Top

മോദി രാഷ്ട്രഘടനയെ തകര്‍ക്കുന്നുവെന്ന് മുസ്‌ലീം ലീഗ് നേതാവ് കെ പി എ മജീദ്

മോദി രാഷ്ട്രഘടനയെ തകര്‍ക്കുന്നുവെന്ന് മുസ്‌ലീം ലീഗ് നേതാവ് കെ പി എ മജീദ്
X

മലപ്പുറം: ഇന്ത്യയുടെ ആത്മാവായ മതേതരത്വവും ബഹുസ്വരതയും ഇല്ലായ്മ ചെയ്ത് മോദി ആരംഭിച്ച വിനാശങ്ങള്‍ കര്‍ഷകരെയും ദലിതരെയും രാജ്യത്തെ സാധാരണക്കാരെയും അടക്കം ബാധിച്ച് രാഷ്ട്രഘടനയെ തന്നെ തകര്‍ക്കുന്ന ദുരന്തഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ്. ഇക്കാര്യം മതേതരത്വ കക്ഷികള്‍ ഗൗരവമായി കാണേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിവരശേഖരണ ഹൗസ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം മേല്‍മുറി മച്ചിങ്ങലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശവാദങ്ങളും എതിര്‍പ്പുകള്‍ക്കെതിരെയുള്ള അവഹേളനങ്ങളും വഴി മാത്രം ഇന്ത്യപോലൊരു രാജ്യത്തെ നയിക്കാമെന്ന് കരുതുന്നത് അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ വോട്ടര്‍മാരുടെയും സമഗ്രമായ വിവരങ്ങള്‍ ശേഖരിച്ച് ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ബ്ലുടിക്ക് സര്‍വേ വഴി ഉദ്ദേശിക്കുന്നത്. യൂത്ത് ലീഗ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റിതര യുവജന സംഘടനകള്‍ക്ക് മാതൃകയാവുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മുസ്‌ലീം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എ പി ഷെരീഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ട്രഷറര്‍ വി ടി സുബൈര്‍ തങ്ങള്‍, ജില്ലാ സെക്രട്ടറി ബാവ വിസപ്പടി, ലീഗ് നിയോജക മണ്ഡലം ജന. സെക്രട്ടറി വി. മുസ്തഫ, യൂത്ത് ലീഗ് ഭാരവാഹികളായ ഫെബിന്‍ കളപ്പാടന്‍, മന്‍സൂര്‍ പള്ളിമുക്ക്, സമീര്‍ കപ്പൂര്‍, സി ടി സാദിഖലി, മച്ചിങ്ങല്‍ അബ്ദുറഹിമാന്‍, റസാഖ് വാളന്‍, ബഷീര്‍ മച്ചിങ്ങല്‍, മച്ചിങ്ങല്‍ കുഞ്ഞി മുഹമ്മദ് പ്രസംഗിച്ചു.

Next Story

RELATED STORIES

Share it