എന്തുകൊണ്ടാണ് ജനങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരാവുന്നത്?

സർക്കാർ ജോലിക്കാരുടെ ന്യായമായ ആവശ്യങ്ങളെ പോലും പൊതുജനം സപോർട്ട് ചെയ്യാറില്ല. അതിന് കുറച്ചു കാരണങ്ങളുമുണ്ട്..അതിൽ ഒന്ന് സർക്കാർ ജീവനക്കാരിലെ നല്ലൊരു വിഭാഗം ജീവനക്കാർ നികുതി കൊടുക്കുന്ന ജനങ്ങളോട് കാണിക്കുന്ന ധാർഷ്ഠ്യവും മര്യാദയില്ലാത്ത പെരുമാറ്റവുമാണ്

എന്തുകൊണ്ടാണ് ജനങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരാവുന്നത്?

അന്‍സാര്‍ തേവലക്കര

ഇടക്കിടെ വരാറുള്ള പോലെ ''സർക്കാർ ജീവനക്കാർക്ക് റവന്യൂ വരുമാനം മുഴുവൻ വാരിക്കോരി കൊടുക്കുന്നേ '' എന്ന വിലാപ കാവ്യങ്ങൾ വന്നു തുടങ്ങി. അതു കണ്ട് കാറ്ററിഞ്ഞ് തൂറ്റാൻ പൂഞ്ഞാറിലെ മുൻ 'ചീപ് ' വിപ്പും രംഗത്ത് വന്നു...

സോഷ്യൽ മീഡിയയിൽ വരുന്ന അത്തരം പോസ്റ്റുകളുടെ താഴെയുള്ള കമൻറുകൾ വായിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. സർക്കാർ ജോലിക്കാരുടെ ന്യായമായ ആവശ്യങ്ങളെ പോലും പൊതുജനം സപോർട്ട് ചെയ്യാറില്ല.

അതിന് കുറച്ചു കാരണങ്ങളുമുണ്ട്..

അതിൽ ഒന്ന് സർക്കാർ ജീവനക്കാരിലെ നല്ലൊരു വിഭാഗം ജീവനക്കാർ നികുതി കൊടുക്കുന്ന ജനങ്ങളോട് കാണിക്കുന്ന ധാർഷ്ഠ്യവും മര്യാദയില്ലാത്ത പെരുമാറ്റവുമാണ് എന്ന് തോന്നിയിട്ടുണ്ട്. അപ്പോൾ സ്വാഭാവികമായും ജനങ്ങൾ സിവിൽ സർവീസിന് എതിരാവും..

അതിന് പരിഹാരം ഒന്നേയുള്ളൂ.. ജീവനക്കാർ സ്വയം നന്നാവുക.

ശമ്പളം തരുന്ന തൊഴിലുടമയെ ,അഥവാ ഓഫീസിൽ വരുന്നവരെ മാന്യമായി സംബോധന ചെയ്ത് അവരുടെ ആവശ്യങ്ങൾ. കണ്ടറിഞ്ഞ് അവർക്ക് വേണ്ട കാര്യങ്ങൾ താമസംവിനാ ചെയ്ത് കൊടുത്ത് ധാർഷ്ഠ്യം വെടിഞ്ഞ് അവരിൽ ഒരാളായി പ്രവർത്തിക്കുക. ശമ്പളം വാങ്ങുക കിമ്പളമെന്ന മോഹം വെടിയുക. താൻ ചെയ്യുന്നത് സേവനമല്ല, വാങ്ങുന്ന ശമ്പളത്തിന് പകരം ചെയ്യുന്ന ജോലിയാണെന്ന് കരുതുക. താനില്ലെങ്കിലും ഇതൊക്കെ നടക്കും, ജോലി ആവശ്യമുള്ള അനേകായിരങ്ങൾ പുറത്തുണ്ടെന്ന യാഥാർത്ഥ്യ ബോധം ഇടക്കിടെ ഉണ്ടാക്കിയെടുക്കുക. വരുന്നവരെയാണ് യഥാർത്ഥത്തിൽ സർ എന്ന് വിളിക്കേണ്ടത് എന്ന തിരിച്ചറിവ് നേടാൻ ശ്രമിക്കുന്നതും നന്നായിരിക്കും..

ഇതൊക്കെ ചെയ്താൽ തന്നെ ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റാനും ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള മാനസിക അകൽച്ച കുറക്കാനും സാധിക്കും എന്നാണ് കരുതുന്നത്!


RELATED STORIES

Share it
Top