Latest News

കൈകഴുകാന്‍ പഠിപ്പിച്ചതിന് വൈദ്യലോകം 'മരണം വിധിച്ച' ഇഗ്നാസ് സെമ്മെല്‍വിസിന്റെ ഓര്‍മ്മയില്‍ ഗൂഗിള്‍ ഡൂഡില്‍

കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിലും ഇഗ്നാസിന്റെ ലളിതമായ കണ്ടെത്തലുകള്‍ നമ്മെ സഹായിക്കുന്നു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ കൈകഴുകുന്നതിലെ മാര്‍ഗനിര്‍ദേശം ലോകത്തെ പഠിപ്പിക്കാന്‍ ഗൂഗിള്‍, ഇഗ്നാസ് സെമ്മെല്‍വിസിന്റെ ഓര്‍മയില്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കൈകഴുകാന്‍ പഠിപ്പിച്ചതിന് വൈദ്യലോകം മരണം വിധിച്ച ഇഗ്നാസ് സെമ്മെല്‍വിസിന്റെ ഓര്‍മ്മയില്‍ ഗൂഗിള്‍ ഡൂഡില്‍
X

ഇഗ്നാസ് സെമ്മെല്‍വിസ് എന്ന ഹംഗേറിയന്‍ ഡോക്ടറെ ആദരിച്ചുകൊണ്ട് ലോകത്തെ കൈകഴുകാന്‍ പഠിപ്പിക്കുന്ന വീഡിയോയാണ് ഇന്ന് ഗൂഗിളിന്റെ ഡൂഡിലില്‍. രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ അണുനാശിനികളുടെ പങ്ക് കണ്ടെത്തിയ ഭിഷഗ്വരനാണ് അദ്ദേഹം. ഇന്ന് കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിലും ഇഗ്നാസിന്റെ ലളിതമായ കണ്ടെത്തലുകള്‍ നമ്മെ സഹായിക്കുന്നു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ കൈകഴുകുന്നതിലെ മാര്‍ഗനിര്‍ദേശം ലോകത്തെ പഠിപ്പിക്കാന്‍ ഗൂഗിള്‍ ഇഗ്നാസ് സെമ്മെല്‍വിസിന്റെ ഓര്‍മയില്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

1818 ജൂലൈ 1-1865 ആഗസ്റ്റ് 13വരെ ജീവിച്ചിരുന്ന ഡോക്ടര്‍ ഇഗ്നാസ് വിയന്നയിലെ ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് നിര്‍ണായകമായ ഈ കണ്ടെത്തല്‍ നടത്തുന്നത്.

അക്കാലത്ത് പ്രസവിക്കുന്ന സ്ത്രീകള്‍ക്കിടയിലെ മരണനിരക്ക് വളരെ കൂടുതലായിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ച ഇഗ്നാസ് പ്രസവമെടുക്കുന്ന വയറ്റാട്ടിമാര്‍ക്ക് ഈ മരണവുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കി. വയറ്റാട്ടിമാരും അതേ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നല്ലവണ്ണം കൈകഴുകേണ്ടതാണെന്ന് ഇഗ്നാസ് നിര്‍ദേശിച്ചു. ആ പരീക്ഷണം പ്രസവിക്കുന്നവരുടെ മരണനിരക്ക് പകുതിയില്‍ കൂടുതല്‍ കുറയാന്‍ സഹായിച്ചു.

1947 ല്‍ വിയന്നയില്‍ ജനറല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സമയത്താണ് ഈ പരീക്ഷണം അദ്ദേഹം നടത്തുന്നത്. പ്രസവമെടുക്കുന്നവര്‍ ക്ലോറിന്‍ ലൈം സൊലൂഷന്‍ ഉപയോഗിച്ച് കഴുകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പിന്നീട് ഇതേ കുറിച്ച് ഒരു പുസ്തകവും എഴുതുകയുണ്ടായി. ഇത്തിയോളജി, കണ്‍സെപ്റ്റ് ആന്റ് പ്രോപിലാക്‌സിസ് ഓഫ് ചൈല്‍ഡ്‌ബെഡ് ഫീവര്‍.

കൈകഴുകല്‍ കൊണ്ട് മാത്രം മരണനിരക്ക് 1 ശതമാനത്തിനു താഴെയെത്തിക്കാന്‍ കഴിഞ്ഞുവെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും അക്കാലത്ത്് പലരും അത് അംഗീകരിച്ചിരുന്നില്ല. പൊതുവിശ്വാസങ്ങള്‍ക്ക് എതിരുമായിരുന്നു. എന്തുകൊണ്ടാണ് മരണനിരക്ക് കുറയുന്നതെന്നതിന് വിശദീകരണം നല്‍കാന്‍ ഇഗ്നാസിനും കഴിഞ്ഞില്ല. അദ്ദേഹം ക്രൂരമായി പരിഹസിക്കപ്പെട്ടു. ഒടുവില്‍ അത് അദ്ദേഹത്തെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെയെത്തി 14 ദിവസത്തിനകം 47ാം വയസ്സില്‍ മരണത്തിനു കീഴടങ്ങി. ഭ്രാന്താശുപത്രിയിലെ സുരക്ഷാജോലിക്കാരുടെ മര്‍ദ്ദനത്തിനിരയായി ഉണ്ടായ മുറിവു പഴുത്ത് അണുബാധയുണ്ടായതിലൂടെയായിരുന്നു മരണം.

മരണം നടന്ന് ഏറെ കാലത്തിനു ശേഷമാണ് കൈകഴുകലിന്റെ പ്രാധാന്യം ലോകം അംഗീകരിക്കുന്നത്. അതും ലൂയി പാസ്ചറുടെ പ്രശസ്തമായ അണുസിദ്ധാന്തം കണ്ടെത്തിയതിനു ശേഷം.

ഇഗ്നാസ് സെമ്മെല്‍വിസിന് അഭിവാദ്യങ്ങള്‍.




Next Story

RELATED STORIES

Share it