Latest News

ഡല്‍ഹി വായുമലിനീകരണം: പാര്‍ലമെന്ററി പാനല്‍ യോഗത്തിനെത്താതിരുന്ന ഗൗതം ഗംഭീര്‍ സ്ഥാനമൊഴിയണമെന്ന് എഎപി

ഡല്‍ഹിയില്‍ നിന്ന് 2 പാര്‍ലമെന്റ് അംഗങ്ങളെയാണ് ക്ഷണിച്ചിരുന്നത്. ഒന്ന് എഎപിയുടെ രാജ്യസഭ അംഗം സഞ്ജയ് സിങ്. മറ്റൊന്ന് ബിജെപിയുടെ ലോക്‌സഭാ പ്രതിനിധി ഗൗതം ഗംഭീര്‍. സഞ്ജയ് യോഗത്തിനെത്തിയിരുന്നു.

ഡല്‍ഹി വായുമലിനീകരണം: പാര്‍ലമെന്ററി പാനല്‍ യോഗത്തിനെത്താതിരുന്ന ഗൗതം ഗംഭീര്‍ സ്ഥാനമൊഴിയണമെന്ന് എഎപി
X

ന്യൂഡല്‍ഹി: ഡല്‍ഹി ജനതയുടെ ജീവന്മരണപ്രശ്‌നമായ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാനല്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്ന ഗൗതം ഗംഭറിനെതിരേ ആം ആദ്മി പാര്‍ട്ടി രംഗത്ത്. യോഗത്തിനെത്താതിരുന്ന ഗൗതം ഗംഭീര്‍ സ്ഥാനമൊഴിയണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

ഈസ്റ്റ് ഡെല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗമാണ് ഗൗതം ഗംഭീര്‍. ബിജെപിയുടെ ജനപ്രതിനിധികള്‍ യോഗത്തിനെത്താതിരുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങളോടുള്ള ആ പാര്‍ട്ടിയുടെ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് എഎപി വക്താവ് രാഘവ് ചദ്ദ പറഞ്ഞു.

ഇന്നലെ രാവിലെ പതിനൊന്ന് മണിക്കായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. പങ്കെടുക്കേണ്ടിയിരുന്ന 28 ലോക്‌സഭാ, രാജ്യസഭാ പ്രതിനിധികളില്‍ 24 പേരും പങ്കെടുത്തിരുന്നില്ല. 21 ലോക്‌സഭ മെമ്പര്‍മാരെയും 8 രാജ്യസഭാ മെമ്പര്‍മാരെയുമാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. ജനപ്രതിനിധികള്‍ക്കു പുറമെ ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തിനെത്തിയില്ല. പ്രതിനിധികള്‍ എത്താതിരുന്ന സാഹചര്യത്തില്‍ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

മീറ്റിങ്ങിന്റെ വിശദാംശങ്ങള്‍ ഒരാഴ്ച മുമ്പ് തന്നെ ലോക്‌സഭ സെക്രട്ടേറിയറ്റ് വഴി അംഗങ്ങളെ അറിയിച്ചിരുന്നുവെന്ന് രാഘവ് ചദ്ദ പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് 2 പാര്‍ലമെന്റ് അംഗങ്ങളെയാണ് ക്ഷണിച്ചിരുന്നത്. ഒന്ന് എഎപിയുടെ രാജ്യസഭ അംഗം സഞ്ജയ് സിങ്. മറ്റൊന്ന് ബിജെപിയുടെ ലോക്‌സഭാ പ്രതിനിധി ഗൗതം ഗംഭീര്‍. സഞ്ജയ് യോഗത്തിനെത്തിയിരുന്നു.

''ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭ പ്രതിനിധി ഗൗതം ഗംഭീര്‍ പങ്കെടുത്തില്ല. മാത്രമല്ല, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മൂന്ന് കമ്മീഷ്ണര്‍മാര്‍, ഡല്‍ഹി ഡവലപ്‌മെന്റ് കോര്‍പറേഷനിലെ വൈസ് ചെയര്‍മാന്‍, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ സെക്രട്ടറി/ജോ. സെക്രട്ടറിമാര്‍ തുടങ്ങിയവരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഗംഭീര്‍ യോഗത്തിനെത്തിയില്ലെന്ന് മാത്രമല്ല, ഇന്റോറില്‍ ജിലേബി തിന്നുന്ന ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും എല്ലാവരും കണ്ടു. ഡല്‍ഹിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന മലിനീകരണപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള യോഗത്തിനെത്താതെ സുഹൃത്തുക്കളുമായി ചുറ്റി നടക്കാനാണ് ഗംഭീര്‍ ശ്രമിച്ചത്''- രാഘവ് ചദ്ദ ആരോപിച്ചു.

പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനങ്ങള്‍ തന്നെ വിലയിരുത്തുന്നതെന്നും അല്ലാതെ പ്രചാരണങ്ങളിലൂടെയല്ലെന്നും എഎപിയുടെ വിമര്‍ശനങ്ങളോട് ഗൗതംഗംഭീര്‍ പ്രതികരിച്ചു.

യോഗവിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന് പരിസ്ഥിതി, വനം കാലാവസ്ഥ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഷെഡ്യൂള്‍ ചെയ്തിരുന്ന മൂന്ന് യോഗങ്ങള്‍ പ്രകാശ് ജാവേദ്കര്‍ മാറ്റിവച്ചുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

പങ്കെടുക്കേണ്ടിയിരുന്ന സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍ യോഗത്തിനെത്താത്തതില്‍ ചെയര്‍മാന്‍ ജഗദാംബിക പാല്‍ രോഷം പ്രകടിപ്പിച്ചു. എംപിമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സ്പീക്കറെ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it