Top

ഭൂമിത്തര്‍ക്കം: യുപിയില്‍ ക്ഷേത്ര പുരോഹിതന്റെ ആക്രമണ നാടകം പോലിസ് പൊളിച്ചു: ഏഴ് പേര്‍ അറസ്റ്റില്‍

ഭൂമിത്തര്‍ക്കം: യുപിയില്‍ ക്ഷേത്ര പുരോഹിതന്റെ ആക്രമണ നാടകം പോലിസ് പൊളിച്ചു: ഏഴ് പേര്‍ അറസ്റ്റില്‍
X


ലഖ്‌നോ: എതിരാളികളെ ഒതുക്കാനായി ആക്രമണ നാടകം ആസൂത്രണം ചെയ്ത ക്ഷേത്ര പുരോഹിതന്റെയും കൂട്ടാളികളുടെയും ഗൂഢാലോചന യുപി പോലിസ് പൊളിച്ചു. ഗോണ്ട ജില്ലയിലെ ഒരു ക്ഷേത്രത്തിലെ മുഖ്യപുരോഹിതനും ഒരു സന്യാസിയും അതിനു വേണ്ടി ഒരു വാടകക്കൊലയാളിയെയും നിയമിച്ചിരുന്നു. ഒരു സന്യാസിയടക്കം ഏഴ് പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തു. മുഖ്യപുരോഹിതന്‍ നിലവില്‍ പരിക്കേറ്റ് ആശുപത്രിയിലായതിനാല്‍ ആശുപത്രി വിടുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യും.


പുരോഹിതന്‍ സാമ്രാട്ട് ദാസ് എന്നറിയപ്പെടുന്ന അതുല്‍ തൃപാഠിയ്ക്ക് കഴിഞ്ഞ ആഴ്ചയാണ് വെടിവയ്പ്പില്‍ പരിക്കേറ്റത്. നിലവില്‍ അയാള്‍ ലഖ്‌നോ കിങ് ജോര്‍ജ് ആശുപത്രിയില്‍ ചികില്‍സിലാണ്.

ക്ഷേത്രത്തിലെ മഹന്ദ് സീതാരാംദാസ്, ഗ്രാമമുഖ്യന്‍, പരിക്കേറ്റ പുരോഹിതന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ആക്രമണ നാടകം ആസൂത്രണം ചെയ്തതെന്ന് പോലിസ് പറഞ്ഞു.

പുരോഹിതനു നേരെ ആക്രമണം നടന്ന സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരുന്നു. അയോധ്യയുമായി ബന്ധപ്പെട്ട നിരവധി സന്യാസിമാര്‍ സ്ഥലത്തെത്തി പ്രക്ഷോഭം നടത്താനിരിക്കെയാണ് പോലിസ് ഇടപെട്ട് നാടകം പൊളിച്ചത്.

ശ്രീരാം ജാനകി ക്ഷേത്രത്തില്‍ വച്ച് ഒക്ടോബര്‍ 10ന് രാത്രിയാണ് സാമ്രാട്ട് ദാസിന് പരിക്കേറ്റതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിതിന്‍ ബന്‍സല്‍, എസ് പി സൈലേഷ് കുമാര്‍ പാണ്ഡെ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ക്ഷേത്ര പുരോഹിതനെ ആക്രമിച്ചുവെന്നാരോപിച്ച് മുന്‍ ഗ്രാമമുഖ്യന്‍ അമര്‍ സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരേ മഹന്ദ് ശ്രീരാംദാസ് വധശ്രമമാരോപിച്ച് പരാതി നല്‍കിയിരുന്നു. പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റിലായി. അമര്‍സിങ് ഒളിവില്‍ പോയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.

സംഭവം വിവാദമായതോടെ അന്വേഷണത്തിന് 5 പ്രത്യേക ടീമുകളെ നിയോഗിച്ചു. ഇലക്ടോണിക് തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ചശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ വെളളിയാഴ്ച പോലിസ് അറസ്റ്റ് ചെയ്തത്. ഒളിവിലുളള ഒരാളെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്.

ഏഴ് പേരില്‍ നിന്ന് റിവോള്‍വറുകളും ഏഴ് കാട്രിജുകളും ഒഴിഞ്ഞ ഒരു കാട്രിജും ഒരു മൊബൈല്‍ ഫോണും പോലിസ് പിടിച്ചെടുത്തു.

പോലിസ് പറയുന്നതനുസരിച്ച് ഗോണ്ട രാം ജാനകി ക്ഷേത്രത്തിന് 120 ബിഗാ ഭൂമിയാണ് ഉള്ളത്. അതിന്റെ പേരില്‍ മുന്‍ ഗ്രാമമുഖ്യന്‍ അമര്‍ സിങ്ങും മഹന്ദ് സീതാറാംദാസും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ട്.

അമര്‍ സിങ്ങും ഇപ്പോഴത്തെ ഗ്രാമമുഖ്യന്‍ വിനയ് സിങ്ങുമായും ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് മഹന്ദ് സീതാരാംദാസും വിനയ് സിങ്ങും ചേര്‍ന്ന് അമര്‍സിങ്ങിനെതിരേ ഗൂഢാലോചന നടത്തി ആക്രമണ നാടകം ആസൂത്രണം ചെയ്തത്.

വെടിവച്ച് ജാവഹാനിയുണ്ടാക്കാതെ ചെറിയ പരിക്കേല്‍പ്പിക്കാനായിരുന്നു പദ്ധതി. അതിനു വേണ്ടി എല്ലാവരും ക്ഷേത്രത്തില്‍ ഒത്തുകൂടി പദ്ധതി നടപ്പാക്കി.

പുരോഹിതന്റെ സമ്മതപ്രകാരം ഒരാള്‍ അയാളെ വെടിവച്ചു. ഈ സമയത്ത മഹന്ദ് സീതാരാംദാസ് ഉറങ്ങുന്നതായി അഭിനയിച്ചു. വെടിശബ്ദം കേട്ട് പുറത്തുവന്ന സുരക്ഷാജീവനക്കാരന്‍ മൂന്ന് പേര്‍ രാത്രിയുടെ മറവില്‍ ഓടിപ്പോകുന്നത് കണ്ടു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയയ്ക്കുമെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it