Latest News

മേധാ പട്ക്കറുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ നീക്കം

പത്രപ്രവര്‍ത്തകനായ സഞ്ജീവ് ഝാ കൊടുത്ത പരാതിയിലാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.

മേധാ പട്ക്കറുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ നീക്കം
X

ന്യൂഡല്‍ഹി: നര്‍മ്മദ ബചാവൊ ആന്തോളന്‍ നേതാവ് മേധാ പട്ക്കറുടെ പേരിലുള്ള കേസുകളുടെ വിവരങ്ങള്‍ ആരാഞ്ഞ് മധ്യപ്രദേശ് ഡിജിപിക്ക് പാസ്‌പോര്‍ട്ട് ഓഫിസറുടെ കത്ത്. മേധാ പട്ക്കറുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനെ കുറിച്ച് തീരുമാനമെടുക്കുന്നതിന്റെ ഭാഗമാണ് നടപടി.

കഴിഞ്ഞ ഒക്ടോബറില്‍ കേസ് വിവരങ്ങള്‍ മറച്ചുവച്ചുവെന്ന് ആരോപിച്ച് മേധാ പട്ക്കര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചിരുന്നു. പാസ്‌പോര്‍ട്ട് കണ്ടുകെട്ടാതിരിക്കണമെങ്കില്‍ വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്.

മേധാ പട്ക്കര്‍ക്കെതിരേ 9 കേസുകള്‍ നിലവിലുണ്ടെന്നാണ് നോട്ടീസില്‍ സൂചിപ്പിച്ചിട്ടുള്ളത്. അതില്‍ മൂന്നെണ്ണം ബര്‍വാനിയിലും ഒരെണ്ണം അലിരാജ്പൂരിലും അഞ്ചെണ്ണം ഖണ്‍ട്‌വയിലുമാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നര്‍മ്മദ ബചാവോ ആന്തോളന്‍ സമരങ്ങളോടനുബന്ധിച്ചാണ് എല്ലാ കേസുകളും. കലാപത്തിന് ആഹ്വാനം നല്‍കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മേധാപട്ക്കര്‍ക്ക് 2017 മാര്‍ച്ചിലാണ് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കിയത്. 2027 മാര്‍ച്ച് 29 വരെ കാലാവധിയുണ്ട്.

പത്രപ്രവര്‍ത്തകനായ സഞ്ജീവ് ഝാ കൊടുത്ത പരാതിയിലാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. മേധാ പട്ക്കര്‍ വിവരങ്ങള്‍ മറച്ചുവച്ച്് പാസ്‌പോര്‍ട്ട് പുതുക്കി വാങ്ങിയതെന്നായിരുന്നു പരാതി.

പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കുന്ന സമയത്ത് തനിക്കെതിരേ കേസുകളൊന്നും നിലവിലില്ലായിരുന്നു എന്നാണ് മേധാ പട്ക്കര്‍ നല്‍കിയ മറുപടി. ആദ്യ മറുപടി നല്‍കിയ ശേഷം വീണ്ടും പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്ന് നോട്ടിസ് അയച്ചു. ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ 15 ദിവസം അനുവദിച്ചു. തന്റെ കൈയില്‍ ചില കേസുകളുടെ വിവരങ്ങളുണ്ടെങ്കിലും പലതും ലഭ്യമായിരുന്നില്ലെന്ന് ഒരു പത്രത്തോട് മേധാ പട്ക്കര്‍ പറഞ്ഞിരുന്നു. അതില്‍ തന്നെ പല കേസുകളും ഒരുപാട് ആളുകള്‍ ഉള്‍പ്പെട്ടതുമാണ്. പലതും തന്റെ ഓര്‍മയിലില്ലെന്നും അവര്‍ പറയുന്നു.

അതേസമയം പല കേസിലും എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെങ്കിലും അവയൊന്നും കോടതിയുടെ പരിഗണനയിലുള്ളവയല്ല.

പാസ്‌പോര്‍ട്ട് നിയമത്തിലെ സെഷന്‍ 10(3) അനുസരിച്ച് കേസ് വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെങ്കില്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ക്ക് പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ അവകാശമുണ്ട്.

Next Story

RELATED STORIES

Share it