Latest News

പൊതുമിനിമം പരിപാടിക്കുവേണ്ടി കോണ്‍ഗ്രസ്-ശിവസേന ചര്‍ച്ച; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ വീണ്ടും സജീവം

സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കപ്പെട്ടത്.

പൊതുമിനിമം പരിപാടിക്കുവേണ്ടി കോണ്‍ഗ്രസ്-ശിവസേന ചര്‍ച്ച; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ വീണ്ടും സജീവം
X

മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളും ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറെയുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച പുനരാരംഭിച്ചു. ഇരുവിഭാഗങ്ങളും ചേര്‍ന്ന് പൊതുമിനിമം പരിപാടിക്ക് രൂപം കൊടുക്കുകയാണ് ഉദ്ദേശ്യം.

മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് ബാലസാഹെബ് തോറാട്ടും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനുമാണ് മുംബൈയിലെ ഒരു ഹോട്ടലില്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ചക്കെത്തിയിട്ടുള്ളത്.

സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കപ്പെട്ടത്.

ചര്‍ച്ചക്ക് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും അഹമ്മദ് പട്ടേലും ശിവസേന നേതാവും പാര്‍ട്ടിവക്താവുമായ സഞ്ജയ് റാവത്തിനെ ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് സഞ്ജയ് ഏതാനും ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്.

സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് കെ സി വേണുഗോപാലും അഹ്മദ് പട്ടേലും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശിവസേനയുമായി ചര്‍ച്ചക്കെത്തിയത്. അവസാന തീരുമാനത്തെ കുറിച്ച് ഒന്നും പറയാനായിട്ടില്ലെന്ന് കെ സി വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്‍സിപിയും ശിവസേനയുമായി ചര്‍ച്ച ചെയ്ത് പൊതുമിനിമം പരിപാടി തയ്യാറാക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം.

ദീര്‍ഘകാലം ബിജെപിയുമായി സഖ്യത്തിലായിരുന്ന ശിവസേനയുമായി സര്‍ക്കാര്‍ രൂപീകരിക്കുന്നത് സൂക്ഷിച്ചുവേണമെന്നാണ് കോണ്‍ഗ്രസ്സും എന്‍സിപിയും കരുതുന്നത്. രണ്ട് പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് ഒരു മിനിമം പദ്ധതി തയ്യാറാക്കിയാല്‍ മഹാരാഷ്ട്രയിലെ നിലവിലുള്ള രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരമാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

അതിനിടയില്‍ ശിവസേന തിരഞ്ഞെടുപ്പ് കാലം മുതല്‍ എന്‍സിപിയുമായി സഖ്യത്തിലായിരുന്നെന്ന് ബിജെപി ആരോപിച്ചു. നവംബര്‍ 11 മുതലാണ് ചര്‍ച്ച തുടങ്ങിയതെന്ന് ശിവസേന തിരിച്ചടിച്ചു.

Next Story

RELATED STORIES

Share it