Latest News

മുത്തുഗോപാലിന്റെ ആടുജീവിതത്തിന് അന്ത്യം: എട്ട് വര്‍ഷത്തിനു ശേഷം ജന്മനാട്ടിലേക്ക്

തമിഴ്‌നാട് രാമനാട് സ്വദേശിയാണ് അന്‍പത്തിരണ്ടുകാരനായ മുത്തുഗോപാല്‍. പതിനേഴു വര്‍ഷമായി സൗദിയില്‍ എത്തിയിട്ട്. 2011 ലാണ് അവസാനമായി നാട്ടില്‍ നിന്നും അവധി കഴിഞ്ഞു വന്നത്.

മുത്തുഗോപാലിന്റെ ആടുജീവിതത്തിന് അന്ത്യം: എട്ട് വര്‍ഷത്തിനു ശേഷം ജന്മനാട്ടിലേക്ക്
X

വാദി ദവാസിര്‍: ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് സൗദി എയര്‍ലൈന്‍സ് വിമാനം ചെന്നൈ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ പ്രവേശിച്ചപ്പോള്‍ മുത്തുഗോപാലിന്റെ കണ്ണ് നിറഞ്ഞിരിക്കണം. എട്ട് വര്‍ഷമായി മുത്തുഗോപാല്‍ നാട്ടിലെത്തിയിട്ട്. ആഗ്രഹമില്ലാഞ്ഞിട്ടല്ല. മരുഭൂമിയില്‍ ആട് മേച്ചാല്‍ കിട്ടുന്ന തുക മുത്തുഗോപാലിന് വീട്ടിലേക്കയക്കാനേ തികയൂ. എത്ര മിച്ചം പിടിച്ചിട്ടും അത് നാട്ടിലേക്ക് വിമാനം പിടിക്കാന്‍ തികഞ്ഞില്ല.

മുത്തുഗോപാല്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരോടൊപ്പം

തമിഴ്‌നാട് രാമനാട് സ്വദേശിയാണ് അന്‍പത്തിരണ്ടുകാരനായ മുത്തുഗോപാല്‍. പതിനേഴു വര്‍ഷമായി സൗദിയില്‍ എത്തിയിട്ട്. 2011 ലാണ് അവസാനമായി നാട്ടില്‍ നിന്നും അവധി കഴിഞ്ഞു വന്നത്. ജോലി ഫാമില്‍, ആട് മേയ്ക്കല്‍. കൃത്യമായ ശമ്പളം കിട്ടിയിരുന്നില്ല. നാലോ അഞ്ചോ മാസം കൂടുമ്പോള്‍ ചിലവിനുള്ള പൈസ നല്‍കും. അതില്‍ നിന്നും കുറച്ച് മിച്ചം പിടിക്കും. അത് നാട്ടിലെ ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിന് ചെലവിനയക്കും. പിന്നെ ബാക്കിയൊന്നുമുണ്ടാവില്ല. അതുകൊണ്ടുതന്നെ നാട്ടിലേക്ക് പോകാനും കഴിഞ്ഞില്ല.

കുടിശിക തന്നു തീര്‍ക്കാന്‍ സ്‌പോണ്‍സര്‍മാരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നാട്ടില്‍ പോകാന്‍ മറ്റു വഴികളും നോക്കി. ഒന്നും നടന്നില്ല. അങ്ങനെയാണ് വിഷയം ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ഇന്‍ചാര്‍ജ്ജ് ലത്തീഫ് മാനന്തെരിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. അദ്ദേഹം ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ കോടതിയെ സമീപിച്ചു. അമീര്‍ കോര്‍ട്ടില്‍ ഫയല്‍ ചെയ്ത കേസ് തുടര്‍നടപടികള്‍ക്കായി ലേബര്‍ കോര്‍ട്ടിലേക്ക് അയക്കുകയായിരുന്നു. കോടതി സ്‌പോണ്‍സറെ വിളിച്ചുവരുത്തി. ഇരുപതു ദിവസത്തിനകം ഇടപാടുകള്‍ പൂര്‍ത്തിയാക്കി മുത്തുഗോപാലിനെ നാട്ടിലയക്കാം എന്ന് അയാള്‍ രേഖാമൂലം കോടതിയെ അറിയിച്ചു. പതിനാറായിരം റിയാല്‍ നല്‍കി കഴിഞ്ഞ ദിവസം കേസ് തീര്‍പ്പാക്കിയതോടെയാണ് നാട്ടിലേക്ക് പോകാനുള്ള വഴി തെളിഞ്ഞത്.

അഞ്ചു വര്‍ഷം മുമ്പ് മുത്തുഗോപാലിന്റെ ഇക്കാമ കാലാവധി കഴിഞ്ഞിരുന്നു. സ്‌പോന്‍സര്‍ പിഴ അടച്ച് ഇക്കാമ പുതുക്കിയതോടെ അവസാന പ്രതിസന്ധിയും തീര്‍ന്നു. ഇനി മുത്തുഗോപാലിന് നാട്ടില്‍ ജീവിക്കാം ആടുജീവിതമല്ല, നാട്ജീവിതം.


Next Story

RELATED STORIES

Share it