Latest News

അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' ക്യാമ്പയിന്‍: 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗനിർണയ സ്‌ക്രീനിംഗ് ആരംഭിച്ചു

അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ് ക്യാമ്പയിന്‍: 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗനിർണയ സ്‌ക്രീനിംഗ് ആരംഭിച്ചു
X

തിരുവനന്തപുരം: അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ ക്യാമ്പയിനിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ വീട്ടിൽ പോയി കണ്ട് സൗജന്യ രോഗ നിർണയവും ആവശ്യമുള്ളവർക്ക് ചികിത്സയും ലഭ്യമാക്കുന്നു. ആദ്യ ഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതി ആരംഭിച്ചിട്ട് രണ്ടാഴ്ച കൊണ്ട് 74,628 പേരെ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി. അതിൽ 18,424 പേരിൽ ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ വന്നിട്ടുള്ളവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 7,870 പേർക്ക് രക്താതിമർദ്ദവും 6,195 പേർക്ക് പ്രമേഹവും 2,318 പേർക്ക് ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 1,200 പേരെ ക്ഷയരോഗത്തിനും 1,042 പേരെ ഗർഭാശയ കാൻസറിനും 6,039 പേരെ സ്തനാർബുദത്തിനും 434 പേരെ വദനാർബുദത്തിനും സ്ഥിരീകരണത്തിനായി റഫർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം- 10,111 , മലപ്പുറം- 17,640, തൃശ്ശൂർ-11,074, വയനാട്- 11,345, എന്നീ ജില്ലകളിലാണ് ഏറ്റവും മികച്ച സ്‌ക്രീനിംഗ് കാഴ്ച വച്ചിരിക്കുന്നത്. റിസ്‌ക് ഗ്രൂപ്പിൽ പെട്ടവരെയും റഫർ ചെയ്ത രോഗികളെയും ആരോഗ്യ വകുപ്പിന് കീഴിലുള്ള പരിശോധന കേന്ദ്രങ്ങളിൽ സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

ഇ-ഹെൽത്ത് വികസിപ്പിച്ചെടുത്ത ശൈലീ ആപ്ലിക്കേഷനിലൂടെയാണ് ആരോഗ്യ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി ജീവിതശൈലീ രോഗനിർണയം നടത്തി വരുന്നത്. ഇത് തത്സമയം ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഡാഷ് ബോർഡിലൂടെ നിരീക്ഷിക്കുവാൻ സാധിക്കുന്നതാണ്. ഓരോ പ്രദേശത്തെയും ആരോഗ്യ പ്രവർത്തകരുടെ പ്രകടനം ഈ ഡാഷ് ബോർഡിലൂടെ നിരീക്ഷിക്കുവാൻ സാധിക്കുന്നതിനാൽ പദ്ധതിയുടെ മോണിറ്ററിംഗ് നടത്തുന്നതിന് ഏറെ സുഗമമാണ്.

Next Story

RELATED STORIES

Share it