Latest News

കൊവിഡ് ഭീതി: വടകര സഹകരണ ആശുപത്രിയില്‍ ഡിസ്‌ക് വേദനയുമായി ചെന്ന യുവതിക്ക് ചികില്‍സ നിഷേധിച്ചതായി പരാതി

കൊവിഡ് ഭീതി: വടകര സഹകരണ ആശുപത്രിയില്‍ ഡിസ്‌ക് വേദനയുമായി ചെന്ന യുവതിക്ക് ചികില്‍സ നിഷേധിച്ചതായി പരാതി
X

വടകര: കൊവിഡ് ഭീതിയില്‍ യുവതിയ്ക്ക് വടകര സഹകരണ ആശുപത്രി ചികില്‍സ നിഷേധിച്ചതായി പരാതി. ഡിസ്‌ക് വേദനയുമായി ആശുപത്രിയിലെത്തിയ മസ്‌റൂറ സമീറി(29)നാണ് വടകര സഹകരണ ആശുപത്രി ജീവനക്കാര്‍ കൊവിഡ് ഭീതിയുടെ പേരില്‍ ചികില്‍സ നിഷേധിച്ചത്.

മസ്‌റൂറയുടെ ഭര്‍ത്താവ് സമീര്‍ കളരിക്കണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് വിവരം പുറത്തുവന്നത്. മസ്‌റൂറ താമസിക്കുന്ന പ്രദേശമായ താഴെ അങ്ങാടിക്കാരെ അപഹസിച്ചുവെന്നും പരാതിയുണ്ട്. മസ്‌റൂറയുടെ കുടുംബം താമസിക്കുന്ന താഴെ അങ്ങാടിയില്‍ കൊവിഡ് പോസിറ്റീവ് രോഗികളുണ്ട് എന്നായിരന്നു ആരോപണം.

താഴെ അങ്ങാടിക്കാരനായ കണ്ണൂരില്‍ സ്ഥിരതാമസമാക്കിയ ഒരാള്‍ക്ക് കണ്ണൂരില്‍ വച്ച് കൊവിഡ് ബാധിച്ചിരുന്നു. അയാള്‍ കുറച്ച് കാലം മുമ്പ് താഴെ അങ്ങാടിയിലെ വീട്ടില്‍ വന്നിരുന്നെന്നാരോപിച്ചാണ് അവിടെ കൊവിഡ് ബാധയുണ്ടെന്ന് ചിലര്‍ പ്രചരിപ്പിച്ചത്.

മെയ് 24 ന് വൈകീട്ട് 6 മണിക്കാണ് മസ്‌റൂറയ്ക്ക് ഡിസ്‌ക് വേദന ആരംഭിച്ചത്. ഭര്‍ത്താവ് സമീര്‍ കളരിക്കണ്ടി ഉടന്‍ ഒരു വണ്ടിയില്‍ ഭാര്യയെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചു. അവര്‍ സാധാരണ നിലയില്‍ തന്നെ പെരുമാറി. രോഗിയെ ഇറങ്ങാന്‍ സഹായിച്ചു. പിന്നീട് പേരും മറ്റും വിവരങ്ങളും ചോദിച്ചറിഞ്ഞു. അതോടെ ആശുപത്രിക്കാരുടെ മട്ട് മാറിയെന്നാണ് സമീര്‍ പറയുന്നത്. സമീറും ഭാര്യയും താമസിക്കുന്നത് വടകര താഴെ അങ്ങാടിയിലാണെന്നും അവിടെ കൊവിഡ് രോഗികളുണ്ടെന്നും അതുകൊണ്ട് ചികില്‍സ നല്‍കാനാവില്ലെന്നും അവര്‍ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകാന്‍ അവര്‍ നിര്‍ബന്ധിച്ചു. വേദന സഹിക്കാതെ മസ്‌റൂറ കരയാന്‍ തുടങ്ങിയിട്ടും ആശുപത്രിക്കാര്‍ അലിഞ്ഞില്ല. വേറെ ഏത് ആശുപത്രിയിലാണ് ചികില്‍സ ലഭിക്കുകയെന്ന് ചോദിച്ചെങ്കിലും അവര്‍ പരിഹസിക്കുകയായിരുന്നുവെന്ന് സമീര്‍ പറയുന്നു. മസ്‌റൂറയ്ക്ക് ഇതേ ആശുപത്രിയില്‍ നിന്നു തന്നെ നേരത്തെ ഓപറേഷന്‍ നടത്തിയിട്ടുണ്ട്.

ഒടുവില്‍ സിഎം ആശുപത്രിയില്‍ നിന്നാണ് ചികില്‍സ ലഭിച്ചത്. അവിടെ ഡോക്ടറെ കാണിക്കുകയും അദ്ദേഹം നല്‍കിയ ഇന്‍ജക്ഷന്‍ മൂലം വേദന ശമിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it