Latest News

തെറ്റായ ശുഭാപ്തിവിശ്വാസം ഇന്ത്യക്ക് വിനയാകും: കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നല്‍കി ലാന്‍സെറ്റ്

തെറ്റായ ശുഭാപ്തിവിശ്വാസം ഇന്ത്യക്ക് വിനയാകും: കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നല്‍കി ലാന്‍സെറ്റ്
X

ലണ്ടന്‍: തെറ്റായ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നതിലൂടെ രാജ്യത്തെ കൊവിഡ് പ്രതിരോധം താളം തെറ്റാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ലോകപ്രശസ്ത ശാസ്ത്ര ജേര്‍ണല്‍ ലാന്‍സെറ്റ്. കൊവിഡ് പ്രതിരോധം വിവിധ മേഖലകളില്‍ വിജയിച്ചുവെന്ന് വിലയിരുത്തിയ ലാന്‍സെറ്റ് വിജയിച്ചതും പരാജയപ്പെട്ടതുമായ മേഖലകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇന്ത്യയെപ്പോലുള്ള വൈവിധ്യമാര്‍ന്നതും വിശാലവുമായ ഒരു രാജ്യത്ത് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നും ലാന്‍സെറ്റ് റിപോര്‍ട്ട് ചെയ്യുന്നു.

വാക്‌സിന്‍ നിര്‍മാണം, വാക്‌സിന്‍ പരിശോധന, തുടങ്ങിയ മേഖലകളില്‍ രാജ്യം വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. ഉല്പാദന ശേഷിയിലും ഇന്ത്യ മുന്നിലാണ്. അതേസമയം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതും സാമൂഹിക അകലം പാലിക്കുന്നതിലെ വീഴ്ചയും രാജ്യത്തിന് വിനയാവും- ജേര്‍ണല്‍ റിപോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും പിസിആര്‍ കിറ്റുകള്‍ ഉപയോഗിച്ച് സ്വാബ് പരിശോധന ശക്തമാക്കിയതും പരിശോധനയില്‍ പൂളിങ് സംവിധാനം കൊണ്ടുവന്നതും വാക്‌സിന്‍ ഗവേഷണം തീവ്രമാക്കിയതും വെന്റിലേറ്ററുകള്‍ പോലുള്ള ഉപകരണങ്ങള്‍ സജ്ജമാക്കിയതും ഇന്ത്യയ്ക്ക് ഗുണകരമായി.

അതേസമയം ജനങ്ങള്‍ക്കിടയില്‍ വ്യാജമായ ശുഭാപ്തിവിശ്വാസം തെറ്റായ നിഗമനങ്ങളിലേക്ക് ജനങ്ങളെ എത്തിച്ചെന്നും ജേര്‍ണല്‍ കുറ്റപ്പെടുത്തി. അവര്‍ മാസ്‌കുകള്‍ ഉപേക്ഷിക്കാന്‍ തുടങ്ങി. സാമൂഹിക അകല നിര്‍ദേശങ്ങള്‍ അവഗണിക്കാനും അത് കാരണമായി. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗം തെളിവുകളൊന്നുമില്ലാതെ തുടങ്ങിയതാണ് മറ്റൊന്ന്. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളേക്കാളുപരി കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും സാമ്പത്തിക അവസ്ഥയും രാജ്യത്തിന് വിനയാവുകയും ചെയ്തു.

Next Story

RELATED STORIES

Share it