Latest News

''ശ്ശ് മിണ്ടരുത് എല്ലാം നല്ല പോലെ പോകുന്നു'': മോദിയെ വിമര്‍ശിച്ച ചുമര്‍ചിത്രത്തിന്റെ പേരില്‍ ബംഗളൂരുവില്‍ കോളജിന് ഹിന്ദുത്വരുടെ ഭീഷണി

ബംഗളൂരുവിലെ സൃഷ്ടി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ട് ഡിസൈന്‍ ആന്റ് ടെക്‌നോളജിയിലാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്.

ശ്ശ് മിണ്ടരുത് എല്ലാം നല്ല പോലെ പോകുന്നു: മോദിയെ വിമര്‍ശിച്ച ചുമര്‍ചിത്രത്തിന്റെ പേരില്‍ ബംഗളൂരുവില്‍ കോളജിന് ഹിന്ദുത്വരുടെ ഭീഷണി
X

ബംഗളൂരു: ബംഗളൂരുവിലെ പ്രശസ്തമായ ഫൈന്‍ ആര്‍ട്‌സ് കോളജിനു നേരെ മോദി വിരുദ്ധ ചുമര്‍ചിത്രത്തിന്റെ പേരില്‍ ഹിന്ദുത്വരുടെ ഭീഷണി. പ്രാദേശിക ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്ഥലം എംഎല്‍എയും കോളജില്‍ അതിക്രമിച്ചു കയറി കുട്ടികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മാനേജ്‌മെന്റ് രണ്ട് ദിവസത്തേക്ക് കോളജ് അടച്ചിട്ടു.

ബംഗളൂരുവിലെ സൃഷ്ടി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ട് ഡിസൈന്‍ ആന്റ് ടെക്‌നോളജിയിലാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. കോളജിലെ കാമ്പസിനു മുന്നിലെ ചുമരില്‍ മോദിയെ വിമര്‍ശിക്കുന്ന ഒരു ചിത്രം വന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആരോ വരച്ച ചിത്രത്തില്‍ മിണ്ടരുതെന്ന അര്‍ത്ഥത്തില്‍ മോദി ചുണ്ടില്‍ വിരല്‍ വച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നു. അടിക്കുറിപ്പായി എല്ലാം ശരിയാണ് എന്നും എഴുതിയിട്ടുണ്ട്.

ചിത്രം പ്രത്യക്ഷപ്പെട്ട അടുത്ത ദിവസം സ്ഥലം ബിജെപി എംഎല്‍എ എസ് ആര്‍ വിശ്വനാഥ് ഏതാനും പ്രവര്‍ത്തകര്‍ക്കൊപ്പം ഏകദേശം പതിനൊന്നരയ്ക്ക് കോളജിലെത്തി. കൂട്ടത്തില്‍ കോളജ് പരിസരത്തെ ചില താമസക്കാരും. അവര്‍ ചിത്രം വരച്ചതിന്റെ പേരില്‍ കുട്ടികളെയും സുരക്ഷാജീവനക്കാരെയും ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ചിത്രം മോശമാക്കി വരച്ചത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പ്രദേശത്തെ ചില ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

അതോടൊപ്പം അവര്‍ കുട്ടികളെ മറ്റു തരത്തിലും ഭീഷണിപ്പെടുത്തി. കോളജില്‍ പ്രശ്‌നം നടക്കുന്ന സമയത്തുതന്നെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പോലിസ് എടുത്ത് മാറ്റി. വര്‍ഷങ്ങളായി കോളജിലെയും പുറത്തുമുളള ആളുകള്‍ ഇതേ സ്ഥലത്താണ് വാഹനങ്ങള്‍ വച്ചിരുന്നത്. കഴിഞ്ഞ ദിവസം ആരോ പരാതി നല്‍കിയെന്ന് പറഞ്ഞാണ് പോലിസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. കൃത്യസമയത്ത് പോലിസ് കോളജിനു മുന്നിലെത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കോളജിലെ കുട്ടികള്‍ പുറത്ത് ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നുവെന്നും പുകവലിക്കുന്നുവെന്നും അത് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും മറ്റ് ചിലര്‍ ആരോപിച്ചു.

ചുമര്‍ചിത്രം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചിത്രം പെയ്ന്റ് വച്ച് മാച്ചിട്ടുണ്ട്. എങ്കിലും പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കോളജ് അധികൃതര്‍ തങ്ങളുടെ പ്രതിഷേധങ്ങളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നവരാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പൗരത്വനിയമത്തെകുറിച്ച് സംസാരിക്കുന്നതിനുവേണ്ടി നിയമവിദഗ്ധരെ കോളജില്‍ ക്ഷണിച്ചുകൊണ്ടുവരാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ ഭീഷണിയുണ്ടായ സാഹചര്യത്തില്‍ ക്ലാസുകള്‍ അടച്ചിടുകയാണെന്ന് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കയച്ച മെയിലില്‍ പറഞ്ഞു. മാത്രമല്ല, പുറത്ത് കൂട്ടം കൂടിനില്‍ക്കുന്നതും പുകവലിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അവ ഒഴിവാക്കാനും വിദ്യാര്‍ത്ഥികളോട് ഉപദേശിച്ചു.

Next Story

RELATED STORIES

Share it