Latest News

മഴ കനത്തു: പനമരം, മാനന്തവാടി പുഴകളുടെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും

മഴ കനത്തു: പനമരം, മാനന്തവാടി പുഴകളുടെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും
X

കല്‍പ്പറ്റ: കാലവര്‍ഷം രൂക്ഷമായതിനാല്‍ കരകവിഞ്ഞൊഴുകുന്ന പനമരം പുഴ, മാനന്തവാടി പുഴ എന്നിവയുടെ തീരത്തുള്ളവരെ അടിയന്തരമായി മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ സമിതി യോഗത്തില്‍ തീരുമാനം. പുഴകളില്‍ വെള്ളം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ജില്ലയിലെ എല്ലാ പുഴകളും ഇപ്പോള്‍ കരകവിഞ്ഞാണ് ഒഴുകുന്നതെന്നതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു കലക്ടര്‍ അഭ്യര്‍ഥിച്ചു.

മുത്തങ്ങ പുഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ മുത്തങ്ങ വഴിയുള്ള യാത്രകള്‍ ആഗസ്റ്റ് 9 വരെ പരമാവധി ഒഴിവാക്കണം. അത്യാവശ്യ യാത്രക്കാര്‍ അപകട സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി വേണം യാത്ര തുടങ്ങാന്‍. ബദല്‍ വഴികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പേരിയ ഭാഗത്ത് മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇവിടം താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാരാപ്പുഴ, ബാണാസുര ഡാമുകളില്‍ അകടകരമായ സ്ഥിതിവിശേമില്ലെന്ന് യോഗം വിലയിരുത്തി. കാരാപ്പുഴയില്‍ മൂന്ന് ഷട്ടറുകള്‍ 15 സെന്റര്‍ മീ്റ്റര്‍ വീതം ഉയര്‍ത്തി അളവ് നിയന്ത്രിക്കുന്നുണ്ട്. കബനി ബീച്ചനഹള്ളി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.

വൈദ്യുതി വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബിയുടെ മുഴുവന്‍ ടീമും മുഴുസമയം പ്രവര്‍ത്തന സജ്ജമാണ്. ആശുപത്രികള്‍ ഉള്‍പ്പെടെ ജനറേറ്ററുകള്‍ സജ്ജമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. മൊബൈല്‍ ടവര്‍ ഓപ്പറേറ്റര്‍മാര്‍ 24 മണിക്കൂറും പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള ജനറേറ്ററുകള്‍ സജ്ജമാക്കണമെന്നു നിര്‍ദേശം നല്‍കി. ഇന്ധന ലഭ്യത ജില്ലാ ഭരണകൂടം ഉറപ്പു വരുത്തും. പെട്രോള്‍ ബങ്കുകള്‍ ആവശ്യത്തിന് സ്‌റ്റോക്ക് കരുതണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലേക്ക് കൂടുതല്‍ ജനറേറ്ററുകള്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കും.

ബോട്ടുകള്‍ കൈവശമുള്ളവര്‍ അവ തയ്യാറാക്കി വെക്കണം. എല്ലാ ആശുപത്രികളും അത്യാഹിതങങ്ങള്‍ നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തണം. നിലവില്‍ കോവിഡ് ചുമതലയിലുള്ളതാണെങ്കിലും ബേസിക് ലൈഫ് സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആംബുലന്‍സുകളുടെ ലഭ്യത ഉറപ്പാക്കും. കഴിഞ്ഞ രണ്ടുദിവസത്തിനകം കാലവര്‍ഷക്കെടുതികളുമായി ബന്ധപ്പെട്ട് 75 ഫോണുകള്‍ അഗ്‌നി രക്ഷാ സേനക്ക് ലഭിച്ചതായി ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, സബ് കലക്ടര്‍ വികല്പ് ഭരദ്വാജ്, അസി. കലക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം. മുഹമ്മദ് യൂസുഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it