Latest News

ബ്രാഹ്മണ മേധാവിത്തത്തെ സാമൂഹിക മാധ്യമത്തിലൂടെ വിമര്‍ശിച്ചു: ഗുജറാത്തില്‍ അഭിഭാഷകനായ ദലിത് നേതാവിനെ കുത്തിക്കൊന്നു

ബ്രാഹ്മണ മേധാവിത്തത്തെ സാമൂഹിക മാധ്യമത്തിലൂടെ വിമര്‍ശിച്ചു: ഗുജറാത്തില്‍ അഭിഭാഷകനായ ദലിത് നേതാവിനെ    കുത്തിക്കൊന്നു
X

മുംബൈ: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ബ്രാഹ്മണ മേധാവിത്തത്തെ സാമൂഹികമാധ്യമങ്ങളിലൂടെ വിമര്‍ശിച്ച ദലിത് അഭിഭാഷകനെ കുത്തിക്കൊന്നു. മുംബൈക്കാരനും ബ്രാഹ്മണനുമായ റാവല്‍നെയും അയാളുടെ അഞ്ച് കൂട്ടാളികളെയും സംഭവത്തോടനുബന്ധിച്ച് പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

ഗുജറാത്തിലെ കച്ചില്‍ അഭിഭാഷകനായ ദേവ്ജി മഹേശ്വരിയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഓള്‍ ഇന്ത്യ ലീഗല്‍ പ്രഫഷനല്‍ അസോസിയേഷന്‍ സീനിയമര്‍ അംഗവും ഓള്‍ ഇന്ത്യ ബാക്ക്വേര്‍ഡ് ആന്റ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവുമാണ് ദേവ്ജി മഹേശ്വരി.

ബ്രാഹ്മണ സാമൂഹിക ഘടനയെ വിമര്‍ശിച്ച് സോഷ്യല്‍ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന് നേരത്തെയും അക്രമികളിലൊരാളായ റാവല്‍, അഭിഭാഷകനെ ഭീഷണിപ്പെടുത്തിയിരുന്നു. ദേവ്ജിയും കൊലപാതകിയായ റാവലും ഒരേ പ്രദേശത്തുള്ളവരാണ്. ദേവ്ജിയുടെ പോസ്റ്റുകളില്‍ പ്രകോപിതനായ ഇയാള്‍ ഇനിയും ഇത്തരം പോസ്റ്റുകള്‍ ഇടുന്നതിനെതിരേ മുന്നറിയിപ്പു നല്‍കിയിരുന്നു.

പിന്നാക്കക്കാരും ദലിതരും പോലുളള സമുദായങ്ങള്‍ ഹിന്ദുക്കളല്ലെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയാണ് വെള്ളിയാഴ്ച ദേവ്ജി പോസ്റ്റ് ചെയ്തത്.

മൂംബൈയിലെ ഒരു സാനിറ്ററി കടയില്‍ ജോലി ചെയ്യുന്ന പ്രതി അവിടെ നിന്ന് ബുധനാഴ്ചയാണ് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഗുജറാത്തിലെത്തിയത്. വെള്ളിയാഴ്ച റാവല്‍, ദേവ്ജിയെ അദ്ദേഹത്തിന്റെ ഓഫിസിലേക്ക് പിന്തുടരുന്ന വീഡിയോ ലഭിച്ചിട്ടുണ്ട്. കുറച്ചുകഴിയുമ്പോള്‍ അയാള്‍ തിരികെ ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം 1989 ലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.

അഭിഭാഷകന്റെ കൊലപാതകത്തിനെതിരേ പ്രദേശത്ത് വലിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കൊലപാതകികളായ ഒമ്പതു പേരുടെ വിവരങ്ങള്‍ അഭിഭാഷകന്റെ ഭാര്യ പോലിസിനു കൈമാറി. അവരെ അറസ്റ്റ് ചെയ്യാതെ തന്റെ ഭര്‍ത്താവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ഭാര്യ മാധ്യമങ്ങളെ അറിയിച്ചു.

കൊലപാതകത്തില്‍ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി പ്രതിഷേധിച്ചു. ഇവരാണ് എന്റെ ഹീറോ എന്ന കമന്റോടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന അഭിഭാഷകന്റെ ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.

അതേസമയം കൊലപാതകത്തിനു പിന്നില്‍ ഭൂമിത്തര്‍ക്കമാണെന്ന വാദവും ചില വിഭാഗങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it