Latest News

മോദിസ്തുതി അസഹ്യം: മാതൃഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കാനുറച്ച് കെ അജിത

മോദിസ്തുതി അസഹ്യം: മാതൃഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കാനുറച്ച് കെ അജിത
X

കോഴിക്കോട്: മാതൃഭൂമി ദിനപത്രം നടത്തിക്കൊണ്ടിരിക്കുന്ന മോദി അനുകൂല ക്യാമ്പയിനില്‍ മനംമടുത്ത് മാതൃഭൂമി പത്രവുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകയും അന്വേഷിയുടെ ചുമതലക്കാരിയുമായ കെ അജിത. മാതൃഭൂമിയുമായുള്ള ദീര്‍ഘകാല ബന്ധം എടുത്തുപറഞ്ഞ അജിത ബന്ധം വിച്ഛേദിക്കാന്‍ പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും മോദിയുെട ജന്മദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പത്രമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അജിത മാതൃഭൂമി ഉപേക്ഷിക്കുന്നതായി പ്രഖ്യാപനം നടത്തിയത്.



സെപ്റ്റംബര്‍ 17ന് മോദിയുടെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ മാതൃഭൂമി പത്രം


''ഇന്നലത്തെ(സെപ്റ്റംബര്‍ 17) പത്രമാണ് മാതൃഭൂമിയുമായുള്ള ബന്ധം ഇനി ഒരു നിമിഷം പോലും തുടരേണ്ടെന്ന തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്. ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമിക്ക് ഇപ്പോള്‍ നരേന്ദ്രമോദിയാണ്. എങ്കില്‍ സവര്‍ക്കറും ഗോദ്സേയും ആ പത്രത്തിന് ഇനി മുതല്‍ ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം. ഹാ കഷ്ടം! ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തില്‍ ജനിച്ച പത്രവും അതിന്റെ ചുക്കാന്‍ പിടിക്കുന്നവരും എത്തിപ്പെട്ട പതനം ആ പത്രത്തിന്റെ ജീര്‍ണത എത്ര ആഴമേറിയതാണ് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഇതിനേക്കാള്‍ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടി.വി.കാണുകയുമല്ലേ''- അവര്‍ ചോദിക്കുന്നു.

ഇന്ത്യയെ ഒരു സവര്‍ണ ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രമാക്കാനുള്ള പദ്ധതികള്‍ ഓരോ ദിവസവും നമ്മുടെ മേല്‍ അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്ന, ഗുജറാത്തിലെ വംശഹത്യ മുതല്‍ ആരംഭിച്ച ആ തേരോട്ടത്തില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജനാധിപത്യ മതേതര ബഹുസ്വര മൂല്യങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ഇത്തരം മുഖ്യധാരാപത്രങ്ങളെ ആശ്രയിക്കേണ്ടതില്ല എന്ന് ഉറപ്പായ ഈ നിമിഷം ചരിത്രത്തിന്റെ ഒരു ഇരുണ്ട മുഹൂര്‍ത്തം തന്നെയാണെന്ന് എഴുതിയ അജിത ഇത്തരം മൂല്യങ്ങളോട് ഒരിക്കലും സന്ധി ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.

Next Story

RELATED STORIES

Share it