Top

കൊവിഡ് പ്രതിരോധം തകര്‍ന്നടിഞ്ഞ് കേരളം; ഇരട്ടിപ്പ് സമയം കുറഞ്ഞു, പോസിറ്റീവിറ്റി നിരക്കില്‍ വര്‍ധന

കൊവിഡ് പ്രതിരോധം തകര്‍ന്നടിഞ്ഞ് കേരളം; ഇരട്ടിപ്പ് സമയം കുറഞ്ഞു, പോസിറ്റീവിറ്റി നിരക്കില്‍ വര്‍ധന
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ പിന്നില്‍. സപ്തംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള കണക്കുകളാണ് കേരളം കൊവിഡ് പ്രതിരോധത്തില്‍ അപകടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയത്.

കൊവിഡ് രോഗവ്യാപനത്തിന്റെ അളവായ ഇരട്ടിപ്പ് സമയവും പോസിറ്റിവിറ്റി നിരക്കും പിന്നെ കൊവിഡ് പരിശോധനകളുടെ എണ്ണവുമാണ് താരതമ്യംചെയ്തത്. ആദ്യ രണ്ട് അളവുകളിലും കേരളത്തിന്റെ സ്ഥിതി ഏറ്റവും മോശമായപ്പോള്‍ പരിശോധനകളുടെ എണ്ണത്തില്‍ മുന്നിലല്ലെങ്കിലും സ്ഥിതി മെച്ചപ്പെടുത്തി.

സപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള ഒന്നര മാസക്കാലം ഏറ്റവും അധികം രോഗബാധ റിപോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. സപ്തംബര്‍ ഒന്നാം തിയ്യതി കേരളത്തിന്റെ ഇരട്ടിപ്പ് നിരക്ക് 24 ദിവസമായിരുന്നെങ്കില്‍ ഒക്ടോബര്‍ 15 ന് സ്ഥിതി മെച്ചപ്പെടുത്താനായില്ലെന്നു മാത്രമല്ല, അക്കാര്യത്തില്‍ രാജ്യത്ത് ഏറ്റവും പിന്നിലായി കേരളത്തിന്റെ സ്ഥാനം. ഈ കാലയളവില്‍ 23 ദിവസം കൊണ്ട് ഇരട്ടിക്കുമെന്നത് 24 ദിവസമായി മാറുക മാത്രമാണ് ചെയ്തത്.

കേരളത്തേക്കാള്‍ പിന്നിലായിരുന്ന ജാര്‍ഖണ്ഡ് സ്ഥിതിഗതികള്‍ വളരെയേറെ മെച്ചപ്പെടുത്തി. സപ്തംബര്‍ 1ന് 16 ആയിരുന്ന ഇരട്ടിപ്പ് നിരക്ക് 101 ആയാണ് വര്‍ധിച്ചത്. ഇന്ത്യയില്‍ രോഗബാധ ഏറ്റവും തീവ്രമായ മഹാരാഷ്ട്രയില്‍ പോലും കേരളത്തേക്കാള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. സപ്തംബര്‍ ഒന്നിന് ഇരട്ടിപ്പ് 35 ആയിരുന്നത് ഒന്നര മാസം കഴിഞ്ഞപ്പോള്‍ 105 ആയി മാറി. ഇരട്ടിപ്പ് സമയത്തില്‍ പഞ്ചാബാണ് ഏറ്റവും മുന്നില്‍ 133 ദിവസം.

സപ്തംബര്‍ ഒന്നിന് ഇരട്ടിപ്പ് സമയത്തിന്റെ ദേശീയ ശരാശരി 32 ആയിരുന്നെങ്കില്‍ ഒക്ടോബര്‍ 15ന് അത് 74 ആയി മാറി. നിലവില്‍ ദേശീയ ശരാശരിയേക്കാള്‍ പിന്നില്‍ ആറ് സംസ്ഥാനങ്ങളുണ്ട്. 24 ദിവസവുമായി കേരളമാണ് ഏറ്റവും പിന്നില്‍. അടുത്ത സ്ഥാനം ഛത്തിസ്ഗഢിനാണ് 37 ദിവസം. മധ്യപ്രദേശ് 50 ദിവസം, രാജസ്ഥാന്‍ 53 ദിവസം, കര്‍ണാടക 53 ദിവസം, പശ്ചിമ ബംഗാള്‍ 57 ദിവസം, ഒഡീഷ 69 ദിവസം എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. ഡല്‍ഹിയില്‍ പോലും ദേശീയ ശരാശരിയേക്കാള്‍ സ്ഥിതി മെച്ചപ്പെട്ടു.

ഇരട്ടിപ്പ് സമയം ഡല്‍ഹി 11 ദിവസം വര്‍ധിപ്പിച്ചപ്പോള്‍ കേരളം ഒരു ദിവസം മാത്രമാണ് വര്‍ധിപ്പിച്ചത്. ദേശീയ ശരാശരി പോലും 42 ദിവസമായി വര്‍ധിച്ചു.

പോസിറ്റീവിറ്റി നിരക്കിന്റെ കാര്യത്തിലും കേരളം പിന്നിലാണ്. പരിശോധിക്കുന്നതില്‍ എത്ര ശതമാനം പോസിറ്റീവ് ആകുന്നുവെന്നതിന്റെ അളവാണ് പോസിറ്റിവിറ്റി നിരക്ക്. കൂടുതല്‍ പോസിറ്റിവിറ്റി നിരക്കെന്നാല്‍ കൂടുതല്‍ വ്യാപനം നടന്നുവെന്നാണ് അര്‍ത്ഥം. പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി രണ്ടാഴ്ച 5 ശതമാനത്തില്‍ താഴെയാണെങ്കില്‍ ആ പ്രദേശം കൊവിഡ് നിയന്ത്രണത്തിലാണെന്ന് പറയാമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.

ഇക്കാര്യത്തിലും കേരളമാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും പിന്നില്‍. 15.9 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ചയിലെ കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്നു മാസമായി ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് റിപോര്‍ട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയില്‍ ഈ കാലയളവില്‍ 7.3 ശതമാനത്തിന്റെ കുറവ് അനുഭപ്പെട്ടു. അതായത് നിരക്ക് 13.8 ശതമാനമായി. രാജസ്ഥാനാണ് അടുത്ത സംസ്ഥാനം, പോസിറ്റിവിറ്റി നിരക്ക് 11.3 ശതമാനം. മധ്യപ്രദേശില്‍ ഇത് 7.7 ശതമാനവും പശ്ചിമ ബംഗാളില്‍ 8.6 ശതമാനവും റിപോര്‍ട്ട് ചെയ്തു.

പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരി 6.1 ശതമാനമാണ്. കഴിഞ്ഞ 45 ദിവസം കൊണ്ട് പോസിറ്റിവിറ്റി നിരക്ക് മെച്ചപ്പെടുത്തിയ സംസ്ഥാനങ്ങള്‍ മൂന്നെണ്ണമാണ്, ഛത്തിസ്ഗഢ്, കര്‍ണാടക, ആന്ധ്ര-9.5 ശതമാനം, 8.9 ശതമാനം, 6.4 ശതമാനം.

അതേസമയം പരിശോധനകളുടെ കാര്യത്തില്‍ മധ്യപ്രദേശാണ് ഏറ്റവും പിന്നില്‍. മധ്യപ്രദേശ് ദശലക്ഷത്തിന് 30,507 പരിശോധനകള്‍ നടത്തുമ്പോള്‍ പശ്ചിമ ബംഗാള്‍ 39,844 ഉം രാജസ്ഥാന്‍ 44,472 ഉം പരിശോധനകള്‍ നടത്തുന്നു. രാജസ്ഥാന്‍ 51,049, ഉത്തര്‍പ്രദേശ് 55,602, മഹാരാഷ്ട്ര 64,793 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍. കേരളം ദശലക്ഷത്തിന് 1,07,527 പരിശോധനകളാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ് കേരളം. ദേശീയ ശരാശരി 71,829 ആണ്. ഡല്‍ഹിയാണ് ഇക്കാര്യത്തില്‍ മുന്നില്‍ 193,155 പരിശോധനകളാണ് അവിടെ നടക്കുന്നത്. ജമ്മു കശ്മീരില്‍ 1,46,113ഉം തമിഴ്‌നാട് 1,14,602 ഉം പരിശോധനകള്‍ നടക്കുന്നു.

Next Story

RELATED STORIES

Share it