Top

തോട്ടംതൊഴിലാളികളുടെ മക്കള്‍ ഇനിയും റിസോര്‍ട്ടുകളിലെ കക്കൂസ് കഴുകണോ?; ഗോമതിയുടെ ചോദ്യം മുഖ്യമന്ത്രിയോട് മാത്രമല്ല മുഴുവന്‍ അധികാരി വര്‍ഗത്തോടുമാണ്

തോട്ടംതൊഴിലാളികളുടെ മക്കള്‍ ഇനിയും റിസോര്‍ട്ടുകളിലെ കക്കൂസ് കഴുകണോ?; ഗോമതിയുടെ ചോദ്യം മുഖ്യമന്ത്രിയോട് മാത്രമല്ല മുഴുവന്‍ അധികാരി വര്‍ഗത്തോടുമാണ്
X

മൂന്നാര്‍: പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി മരിച്ച തോട്ടം തൊഴിലാളികളുടെ ശബ്ദം അധികാരത്തിന്റെ കരിങ്കല്‍ഭിത്തികളെ തുളച്ചുകയറുമെന്നുതന്നെയാണ് പെമ്പിളൈ ഒരുമ നേതാവ് ഗോമതിയുടെ അറസ്റ്റ് സൂചിപ്പിക്കുന്നത്. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയോട് നടുറോഡില്‍ കുത്തിയിരുന്ന് ചോദ്യങ്ങളുന്നയിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി കടന്നുപോകും മുമ്പ് തന്നെ നടുറോഡില്‍ പ്രതിഷേധവുമായി ഇടംപിടിച്ച ഗോമതിയെ ആദ്യം പോലിസ് അവഗണിച്ചെങ്കിലും ടാറ്റാ കമ്പനിയുടെ ആംബുലന്‍സടക്കമുള്ള മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ തുടങ്ങിയതോടെ ബലംപ്രയോഗിച്ച് പിടികൂടി. വാനഹവ്യൂഹം കടന്നുപോയ ശേഷം മൂന്നാര്‍ സ്‌റ്റേഷനിലെത്തിച്ച് പിന്നീട് വിട്ടയച്ചു.

പെട്ടിമുടിയിലെത്തിയ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംസാരിക്കണമെന്നായിരുന്നു ഗോമതിയക്കയെന്ന് തോട്ടം തൊഴിലാളികള്‍ വിളിക്കുന്ന ഗോമതിയുടെ ആവശ്യം. മൂന്നാറിലെ സ്ഥിതി ഇനിയും തുടര്‍ന്നാല്‍ പെട്ടിമുടികള്‍ ആവര്‍ത്തിക്കുമെന്ന് അവര്‍ മുഖ്യമന്ത്രിയോടും ജനങ്ങളോടും പറയാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയെ കാണാതെ പോകില്ലെന്ന് അവര്‍ ആവും വിധം ഒച്ചവച്ചു. പക്ഷേ, അവരുടെ ശബ്ദം ഇടയില്‍ മുറിഞ്ഞുപോയി. അത് കേള്‍ക്കാന്‍ മുഖ്യമന്ത്രി നിന്നുകൊടുത്തതുമില്ല.

ഐതിഹാസികമായ ഭൂപരിഷ്‌കരണം കഴിഞ്ഞെങ്കിലും കേരളത്തിലെ തോട്ടം മേഖല ഇന്നും വന്‍കിട കുത്തകകളുടെ കയ്യിലാണ്. ടാറ്റയും ഹാരിസനും അടങ്ങുന്ന വലുതും ചെറുതുമായ നിരവധി കമ്പനികളുടെ കയ്യിലാണ് ഇവിടത്തെ മിക്കവാറും ഭൂമി. മൂന്നാറിലാവട്ടെ വളരെ സവിശേഷമായ സ്ഥിതിയാണ്. ഇവിടത്തെ ഭൂമിയില്‍ ടാറ്റാകമ്പനിയ്ക്കല്ലാതെ സര്‍ക്കാരിനു പോലും ഇടപെടാന്‍ അവകാശമില്ല. അതില്‍ ഇടപെടണമെന്ന് മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കും താല്പര്യമില്ല. പ്രദേശത്തെ മുടിചൂടാമന്നന്മാരാണ് ടാറ്റയും ഹാരിസണുമൊക്കെ. ഒരു ഭൃത്യനെപ്പോലെ ഓച്ഛാനിച്ചു നില്‍ക്കുക മാത്രമാണ് മുഖ്യമന്ത്രിക്കും കൊടികെട്ടിയ കലക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും ചെയ്യാവുന്നത്. കോടതികളെയും അധികാരിവര്‍ഗത്തെയും കയ്യിലെടുത്ത് അവരത് കൈവശം വച്ച് അനുഭവിച്ചുവരുന്നു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ പ്രദേശങ്ങളില്‍ നിന്ന് കുടിയേറിയവരുടെ പിന്‍മുറക്കാരായ ഈ തോട്ടങ്ങളിലെ തൊഴിലാളികള്‍ പല തലമുറകളായി അടിമജീവിതം നയിക്കുകയാണ്. താമസസൗകര്യങ്ങളില്ല, അവകാശങ്ങളില്ല, നീളത്തില്‍ പണിതീര്‍ത്ത സൗകര്യമില്ലാത്ത ലായങ്ങളില്‍ അവര്‍ അവരുടെ ജന്മം ജീവിച്ചുതീര്‍ക്കുന്നു. ജോലിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ മക്കള്‍ ആ ജോലി ഏറ്റെടുക്കുന്നു. അല്ലാത്തവര്‍ താമസസൗകര്യമില്ലാതെ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. ചുരുക്കത്തില്‍ തൊഴിലാളികളുടെ ഒരടിമവംശം. അത്തരമൊരു ലായമാണ് പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പോയത്.

മൂന്നാറിലെ വിവിധ കോളനികളിലെ തൊഴിലാളികള്‍ക്ക് പട്ടയം വേണമെന്ന ആവശ്യം ഏറെ കാലമായി ഗോമതിയെപ്പോലുള്ള നേതാക്കള്‍ ഉയര്‍ത്തിവരികയാണ്. പക്ഷേ, സമരങ്ങള്‍ നടക്കുമ്പോള്‍ ചില വാഗ്ദാനം നല്‍കുമെന്നല്ലാതെ അതൊരിക്കലും പാലിക്കപ്പെട്ടില്ല. അവര്‍ക്ക് ഭൂമി വേണമെന്നുതന്നെയാണ് ഗോമതി ആവശ്യപ്പെടുന്നത്.

അവര്‍ ഉറക്കെ പറയും, ആല്‍ക്കുമുന്നിലും: ''മൂന്നാര്‍ കോളനിയിലെ എല്ലാവര്‍ക്കും പട്ടയം ലഭിക്കാന്‍ അഞ്ച് വര്‍ഷമായി ഞാന്‍ പോരാടുകയാണ്. ഇന്ന് മുഖ്യമന്ത്രി വന്നിരിക്കുകയാണ്. 86 പേര്‍ മണ്ണിനടിയിലാണ്. തോട്ടംതൊഴിലാളികള്‍ക്ക് സ്വന്തമായി ഇടവും ഭൂമിയും വേണം. ഞങ്ങളുടെ പിള്ളേര് പഠിച്ചിട്ട് ഓട്ടോഡ്രൈവറും ടാക്‌സിഡ്രൈവറും കാര്‍ഡ്രൈവറും ഇവിടുത്തെ റിസോര്‍ട്ടുകളിലെ കക്കൂസ് ക്ലീന്‍ ചെയ്യുന്നവരും റോഡിലിറങ്ങി റൂമുകളുണ്ട് വായോ... റൂമുകളുണ്ട് വായോ എന്നും പറഞ്ഞ് മടുത്തു. ഇതില്‍ നിന്നും മോചനം വേണം. ഇവിടെ ആര്‍ക്കും നട്ടെല്ലില്ല. താന്‍ മുഖ്യമന്ത്രിയെ കാണാതെ പോകില്ല'- അറസ്റ്റിന് തൊട്ടുമുന്‍പ് ഗോമതി പറഞ്ഞു.

ഇതാണ് ഗോമതിക്ക് പറയാനുള്ളത്. ഇതുമാത്രമാണ് പറയാനുള്ളത്. കഴിഞ്ഞ അറുപതില്‍ കൂടുതല്‍ വര്‍ഷമായി കേരളത്തിലെ മാറിമാറിവന്ന സര്‍ക്കാരുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതും ഇതുതന്നെ. സ്വര്‍ണക്കടത്തുകാര്‍ക്കും കാട്ടുകള്ളന്മാര്‍ക്കും അഴിമതിക്കാര്‍ക്കും സ്വാധീനമുള്ള നമ്മുടെ മുഖ്യമന്ത്രിമാരുടെ ഓഫിസുകളില്‍ ഗോമതിമാര്‍ക്ക് സ്വാധീനമില്ലാതെ പോയി എന്നിടത്തുതന്നെയാണ് ഇതിന്റെ മര്‍മ്മം കിടക്കുന്നത്. അതങ്ങനെ തുടര്‍ന്നാല്‍ പെട്ടിമുടികള്‍ ആവര്‍ത്തിക്കും. നൂറുകണക്കിനു പേര്‍ മണ്ണിനടിയലേക്ക് ഒലിച്ചുപോകും.

Next Story

RELATED STORIES

Share it