Latest News

ചരിത്രത്തിന് വിലക്ക്: 1947-49 കശ്മീര്‍ രേഖകള്‍ പുറത്തുവിടേണ്ടെന്ന് വിദേശകാര്യമന്ത്രാലയം

രേഖകള്‍ പുറത്തുവിടില്ലെന്ന് ഉറപ്പായതോടെ 1947 ആഗസ്റ്റിനു ശേഷം കശ്മീരില്‍ സംഭവിച്ചതെന്തെന്ന് ആധികാരികമായി അറിയാനുള്ള സാധ്യതകള്‍ ഇല്ലാതാവുകയാണ്. നെഹ്രുവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ ശക്തികള്‍ പുറത്തുവിട്ട വിവരങ്ങള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങളാണ് രേഖകളിലുള്ളതെന്നാണ് റോയ് ബുച്ചറും ബി ആര്‍ നന്ദയും തമ്മില്‍ അക്കാലത്ത് നടത്തിയ അഭിമുഖത്തില്‍ നിന്ന് വ്യക്തമാവുന്ന കാര്യം.

ചരിത്രത്തിന് വിലക്ക്: 1947-49 കശ്മീര്‍ രേഖകള്‍ പുറത്തുവിടേണ്ടെന്ന് വിദേശകാര്യമന്ത്രാലയം
X

ന്യൂഡല്‍ഹി: പ്രത്യേക പദവി ഇല്ലാതാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ പ്രതിസന്ധി തുടരുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ജയിലിലടക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കര്‍ഫ്യൂവും വിവരവിനിമയസാദ്ധ്യതകള്‍ തടസ്സപ്പെടുത്തിയും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയും സര്‍ക്കാര്‍ ജനങ്ങളോടുള്ള പ്രതികാരം തീര്‍ക്കുകയാണ്. രാജ്യത്തെ സര്‍വ്വകലാശാലകളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സംഘടിപ്പിച്ച് സാഹചര്യങ്ങള്‍ സര്‍ക്കാരിനനുകൂലമാക്കി മാറ്റാനും ശ്രമമുണ്ട്. ഗുജറാത്തിലെ കശ്മീരിനെ സംബന്ധിച്ച ചില സ്‌കൂള്‍ ഡിബേറ്റുകളില്‍ പ്രധാനമന്ത്രി നേരിട്ട്

റോയ് ബുച്ചര്‍

പങ്കെടുക്കുകപോലുമുണ്ടായി. പക്ഷേ, ഇതിനിടയില്‍ 1947-49 കാലത്തെ കശ്മീര്‍ വിഷയത്തെ സംബന്ധിച്ച രേഖകള്‍ പുറത്തുവിടേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഗവേഷകനും പത്രപ്രവര്‍ത്തകനുമായ വെങ്കിടേഷ് നായക്കാണ് രേഖകള്‍ക്കു വേണ്ടി അവ സൂക്ഷിച്ചിട്ടുള്ള ഡല്‍ഹിയിലെ നെഹ്രു മെമ്മോറിയല്‍ മ്യൂസിയത്തെ സമീപിച്ചത്. അക്കാലത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ രണ്ടാം സൈനികമേധാവിയായിരുന്ന റോയ് ബുച്ചര്‍ ശേഖരിച്ച് ലൈബ്രറിയെ ഏല്‍പ്പിച്ച 1947-49 കാലത്തെ കശ്മീര്‍ പ്രശ്‌നം സംബന്ധിച്ച രേഖകളാണ് പൊതുജനങ്ങളുടെ ഉപയോഗത്തിന് വിട്ടുകൊടുക്കേണ്ടെന്ന് തീരുമാനിച്ച് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് രേഖകള്‍ നിഷേധിച്ചതെന്നാണ് വെങ്കിടേഷ് എഴുതിയിരിക്കുന്നത്.

രേഖകള്‍ നിഷേധിച്ചതിന് കാരണമാരാഞ്ഞ് ഒക്ടോബര്‍ 2019 ല്‍ നല്‍കിയ വിവരാവകാശത്തില്‍ ഇത്തരത്തില്‍ നിഷേധിച്ച രേഖകളുടെ വിവരങ്ങള്‍ വെങ്കിടേഷ് ആരാഞ്ഞു. ഏത് വകുപ്പ് ഏത് സര്‍ക്കാര്‍ ആണ് നിരോധന ഉത്തരവ് ഇറക്കിയതെന്നും ആര്‍ടിഐയില്‍ ചോദിച്ചിരുന്നു. അതിനു മറുപടിയായി ലൈബ്രറി നല്‍കിയ കത്തില്‍ റോയ് ബുച്ചറിനു പുറമെ ഇന്ദിരാഗാന്ധിയുമായും മഹാത്മാഗാന്ധിയുമായും ബന്ധപ്പെട്ട രേഖകളും നിഷേച്ചവയില്‍ ഉള്‍പ്പെടുന്നു. വിവരാവകാശ നിയമപ്രകാരം നിയമപരമായി നിഷേധിക്കാവുന്നവയല്ല ഈ രേഖകളെന്ന് വിവരാവകാശ വിദഗ്ധര്‍ പറയുന്നു.

എന്തായാലും രേഖകള്‍ പുറത്തുവരില്ലെന്ന് ഉറപ്പായതോടെ 1947 ആഗസ്റ്റിനു ശേഷം കശ്മീരില്‍ സംഭവിച്ചതെന്തെന്ന് ആധികാരികമായി അറിയാനുള്ള സാധ്യതകള്‍ ഇല്ലാതാവുകയാണ്. നെഹ്രുവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ ശക്തികള്‍ പുറത്തുവിട്ട വിവരങ്ങള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങളാണ് രേഖകളിലുള്ളതെന്നാണ് റോയ് ബുച്ചറും ബി ആര്‍ നന്ദയും തമ്മില്‍ അക്കാലത്ത് നടത്തിയ അഭിമുഖത്തില്‍ നിന്ന് വ്യക്തമാവുന്ന കാര്യം. അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ച രേഖകളാണ് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടുള്ളത്.

ഇന്ത്യയില്‍ രണ്ട് പ്രതിയോഗികള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഒന്ന് 1947 മുതല്‍ പ്രധാനമന്ത്രിയായിരുന്നു നെഹ്രുവും മറ്റൊന്ന് 2019 ലെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയും. പതറുന്ന ദുര്‍ബലനായ നെഹ്രുവും ഊര്‍ജ്ജസ്വലനായ നരേന്ദ്രമോദിയും- ഇതാണ് രണ്ടു പേര്‍ക്കിടയിലുള്ള പ്രധാന വ്യത്യാസമെന്നാണ് മോദി അനുയായികളുടെ ഭാവം. ഈ അവതരണത്തില്‍ കശ്മീര്‍ പ്രശ്‌നത്തിന്റെ അവതരണത്തിന് വലിയ പങ്കുണ്ട്. രണ്ട് പോയിന്റുകളാണ് സംഘ്ചരിത്രകാരന്മാര്‍ പറഞ്ഞുവരുന്നത്. ഒന്ന് നെഹ്രു യുഎന്നില്‍ പരാതിപ്പെട്ട് കശ്മീരിനെ അന്താരാഷ്ട്ര പ്രശ്‌നമാക്കി മാറ്റി. മറ്റൊന്ന് നെഹ്രു പാകിസ്താന്‍ ആക്രമണത്തെ പ്രതിരോധിച്ചില്ല. മോദി പക്ഷേ, അക്രമങ്ങളില്‍ പതറുന്നവല്ലത്രെ. ഈ വിവരങ്ങളെ സംബന്ധിച്ച രേഖകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ രഹസ്യമായി വെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.


രേഖകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അക്കാലത്ത് ബി.ആര്‍. നന്ദ, റോയ് ബുച്ചുറുമായി നടത്തിയ 20 പേജ് അഭിമുഖം ഈ വിഷയത്തിലെ പ്രധാന രേഖയാണ്. ഈ അഭിമുഖത്തില്‍ വിവരിച്ച കാര്യങ്ങളുടെ തെളിവുകളാണ് പിന്നീട് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി റോയ് ബുച്ചര്‍ തന്നെ നെഹ്രു ലൈബ്രറിയിലേക്കയച്ചത്. ബി ആര്‍ നന്ദയുമായി നടത്തിയ അഭിമുഖത്തില്‍ പൊതുവില്‍ വിശ്വസിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ വിവരങ്ങളാണ് റോയി ബുച്ചര്‍ നല്‍കുന്നത്. 1947 ല്‍ പാകിസ്താന്‍ സൈന്യം ഇന്ത്യക്കു മുകളിലുള്ള ആക്രമണം ശക്തമായ സാഹചര്യത്തില്‍ തിരിച്ചടിക്കൊരുങ്ങാന്‍ നെഹ്രു റോയ് ബുച്ചര്‍ക്ക് എഴുതുന്നുണ്ട്. തിരിച്ചടിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അതിനുള്ള അധികാരം തനിക്ക് നെഹ്രു നല്‍കിയതായും റോയ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

നെഹ്രു, റോയ്‌ക്കെഴുതിയ മറ്റൊരു കത്തില്‍ യുഎന്‍ എന്താണ് ചെയ്യുകയെന്നും തീരുമാനിക്കുകയെന്നും അറിയില്ലെന്നും വെടിനിര്‍ത്തലിന് തീരുമാനമായില്ലെങ്കില്‍ തിരിച്ചടിക്കാന്‍ തയ്യാറാവണെന്നും നിര്‍ദേശിച്ചു. അന്നത്തെ പ്രതിരോധ മന്ത്രി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം പാകിസ്താന്‍ സൈനികമേധാവിക്ക് റോയ് ബുച്ചര്‍ അയച്ച ഒരു കത്തിനെ കുറിച്ചും പറയുന്നു. ഇത്തരം വിവരങ്ങള്‍ പതറുന്ന പ്രധാനമന്ത്രിയെന്ന നെഹ്രുവിയന്‍ ഇമേജിനെ ഇല്ലാതാക്കുമെന്ന് മോദി ഭയപ്പെടുന്നു.

Next Story

RELATED STORIES

Share it