Latest News

പീഡനക്കേസില്‍ പിസി ജോര്‍ജിന് ജാമ്യം

പീഡനക്കേസില്‍ പിസി ജോര്‍ജിന് ജാമ്യം
X

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി സി ജോര്‍ജിന് കോടതി ജാമ്യം നല്‍കി. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

മ്യൂസിയം പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയിലാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. തൈക്കാട് ഗസ്റ്റ് ഹൗസിലെ 404 നമ്പര്‍ മുറിയില്‍ വച്ച് ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി മൊഴിനല്‍കിയത്. 354, 354എ എന്നീ വകുപ്പുകളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയത്.

പിസി ജോര്‍ജ് മതസ്പര്‍ധയുണ്ടാക്കുന്ന ആളാണെന്നും ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി അത് പരിഗമിച്ചില്ല. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നായിരുന്നു ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചത്. താന്‍ രോഗിയാണെന്നും കെട്ടിച്ചമച്ച കേസാണെന്നും ജോര്‍ജും വാദിച്ചു.

എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം, പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാനായിരുന്നു പിസി ജോര്‍ജിനെ വിളിച്ചു വരുത്തിയത്. ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലിസ് ജോര്‍ജിന് നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് ഹാജരാകാമെന്ന് പിസി മറുപടി നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പി സി ജോര്‍ജും സ്വപ്‌ന സുരേഷുമാണ് കേസിലെ പ്രതികള്‍.

അതേസമയം, പോലിസ് നാടകീയമായി പിസി ജോര്‍ജ്ജിനെ വിളിച്ച് വരുത്തി പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. സോളാര്‍ കേസ് പ്രതി രാവിലെ മ്യൂസിയം പോലിസില്‍ ഒരു പരാതി നല്‍കിയിട്ടുണ്ടെന്നും അത് പീഡന പരാതിയാണെന്നും പോലിസ് അറിയിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it