Latest News

അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍
X

കൊല്ലം: കൊല്ലം അഞ്ചലില്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര പാമ്പ് കടിയേറ്റ സംഭവത്തില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും പോലിസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെയും സുഹൃത്ത് കല്ലുവാതുക്കല്‍ സ്വദേശി സുരേഷിനെയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. സുരേഷില്‍ നിന്ന് വാങ്ങിയ പാമ്പിനെ ഉപയോഗിച്ചാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയതെന്നാണ് പോലിസ് പറയുന്നത്.

നേരത്തെ ഭര്‍തൃവീട്ടില്‍ വച്ച് അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ഉത്ര കുടുംബവീട്ടില്‍ ചികില്‍സയിലായിരുന്നു. അവിടെ വച്ച് വീണ്ടും പാമ്പ് കടിയേറ്റു. ഇത്തവണ കരിമൂര്‍ഖനാണ് കടിച്ചത്. അടച്ച മുറിയിലേക്ക് എങ്ങനെയാണ് പാമ്പ് എത്തിയതെന്നതിനെ കുറിച്ച് നേരത്തെ തന്നെ ഉത്രയുടെ കുടുംബം സംശയം ഉന്നയിച്ചിരുന്നു. പാമ്പുമായി അടുത്തു പെരുമാറുന്ന സ്വഭാവമുള്ള സൂരജിനെ കുറിച്ചും വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. ആശുപത്രിയില്‍ വച്ച് ഉത്ര മരിച്ചതിനു ശേഷം മുറി പരിശോധിച്ചപ്പോഴാണ് കരിമൂര്‍ഖനെ മുറിയില്‍ നിന്ന് കണ്ടെത്തിയത്. അതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തില്‍ സൂരജിനു പങ്കുള്ളതായി കണ്ടെത്തിയത്.

പതിനായിരം രൂപ വാങ്ങി സുരേഷാണ് പാമ്പിനെ കൈമാറിയതെന്ന് പോലിസ് കരുതുന്നു. കൊലപാതകത്തെ കുറിച്ച് സുരേഷിന് അറിവുണ്ടായിരുന്നതായും പോലിസ് ആരോപിക്കുന്നു.

Next Story

RELATED STORIES

Share it