Latest News

തമിഴ്നാട്ടില്‍ അക്രമിക്കപ്പെട്ട യുവാക്കളോട് മോശം പെരുമാറ്റം; കുന്നത്തുനാട് പോലിസിനെതിരേ അന്വേഷണം

തമിഴ്നാട്ടില്‍ അക്രമിക്കപ്പെട്ട യുവാക്കളോട് മോശം പെരുമാറ്റം; കുന്നത്തുനാട് പോലിസിനെതിരേ അന്വേഷണം
X

കൊച്ചി: തമിഴ്നാട്ടിലെ മധുക്കരയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരേയുണ്ടായ ആക്രമണത്തില്‍ കുന്നത്തുനാട് പോലിസിനെതിരേയും അന്വേഷണം. രണ്ടുദിവസത്തിനകം അന്വേഷിച്ച് റിപോര്‍ട്ടു സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് ആലുവ എസ്പി നിര്‍ദേശിച്ചു. തമിഴ്നാട്ടിലുണ്ടായ സംഭവത്തേക്കുറിച്ച് അറിയിക്കാന്‍ കുന്നത്തുനാട് സ്റ്റേഷനിലെത്തിയപ്പോള്‍ പോലിസുകാര്‍ മോശമായി പെരുമാറിയെന്ന് ആക്രമണത്തിന് ഇരയായ യുവാക്കള്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്പിയുടെ നടപടി.

കൊച്ചി-സേലം ദേശീയപാതയില്‍ കോയമ്പത്തൂരിനടുത്താണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ യുവാക്കള്‍ക്കുനേരേ ആക്രമണമുണ്ടായത്. മൂന്ന് കാറുകളിലായെത്തിയ അക്രമിസംഘം യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും യുവാക്കള്‍ പുറത്തുവിട്ടിരുന്നു. മുഖംമറച്ചെത്തിയ അക്രമിസംഘം വാഹനം തടഞ്ഞുനിര്‍ത്തി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും വാഹനം അടിച്ചുതകര്‍ക്കുകയുമായിരുന്നു.

ഇതോടെ യുവാക്കള്‍ പെട്ടെന്ന് കാര്‍ മുന്നോട്ടെടുത്താണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് മീറ്ററുകള്‍ക്ക് അകലെയുണ്ടായിരുന്ന തമിഴ്നാട് പോലിസ് സംഘത്തെ വിവരമറിയിക്കുകയുംചെയ്തു. തുടര്‍ന്ന് നാട്ടിലെത്തിയ യുവാക്കള്‍ അക്രമത്തിന്റെ വീഡിയോ അടക്കം കുന്നത്തുനാട് പോലിസിന് കൈമാറി. എന്നാല്‍ സംഭവത്തെക്കുറിച്ച് വിവരമറിയിക്കാന്‍ പോയപ്പോള്‍ സ്റ്റേഷനില്‍നിന്ന് മോശം സമീപനമാണ് ഉണ്ടായതെന്നും കൃത്യമായ നടപടി സ്വീകരിച്ചില്ലെന്നും യുവാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

സംഭവത്തില്‍, പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ വിഷ്ണു, രമേഷ് ബാബു, അജയകുമാര്‍, ശിവദാസ് എന്നിവരാണ് ഇതുവരെ പോലിസിന്റെ പിടിയിലാത്. ഹവാല ഇടപാടില്‍ വാഹനം മാറി അക്രമിക്കുകയായിരുന്നുവെന്നാണ് സൂചന. കസ്റ്റഡിയിലെടുത്തവരില്‍ വിഷ്ണു മദ്രാസ് റെജിമെന്റ് 21-ാം ബെറ്റാലിയനിലെ സൈനികനാണ്. ഏപ്രില്‍ നാലിന് അവധിക്ക് നാട്ടിലെത്തിയ ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നില്ല.

കുഴല്‍പണമുണ്ടെന്ന ധാരണയില്‍ വാഹനം മാറി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. സൈനികന്‍ ഇതില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്നതില്‍ വ്യക്തതയില്ല. ഇയാളുടെ പേരില്‍ മറ്റു കേസുകളില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കേസില്‍ പത്തിലധികം പേര്‍ നേരിട്ട് പങ്കെടുത്തെന്നാണ് സൂചന. ബാക്കിയുള്ളവര്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞുട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറുകളും പോലിസ് കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it