Latest News

പൗരത്വഭേദഗതി ബില്ല്; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത് ഉപാധികളോടെയെന്ന് സൂചന

നവംബര്‍ 29 ാം തിയ്യതി മുതല്‍ നടന്ന ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൊവ്വാഴ്ചയാണ് അവസാനിച്ചത്. വടക്ക് കിഴക്കന്‍ പ്രദേശങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അമിത് ഷാ സമ്മതിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

പൗരത്വഭേദഗതി ബില്ല്; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത് ഉപാധികളോടെയെന്ന് സൂചന
X

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പൗരത്വ ഭേദഗതി ബില്ലിന് അനുമതി നല്‍കിയെങ്കിലും അതു സംബന്ധിച്ച സംശയങ്ങള്‍ ഇനിയും ബാക്കി. പൗരത്വഭേദഗതി ബില്ലിന്റെ ഏറ്റവും വലിയ എതിരാളികളായ വടക്കു കിഴക്ക് സംസ്ഥാനങ്ങള്‍ തന്നെയാണ് ഇപ്പോഴും വഴി മുടക്കി കേന്ദ്രത്തെ വെളളം കുടിപ്പിക്കുന്നത്. ബില്ല് നിയമമാകുന്നതിനു മുന്നോടിയായി അമിത് ഷായും അസമിലെ ധനകാര്യ മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മയും ഈ പ്രദേശങ്ങളിലെ മുഖ്യ പൗരാവകാശ സംഘടനകളുമായി സംസാരിച്ചിരുന്നു. കൂടിക്കാഴ്ചകളുടെ ഭാഗമായി മുന്‍കാലങ്ങളില്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ട ശക്തമായ പ്രതിഷേധങ്ങള്‍ ഇത്തവണ ഒഴിവായി. പുതുക്കിയ ബില്ലിന്റെ പരിധിയില്‍ നിന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളെയും ഉപാധികളോടെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നാണ് വിവരം.

നവംബര്‍ 29 ാം തിയ്യതി മുതല്‍ നടന്ന ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനിച്ചത്. വടക്ക് കിഴക്കന്‍ പ്രദേശങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അമിത് ഷാ സമ്മതിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ബില്ല് നിയമമാവുകയാണെങ്കില്‍ അത് പ്രദേശത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കുമെന്ന് പ്രദേശവാസികള്‍ കരുതുന്നു. കുടിയേറ്റക്കാര്‍ അധികാരം കൈയടക്കുമെന്നും അവര്‍ ഭയപ്പെടുന്നു. പൗരത്വഭേദഗതി ബില്ലിനോടുള്ള അവരുടെ പ്രധാന വിയോജിപ്പും അതാണ്.

അറിയാന്‍ കഴിഞ്ഞിടത്തോളം ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളും ആഭ്യന്തര പെര്‍മിറ്റ് വേണ്ട പ്രദേങ്ങളെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ധാരണയായിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, മിസോറം, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും പുറമെനിന്നുള്ളവര്‍ക്ക് പ്രവേശിക്കണമെങ്കിലും താമസിക്കണമെങ്കിലും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അത് ആറ് മാസം കൂടുമ്പോള്‍ പുതുക്കുകയും വേണം. ഇത്തരം പ്രദേശങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും. മറ്റൊന്ന് അസം, മേഘാലയ, മിസോറം, ത്രിപുര തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി സ്വയംഭരണ പ്രദേശങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് സ്ഥലവും സ്ഥാപനങ്ങളും കൈവശപ്പെടുത്താനാവില്ല. ഈ പ്രദേശങ്ങളും ഈ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും.

മിസാറോമിലെയും മേഘാലയയിലെയും സംഘടനകള്‍ക്ക് പൂര്‍ണബോധ്യമായില്ലെങ്കിലും ബില്ലില്‍ ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അവര്‍ അംഗീകരിക്കാനിടയുണ്ട്. മിസോറാമിലെ പല ഗ്രൂപ്പുകളും ബില്ല് അതേപടി നടപ്പാക്കുകയാണെങ്കില്‍ ചൈനയുടെ സഹായം തേടുമെന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയിരുന്നു.

ബില്ലില്‍ തങ്ങള്‍ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് അസമിലെ മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് മിസോറാമിലെ പല ഗ്രൂപ്പുകളും പറയുന്നത്.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വഭേദഗതി ബില്ല്. അടുത്തയാഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയില്‍ വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് മുന്‍ മോദി സര്‍ക്കാരിന്റെ സമയത്ത് ബില്ലിന്റെ കാലാവധി അവസാനിച്ചിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ലക്ഷ്യമിടുന്ന ബില്ലില്‍ മുസ് ലിംകളെ മാത്രം ഒഴിവാക്കി. മുസ്‌ലിംകളല്ലാത്ത അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള പല നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it