Latest News

പൗരത്വ ഭേദഗതി നിയമം, ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വിവാദം: മേഘാലയയില്‍ മരണം മൂന്നായി

വ്യാജ വാര്‍ത്തകള്‍ക്ക് ചെവി കൊടുക്കരുതെന്നും അക്രമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും മേഘാലയ പോലിസ് ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമം, ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വിവാദം: മേഘാലയയില്‍ മരണം മൂന്നായി
X

ഷില്ലോങ്: ഇന്നര്‍ ലൈന്‍ പെര്‍മിറ്റിനെ ചൊല്ലിയുള്ള വിവാദത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. പൈര്‍ഖാന്‍ ഗ്രമാത്തിലെ ഉപാസ് ഉദ്ദിന്‍ (37)ആണ് കൊല്ലപ്പെട്ട മൂന്നാമന്‍. പോലിസ് നല്‍കുന്ന വിവരമനുസരിച്ച് ഉപാസ് ഉദ്ദിനെ മൂന്നു പേര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അദ്ദേഹത്തെ തൊട്ടടുത്ത കമ്യൂണിറ്റി സെന്ററില്‍ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണപ്പെട്ടു.

ഷില്ലോങില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട് ഇന്നുണ്ടായ മറ്റൊരു സംഭവത്തില്‍ മറ്റൊരാള്‍ കൂടി മരിച്ചിട്ടുണ്ട്. തിരക്കേറിയ മാര്‍ക്കറ്റില്‍ തദ്ദേശവാസികളല്ലാത്തവരെ, തിരിച്ചറിഞ്ഞിട്ടില്ലാത്ത ചിലര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഒരാള്‍ മരിച്ചതും ഒമ്പതു പേര്‍ക്ക് പരിക്കേറ്റതും. വെള്ളിയാഴ്ച, ഈസ്റ്റ് ഖാസി ഹില്‍ ജില്ലയില്‍ ഒരു ടാക്‌സി ഡ്രൈവറെ ചിലര്‍ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

വ്യാജ വാര്‍ത്തകള്‍ക്ക് ചെവി കൊടുക്കരുതെന്നും അക്രമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും മേഘാലയ പോലിസ് ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമവും ഇന്നര്‍ ലൈന്‍ പെര്‍മിറ്റും എന്ന വിഷയത്തില്‍ ഖാസി വിദ്യാര്‍ത്ഥി യൂണിയന്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയ്ക്കു ശേഷം ഷില്ലോങില്‍ ചില അനിഷ്ടസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

മേഘാലയയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ലുംഡെന്‍ഗിരി, സര്‍ദാര്‍ പോലിസ് സ്‌റ്റേഷനുകളില്‍ അനിച്ഛിത കാലത്തേക്കാണ് കര്‍ഫ്യു.

മേഘാലയ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നതിനാല്‍ മിക്കവാറും പ്രദേശങ്ങളിലും പൗരത്വ ഭേദഗതി നിയമം ബാധകമല്ല. ഈ പ്രദേശങ്ങളില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം പ്രദേശത്തെ ആദിവാസി വിഭാഗങ്ങളുടെ ദീര്‍ഘകാലമായ ആവശ്യമാണ.് ഡിസംബറില്‍ പാര്‍ലമെന്റില്‍ പൗരത്വ നിയമം പാസ്സാക്കിയ ശേഷം ചേര്‍ന്ന മേഘാലയ നിയമസഭയുടെ പ്രത്യേക സമ്മേളനം സംസ്ഥാനത്ത് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പാക്കണമെന്ന് കേന്ദ്രത്തോട് ഐക്യകണ്‌ഠേന ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it