ഇന്ത്യയില്‍ ഭീകര വിരുദ്ധ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെ വെളിപ്പെടുത്തല്‍

ഇത്തരം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം ഒരു ഉന്നത സൈനിക മേധാവി തന്നെ വെളിപ്പെടുത്തുന്നത് ഇതാദ്യമാണ്.

ഇന്ത്യയില്‍ ഭീകര വിരുദ്ധ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: 'ഭീകരത'യെ നേരിടാന്‍ ഇന്ത്യയില്‍ ഭീകരവിരുദ്ധ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെ വെളിപ്പെടുത്തല്‍. കശ്മീരി യുവാക്കളെ കസ്റ്റഡിയിലെടുത്ത് ഇത്തരം ക്യാമ്പുകളില്‍ പീഡനത്തിനു വിധേയമാക്കിയ വാര്‍ത്തകള്‍ വര്‍ഷങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, ഇത്തരം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം ഒരു ഉന്നത സൈനിക മേധാവി തന്നെ വെളിപ്പെടുത്തുന്നത് ഇതാദ്യമാണ്. കശ്മീരില്‍ സായുധ ആശയങ്ങളില്‍ ആകൃഷ്ടരായ യുവാക്കളെ തിരിച്ചുപിടിക്കുന്നതിനാണ് ഇത്തരം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. അതുവഴി ഇവരെ ഒറ്റപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ റെയ്‌സിന ഡയലോഗ് 2020ല്‍ ഒരു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ രണ്ട് തരം യുവാക്കളുണ്ടെന്ന് ബിപിന്‍ റാവത്ത് പറയുന്നു. അതില്‍ ഒരു കൂട്ടര്‍ തീവ്രവാദ ആശയങ്ങളിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നവരാണ്. മറ്റൊരു കൂട്ടര്‍ പൂര്‍ണമായും തീവ്രവാദികളായി മാറിയവരും. ഇതില്‍ ആദ്യത്തെ കൂട്ടരെ ഒറ്റപ്പെടുത്തി ഇത്തരം ക്യാമ്പുകളിലെത്തിക്കണം. അതിനുള്ള നിരവധി ക്യാമ്പുകള്‍ രാജ്യത്തുണ്ട്. ഇത്തരം ക്യാമ്പുകള്‍ പാകിസ്താനിലുമുണ്ട്. ഇപ്പോളവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിക്കഴിഞ്ഞു. കാരണം അവര്‍ പരിശീലിപ്പിച്ച ചിലര്‍ അവര്‍ക്കെതിരേ തിരിഞ്ഞിരിക്കയാണ്-ജനറല്‍ റാവത്ത് പറഞ്ഞു.

ശരിയായ ആളെ കണ്ടെത്താനായാല്‍ തീവ്രവാദത്തെ പരാജയപ്പെടുത്താം. ഓണ്‍ലൈന്‍ വഴിയുള്ള തീവ്രവാദപ്രവര്‍ത്തനത്തെയും പരാജയപ്പെടുത്താന്‍ ഈ രീതി ഉപയോഗിക്കാം. തീവ്രവാദ ആശയങ്ങളെയാണ് നാം പരാജയപ്പെടുത്തേണ്ടത്- അദ്ദേഹം പറഞ്ഞു. 2006 ല്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിനുശേഷം നിരവധി യുവാക്കള്‍ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരായി. അക്കാലത്താണ് കല്ലേറ് വര്‍ധിച്ചതെന്നും അദ്ദേഹം നിരീക്ഷിച്ചു. പുല്‍വാമ, കുല്‍ഗം, ഷോപിയാന്‍, അനന്ത്‌നാഗ് പ്രദേശങ്ങള്‍ തീവ്രവാദ റിക്രൂട്ടിങ് കേന്ദ്രമാകുന്നതും അക്കാലത്താണ്.

എന്നാല്‍ ഇത്തരം ക്യാമ്പുകളില്‍ എങ്ങനെയാണ് യുവാക്കളെ തീവ്രവാദ ആശയങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതെന്ന കാര്യം ജനറല്‍ റാവത്ത് വ്യക്തമാക്കിയില്ല.

സൈന്യം ഗൂഢമായി നടത്തുന്ന ഇത്തരം ക്യാമ്പുകളില്‍ കശ്മീരിലെ നിരവധി യുവാക്കള്‍ അടയ്ക്കപ്പെട്ട കാര്യം പക്ഷേ, ഒരു രഹസ്യമല്ല.

RELATED STORIES

Share it
Top