തുകയാണെങ്കില്‍ ആരോഗ്യവകുപ്പിന്റെ ഒരു പ്രത്യേക ടീം അവരെ പരിശോധിക്കും'' കലക്ടര്‍ പറയുന്നു.

പുറത്തിറങ്ങുന്ന എല്ലാവരും മൂന്നു അടരുകളുള്ള മാസ്‌ക്ക് ധരിക്കുന്നത് ജില്ലാ ഭരണകൂടം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ഗ്രാമങ്ങളില്‍ 500 രൂപയും നഗരങ്ങളില്‍ 1000 രൂപയും പിഴ ഈടാക്കും.

ഒഡീഷയില്‍ ഇതുവരെ 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it