ലത മങ്കേഷ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി

ഗായികയുടെ രോഗാവസ്ഥയെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരുടെ സംഘം അഭ്യര്‍ത്ഥിച്ചു.

ലത മങ്കേഷ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി

മുംബൈ: പ്രശസ്ത ഗായിക ലത മങ്കേഷ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസതടസ്സമനുഭപ്പെട്ടതിനെ തുടര്‍ന്നാണ് 90 വയസ്സുള്ള ലത മങ്കേഷ്‌കറെ മുംബൈ ബീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായും എങ്കിലും പൂര്‍ണ ആരോഗ്യനിലയിലെത്താന്‍ സമയമെടുക്കുമെന്നും പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ ന്യൂമോണിയയും നെഞ്ചില്‍ അണുബാധയുളളതായും കണ്ടെത്തിയിരുന്നു.

ന്യുമോണിയയും നെഞ്ചിലെ അണുബാധയും അനുഭവിക്കുന്ന രോഗികള്‍ക്ക് രോഗാവസ്ഥയില്‍ നിന്ന് മോചിതരാവാന്‍ സമയമെടുക്കാറുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഗായികയുടെ രോഗാവസ്ഥയെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരുടെ സംഘം അഭ്യര്‍ത്ഥിച്ചു. നിലവില്‍ ആശുപത്രിയുടെ തീവ്രപരിചരണവിഭാഗത്തിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പ്രശസ്ത ഗായികയും ലതയുടെ സഹോദരിയുമായ ആശ ബോസ്‌ലെയും മറ്റ് കുടുംബാംഗങ്ങളും തിങ്കളാഴ്ച ആശുപത്രിയിലെത്തിയിരുന്നു. ലതയുടെ ആലോഗ്യസ്ഥിതി മെച്ചപ്പെടുന്നതായും രോഗാവസ്ഥയില്‍ നിന്ന് പുറത്തുവരാന്‍ സമയമെടുക്കുമെന്നും അതിനുള്ള സമയം അവര്‍ക്ക് അനുവദിക്കണമെന്നും കുടുംബാഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

RELATED STORIES

Share it
Top