Latest News

സ്ഥിരവാസ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; കശ്മീരിലെ ജനസംഖ്യാ വിതരണത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

സ്ഥിരവാസ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; കശ്മീരിലെ ജനസംഖ്യാ വിതരണത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുതിയ സ്ഥിരവാസ നിയമ ഭേദഗതി പ്രദേശത്തെ ജനസംഖ്യാ വിതരണത്തെ അട്ടിമറിക്കുന്നതിനുളള ശ്രമമാണെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍. നാഷണല്‍ കോണ്‍ഫ്രന്‍സ്, ഹുറിയത്ത് കോണ്‍ഫ്രന്‍സ് (മിര്‍വെയ്‌സ്), സിപിഎം തുടങ്ങി പാര്‍ട്ടികളാണ് സര്‍ക്കാര്‍ നീക്കത്തിനെതിരേ ശക്തമായ നിലപാടുമായി രംഗത്തുവന്നത്. രാജ്യം കൊറോണയ്‌ക്കെതിരേ ജീവന്‍മരണ പോരാട്ടത്തിലായിരിക്കുമ്പോഴാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും നിയമങ്ങള്‍ ഒളിച്ചുകടത്തുന്നതെന്നാണ് ആരോപണം. മെയ് പതിനെട്ടിനാണ് ജമ്മു കശ്മീര്‍ ഭരണകൂടം താമസസ്ഥല നിയമത്തില്‍-ഡൊമിസൈല്‍ നിയമം-ഭേദഗതി വരുത്തിയത്. അതുപ്രകാരം കശ്മീരില്‍ സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിച്ച് എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടാനാവും.

തിങ്കളാഴ്ച പുറപ്പെടുവിച്ച ജമ്മു കശ്മീര്‍ ഗ്രാന്റ് ഓഫ് ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് (നടപടിക്രമം) റൂള്‍സ് 2020 അനുസരിച്ച് ജമ്മു കശ്മീരില്‍ 15 വര്‍ഷമായി താമസിച്ചവരോ ഏഴുവര്‍ഷം പഠിച്ചവരോ പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ പരീക്ഷയില്‍ ഹാജരായവര്‍ക്കോ ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. പഴയ സംസ്ഥാനത്തെ ദുരിതാശ്വാസ പുനരധിവാസ കമ്മീഷന് കീഴില്‍ കുടിയേറ്റക്കാരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാകിസ്താന്‍ അഭയാര്‍ഥികള്‍ക്കും ഇതു പ്രകാരം സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഏതെങ്കിലും തഹസില്‍ദാര്‍ യഥാസമയം അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ പരാജയപ്പെടുന്നെങ്കില്‍ അവരുടെ ശമ്പളത്തില്‍ നിന്ന് 50,000 രൂപ വരെ പിടിക്കും. 1954 മുതല്‍ കശ്മീരില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് താമസസ്ഥല സര്‍്ട്ടിഫിക്കറ്റ് നല്‍കുകയെന്നായിരുന്നു പഴയ നിയമം. ഇതാണ് പുതിയ നിയമത്തിലൂടെ അപ്രസക്തമായത്.

പുതിയ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു. ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ല് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ ഈ വിജ്ഞാപനം നിയമപരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങളോട് പ്രതികരിക്കാനും സാമാന്യനീതിയുടെ തലത്തില്‍ ഇടപെടാനും ഹുറിയത്ത് കോണ്‍ഫ്രന്‍സ് മിര്‍വെയ്‌സ് വിഭാഗം ജനാധിപത്യവാദികളോട് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ ജനസംഖ്യാവിതരണത്തെ തുരങ്കംവയ്ക്കുന്നതിനുള്ള നടപടിയെന്നാണ് സിപിഎം നേതാവ് യൂസുഫ് തരിഗാമി വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് ബിജെപി സര്‍ക്കാര്‍ നടത്തിയ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിയുടെ ഭാഗമാണ് ഈ ഭേദഗതിയെന്നും രാജ്യം മാരകമായ കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ പിടിയിലായ സമയത്ത് പുറത്തിറക്കിയ ഈ വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കശ്മീരി പണ്ഡിറ്റുകളുടെ സംഘടനകള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഓള്‍ പാര്‍ട്ടി മൈഗ്രന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് ആര്‍ കെ ഭട്ട് ഇത്തരമൊരു വിജ്ഞാപനം പുറത്തിറക്കിയതിന് ബിജെപിയെ അനുമോദിച്ചു.

Next Story

RELATED STORIES

Share it