Top

പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുന്‍കൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി കൊവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തി.

വിദേശരാജ്യങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമന്ന് പ്രവാസി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഈ വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

കൊറോണ ബാധ ലോകത്താകെ സ്തംഭനമാണ് ഉണ്ടാക്കിയത്. ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളികള്‍ക്ക് നിരവധി സവിശേഷമായ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളി സമൂഹം ശ്രദ്ധയില്‍പെടുത്തിയ ഒരു വിഷയം സ്‌കൂളുകള്‍ അടഞ്ഞുകിടക്കുമ്പോഴും വലിയ തുക ഫീസായി കൊടുക്കേണ്ടി വരുന്നുവെന്നതാണ്. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി മാനേജ്‌മെന്റുകളുമായി ഇക്കാര്യം സംസാരിക്കണം എന്ന അഭ്യര്‍ത്ഥന കോണ്‍ഫറന്‍സിലുണ്ടായി. ആ വിഷയം പ്രത്യേകം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. സ്‌കൂള്‍ അധികൃതരോട് പൊതുഅഭ്യര്‍ത്ഥന നടത്തുകയും കേന്ദ്രസര്‍ക്കാര്‍ വഴി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നിയന്ത്രണം കഴിയുന്നതുവരെ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരുകയാണ് വേണ്ടത്. അത് കഴിഞ്ഞാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടും.

കൊവിഡ് ബാധിച്ചതല്ലാത്ത മരണങ്ങള്‍ നടന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തടസ്സമില്ല. കുടുംബത്തിന് പണം ആവശ്യമുണ്ടെങ്കിലുംപ്രവാസികള്‍ക്ക് പണം അയക്കാനാവാത്ത പ്രശ്‌നമുണ്ട്. ഈടില്ലാതെ, പിന്നീട് പ്രവാസികള്‍ തിരിച്ചടക്കുന്ന രീതിയില്‍, പ്രവാസികളുടെ കുടുംബത്തിന് വായ്പ കൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം എസ്.എല്‍.ബി.സിയുടെ ശ്രദ്ധിയില്‍പ്പെടുത്തി ആവശ്യമായ നടപടിയെടുക്കും. തിരിച്ചടവ് മുടങ്ങിയ പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴ ഒഴിവാക്കി കൊടുക്കും. ലോക കേരള സഭ അംഗങ്ങള്‍ക്കും ക്ഷണിതാക്കള്‍ക്കും ഓണ്‍ലൈന്‍ വഴി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കാര്യങ്ങളില്‍ പരിശീലനം നല്‍കും.

പ്രവാസികളുടെ കാര്യത്തില്‍ എപ്പോഴും നാടിന് പ്രത്യേക കരുതലുണ്ട്. കേരളത്തില്‍ രോഗബാധിതരായവര്‍ മഹാഭൂരിഭാഗവും പ്രവാസികളാണ്. ഈ സാഹചര്യത്തില്‍ ചില കേന്ദ്രങ്ങളില്‍ പ്രവാസികളോട് തെറ്റായ സമീപനം സ്വീകരിക്കുന്നത് മനസ്സിലാക്കിയ ഉടന്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് രോഗബാധിതരായത് അവരുടെ കുറ്റം കൊണ്ടല്ല. അവര്‍ക്കെപ്പോഴും വരാനുള്ള സ്ഥലമാണ് നമ്മുടെ നാട്. ഈ നാടിന്റെ പ്രത്യേകതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പ്രവാസികള്‍ വഹിച്ചിട്ടുള്ള പങ്ക് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇതൊക്കെ പൊതുവെ വ്യക്തമാക്കിയ കാര്യങ്ങളാണ്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി തന്നെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്. രോഗികളായിട്ടുള്ളവരും രോഗം സംശയിക്കുന്നവരും നേരിടുന്ന പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രിക്കും മറ്റും ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കത്തയിച്ചിട്ടുണ്ട്. നോര്‍ക്ക വഴി ഫലപ്രദമായി ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. നോര്‍ക്കയുടെ ഹെല്‍പ്പ്‌ലൈനില്‍ വിളിക്കുന്നതിന് ശങ്കിക്കേണ്ടതില്ല.

ചില വിദേശ രാജ്യങ്ങളില്‍ ബാച്ചിലേഴ്‌സ് അക്കമോഡേഷനുകളിലും ലേബര്‍ ക്യാമ്പുകളിലും ഒന്നിച്ചുകഴിയുന്നവരില്‍ ആര്‍ക്കെങ്കിലും അസുഖം വരികയോ അസുഖസംശയം വരികയോ ചെയ്താല്‍ അവര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ പ്രത്യേക മുറിയോ മറ്റ് സൗകര്യമോ ഇല്ലാത്ത അവസ്ഥയുണ്ട്. ഓരോ പ്രദേശത്തുമുള്ള സംഘടനകള്‍, ലോകകേരള സഭയുടെ അംഗങ്ങള്‍, ഇവരെല്ലാം കൂടിയുള്ള പൊതുവായ ആലോചന ഇക്കാര്യത്തില്‍ നടത്തുന്നത് നല്ലതാണ്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ അവരെ താമസിപ്പിക്കാനുള്ള സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കാനാകണം.

Next Story

RELATED STORIES

Share it