Latest News

പ്രിത്ഥിരാജ്‌ ചൗഹാന്‍ രാജാവിനെപ്പോലെ കുടിച്ച് നശിക്കരുത്; ശിശുദിന ഉപദേശം നല്‍കി പുലിവാല് പിടിച്ച് കോണ്‍ഗ്രസ് എംഎല്‍എ

12ാം നൂറ്റാണ്ടില്‍ അജ്മീര്‍ ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചക്രവര്‍ത്തിയാണ് പ്രിത്ഥിരാജ് ചൗഹാന്‍.

പ്രിത്ഥിരാജ്‌  ചൗഹാന്‍ രാജാവിനെപ്പോലെ കുടിച്ച് നശിക്കരുത്; ശിശുദിന ഉപദേശം നല്‍കി പുലിവാല് പിടിച്ച് കോണ്‍ഗ്രസ് എംഎല്‍എ
X

ഭോപ്പാല്‍: ഉപദേശങ്ങള്‍ വളരെ നല്ലതാണ്. പക്ഷേ, അത് പുലിവാല് പിടിക്കാതെ നോക്കണമെന്നതാണ് പ്രധാനം. മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ ബായ്ജ്‌നാഥ് കുഷ്‌വാക്ക് ആ ബുദ്ധി പോയില്ല. അദ്ദേഹം പുലിവാല് പിടിക്കുകയും ചെയ്തു.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി മൊറേനയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേരാന്‍ എത്തിയതായിരുന്നു ബായ്ജ്‌നാഥ്. വെറുതേ ഒരു ഉപദേശമെന്ന നിലയില്‍ കുട്ടികളോട് മദ്യം തൊടരുതെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ ചരിത്രത്തില്‍ നിന്ന് ഒരു ഉദാഹരണവും പറഞ്ഞു. നിങ്ങള്‍ മദ്യപിക്കരുത്, കുടിച്ചാല്‍ ഡല്‍ഹിയിലെ പ്രിത്ഥിരാജ്‌ ചൗഹാന്റെ അനുഭവമുണ്ടാവും. അദ്ദേഹം വലിയ രാജാവായിരുന്നു. പക്ഷേ, മദ്യപാനം കൊണ്ട് അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ വവ്വാലുകള്‍ പറന്നുനടക്കുകയാണ്. മഹോബയിലെ പരിമല്‍ രാജാവിന്റെയും കന്നോജിയിലെ ജയ്ചന്ദ് രാജാവിന്റെയും ഉദാഹരണവും പറഞ്ഞു.

എംഎല്‍എയുടെ പ്രസംഗം പക്ഷേ, ബിജെപിക്കാര്‍ പൊക്കിയെടുത്തു. കോണ്‍ഗ്രസ്സുകാര്‍ക്ക് മഹാന്മാരോടുളള മനോഭാവമാണ് ഇതെന്നായിരുന്നു വിമര്‍ശനം. എംഎല്‍എയുടെ പ്രസംഗത്തെ അപലപിക്കുകയും ചെയ്തു. അവര്‍ക്ക് നെഹ്രു കുടുംബത്തോടു മാത്രമേ സ്‌നേഹമുള്ളു എന്നും ആരോപിച്ചു.

വിവാദം കനത്തതോടെ എംഎല്‍എ തനിക്ക് തെറ്റ് പറ്റിയതാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിലെന്നും പറഞ്ഞുനോക്കി. ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, ബിജെപിക്കാര്‍ വിടാന്‍ തയ്യാറല്ല. അതേ സ്‌കൂളില്‍ പോയി കുട്ടികളോട് മാപ്പു പറയണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. രജപുത്ര സംഘടനകളും ഇക്കാര്യത്തില്‍ പ്രതിഷേധത്തിലാണ്. ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇതേ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

12ാം നൂറ്റാണ്ടില്‍ അജ്മീര്‍ ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചക്രവര്‍ത്തിയാണ് പ്രിത്ഥിരാജ് ചൗഹാന്‍.

Next Story

RELATED STORIES

Share it