Latest News

മാവോവാദി പാര്‍ട്ടിയില്‍ അംഗമാവുന്നത് കുറ്റകൃത്യമോ?

മാവോവാദി പാര്‍ട്ടിയില്‍ അംഗമാണെന്നതുകൊണ്ടു മാത്രം ഒരാള്‍ക്കെതിരേ യുഎപിഎ പ്രകാരം കേസെടുക്കാനാവില്ല

മാവോവാദി പാര്‍ട്ടിയില്‍ അംഗമാവുന്നത് കുറ്റകൃത്യമോ?
X

ഒരാഴ്ചയായി കേരളീയ സമൂഹത്തില്‍ ഏറ്റവും ഗൗരവത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന വാക്കാണ് മാവോവാദം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അട്ടപ്പാടിയിലുണ്ടായ നാലു പേരുടെ കൊലയും കോഴിക്കോട് വച്ച് രണ്ടുപേര്‍ അറസ്റ്റിലായതും മാവോവാദമെന്ന നിയമപ്രശ്‌നത്തെ കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ത്തിവിട്ടിട്ടുണ്ട്. ഒരാളെ മാവോവാദിയെന്ന് പോലിസ് വിശേഷിപ്പിച്ചാല്‍ അയാളെ അറസ്റ്റ് ചെയ്യാമോ? ലഘുലേഖകള്‍ കൈവശം വെച്ചുവെന്ന പേരില്‍ ഒരാളെ അറസ്റ്റ് ചെയ്യാമോ? ഇങ്ങനെ നിരവധി സംശയങ്ങള്‍. ഇവയെക്കുറിച്ച് നിരവധി വിധി ന്യായങ്ങളുണ്ട്. അതില്‍ ചിലത് ഹൈക്കോടതി പുറപ്പെടുവിച്ചതാണ്. ചിലത് സുപ്രിം കോടതി ശരിവച്ചതും.

മലയാളിയായ കെ. മുരളീധരനെ മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡ് മെയ് 2015 ന് അറസ്റ്റ് ചെയ്തു. അദ്ദേഹം മാവോവാദി പാര്‍ട്ടിയില്‍ അംഗമാണെന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് മാവോവാദി പാര്‍ട്ടിയുടെ ലഘുലേഖകള്‍, സിപിഐ(മാവോവാദി), സിപിഐ(എംഎല്‍)നക്‌സല്‍ബാരി എന്നീ സംഘടനകള്‍ ലയിച്ചതിന്റെ രേഖ, തോമസ് ജോസഫ് എന്ന പേരില്‍ എടുത്ത ഒരു പാന്‍കാര്‍ഡ്, ഏതാനും സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.

അതേവര്‍ഷം ഒക്ടോബറില്‍ എടിഎസ് ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്തു. ഭീകരസംഘടനയില്‍ അംഗമാവുക, ഭീകരസംഘടനയെ പിന്തുണക്കുക എന്നീ വകുപ്പുകളാണ് (സെക്ഷന്‍ 20, സെക്ഷന്‍ 38) അദ്ദേഹത്തിനെതിരേ ചുമത്തിയത്. ക്രിത്രിമ രേഖ ചുമത്തിയതിനും വേറെ കേസെടുത്തു.

അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതിയിലെത്തിയപ്പോള്‍ മുരളിക്കെതിരേ സെക്ഷന്‍ 20 നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് നിതിന്‍ സംബര്‍ നിരീക്ഷിച്ചു. ഈ വകുപ്പ് പ്രകാരം ഒരാളെ കുറ്റവാളിയാക്കണമെങ്കില്‍ ഭീകരസംഘടനയില്‍ അംഗമായാല്‍ മാത്രം പോര ഭീകരകൃത്യത്തില്‍ പങ്കെടുക്കുകയും വേണം. അതിനാവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാനാവാത്തതിനാല്‍ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കി. നിയമം മൂലം നിരോധിച്ച ഒരു സംഘടനയില്‍ അംഗമാണെന്നതുകൊണ്ടു മാത്രം ഒരാള്‍ക്കെതിരേ യുഎപിഎ പ്രകാരം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി വിധിച്ചു. സര്‍ക്കാര്‍, സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രിം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം ആര്‍ ഷാ എന്നിവരാണ് കേസ് പരിഗണിച്ചത്.

കേരളത്തില്‍ തന്നെ ഇതുപോലെ ഒരു കേസ് നേരത്തെ ചാര്‍ജ് ചെയ്തിരുന്നു. 2014 മെയ് 20 ന് ശ്യാം ബാലകൃഷ്ണനെ വയനാട്ടില്‍ നിന്ന് വാറന്റ് ഇല്ലാതെ തണ്ടര്‍ബോള്‍ട്ട് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തു. ഒരാള്‍ മാവോവാദിയാവുന്നതും ആ ചിന്ത വെച്ചുപുലര്‍ത്തുന്നതും നിയമവ്യവസ്ഥയ്ക്ക് അനുരൂപമല്ലെങ്കിലും അതൊരു കുറ്റകൃത്യമല്ലെന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് കേരള ഹൈക്കോടതി വിധിച്ചിരുന്നു.

ലഘുലേഖകള്‍ കൈവശം വച്ച കേസുകളാണ് പൊതുവെ മാവോവാദി കേസുകളായി ചാര്‍ജ്ജ് ചെയ്യപ്പെടുക പതിവ്. നേരത്തെ പരിഗണിച്ച പല കേസുകളും അങ്ങനെയായിരുന്നു. പ്രശസ്തമായ ബിനായക് സെന്‍ കേസിലും ഇത്തരമൊരു ഘടകമുണ്ടായിരുന്നു. ഒരു ലഘുലേഖ കൈവശം വച്ചതുകൊണ്ടു മാത്രം ഒരാളെ നിരോധിത സംഘടനയില്‍ അംഗമാണെന്ന് കരുതാനാവില്ലെന്ന് മെയ് 2009 ല്‍ സെന്നിന്റെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു. അവയില്‍ ചില കേസുകള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്. മഹാത്മാഗാന്ധിയുടെ കൃതികള്‍ വായിക്കുന്ന ഒരാള്‍ ഗാന്ധിയനാവണമെന്നില്ലെന്നായിരുന്നു മറ്റൊരു കേസില്‍ കോടതിയുടെ നിരീക്ഷണം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പോലിസ് ഇപ്പോഴും അവരുടെ പണി തുടരുകയാണ്.

Next Story

RELATED STORIES

Share it