Latest News

ഇന്ത്യയിലെ നീതിന്യായ സംവിധാനം ഏറെ പിന്നിലെന്ന് സര്‍വ്വെ

ടാറ്റ ട്രസ്റ്റാണ് ഇന്ത്യന്‍ നിയമസംവിധാനത്തിന്റെ കാര്യക്ഷമത പഠിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ജസ്റ്റിസ് റിപോര്‍ട്ട്, 2019 പുറത്തിറക്കിയത്.

ഇന്ത്യയിലെ നീതിന്യായ സംവിധാനം ഏറെ പിന്നിലെന്ന് സര്‍വ്വെ
X

മുംബൈ: ഇന്ത്യയിലെ നീതിന്യായ സംവിധാനം ആഗോള തലത്തില്‍ ഏറെ പിന്നിലാണെന്ന് പഠന റിപോര്‍ട്ട്. നിയമസഹായത്തിനു വേണ്ടി ഇന്ത്യയില്‍ ഒരാള്‍ക്ക് വര്‍ഷത്തില്‍ ചെലവഴിക്കുന്നത് 75 പൈസ മാത്രം. 137 കോടി ജനങ്ങളുള്ള രാജ്യത്താണ് ഒരാള്‍ക്ക് 75 പൈസ മാത്രം ചെലവിടുന്നത്. ഇന്ത്യയില്‍ സാമ്പത്തികവും സാമൂഹികവുമായി ഏറ്റവും പിന്നില്‍ കിടക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നീതിന്യായ സംവിധാനങ്ങള്‍ അകലെയാണെന്നാണ് ഇതിനര്‍ത്ഥം.

ടാറ്റ ട്രസ്റ്റാണ് ഇന്ത്യന്‍ നിയമസംവിധാനത്തിന്റെ കാര്യക്ഷമത പഠിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ജസ്റ്റിസ് റിപോര്‍ട്ട്, 2019 പുറത്തിറക്കിയത്.

എല്ലാവര്‍ക്കും നിയമത്തിനു മുന്നില്‍ സമത്വവും അവകാശങ്ങളും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അത് പ്രായോഗികമാക്കുന്നതില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ വിചാരണത്തടവുകാരുടെ വര്‍ധന ഇക്കാര്യം സൂചിപ്പിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന പദ്ധതിയില്‍ ഒപ്പു വച്ച രാജ്യമാണ് ഇന്ത്യയെങ്കിലും അത് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്ന പതിനാറിന പരിപാടിയുടെ അടുത്തുപോലും ഇന്ത്യ എത്തിയിട്ടില്ല.

ആഗോള അടിസ്ഥാനത്തില്‍ നിയമവാഴ്ചയില്‍ ഇന്ത്യ 126 രാജ്യങ്ങളില്‍ 68 ാം സ്ഥാനത്താണ്. ക്രമസമാധാനവും സുരക്ഷയും, സിവില്‍, ക്രിമിനല്‍ ജസ്റ്റിസിലും ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണ്. ക്രമസമാധാനത്തിലും സുരക്ഷയിലും ഇന്ത്യയുടെ സ്ഥാനം 111 ആണെങ്കില്‍ സിവില്‍ ജസ്റ്റിസില്‍ 97 ഉം ക്രിമിനല്‍ ജസ്റ്റിസില്‍ 77 ാം സ്ഥാനത്താണ്.

ജയിലുകള്‍ ഏറ്റവും മോശം അവസ്ഥയിലാണെന്ന് പഠനം സൂചിപ്പിക്കുന്നു. എച്ച്‌ഐവി, ലൈംഗികരോഗങ്ങള്‍, ഹൈപറ്റിസിസ് ബി, സി, ടിബി തുടങ്ങി രോഗങ്ങളുടെ കാര്യത്തില്‍ ജയിലിലെ അവസ്ഥ പുറത്തുള്ളതിനേക്കാള്‍ 10 ഇരട്ടിയാണ്. ഇക്കാര്യത്തില്‍ കേരളമാണ് ഭേദമെന്ന് പഠനം പറയുന്നു. ഡല്‍ഹിയിലെ ജയിലില്‍ പാര്‍പ്പിക്കാവുന്നതിനേക്കാള്‍ 180 ശതമാനം അധികം തടവുകാരാണ് ഉള്ളത്. ഉത്തര്‍പ്രദേശില്‍ 95366 തടവുകാര്‍ക്ക് ഒരു ജയില്‍ ജീവനക്കാരനാണ് ഉള്ളത്. എല്ലായിടത്തേയും സ്ഥിതി ഇതുതന്നെ.

പോലിസിന്റെ കാര്യത്തിലും സര്‍വേ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. 22 സംസ്ഥാനങ്ങളില്‍ ഒന്നു മാത്രമാണ് പോലിസ് മൊബിലൈസേഷന്‍ ഫണ്ട് പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നത്. ചില സംസ്ഥാനങ്ങള്‍ക്ക് അതുസംബന്ധിച്ച കണക്കുകള്‍ പോലുമില്ല. കര്‍ണാടകയില്‍ മാത്രമാണ് പോലിസില്‍ ജാതിസംവരണം ശരിയായ രീതിയില്‍ നടപ്പാക്കിയിട്ടുള്ളത്.

ഇന്ത്യയില്‍ വിവിധ കോടതികളിലായി ഏകദേശം 2.8 കോടി കേസുകള്‍ കെട്ടിക്കെടുക്കുന്നു. ഇതില്‍ 24 ശതമാനവും അഞ്ച് വര്‍ഷമായി കെട്ടിക്കെടുക്കുന്നവയാണ്. ഇക്കാര്യത്തില്‍ ഭേദപ്പെട്ട സ്ഥലം തമിഴ്‌നാടാണ്. പോലിസ് സംവിധാനത്തിലും തമിഴ്‌നാട് മുന്നിലാണ്. കോടതികളില്‍ പ്രത്യേകിച്ച് ഹൈക്കോടതികളില്‍ നിരവധി പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.

42 ഗ്രാമങ്ങള്‍ക്ക് ഒരു നിയമസഹായ കേന്ദ്രം മാത്രമാണ് ഇന്ത്യയിലുള്ളത്. ഇക്കാര്യത്തില്‍ കേരളമാണ് മുന്നില്‍. ലീഗല്‍ എയ്ഡ് സര്‍വീസ് അതോറിറ്റിക്ക് അനുവദിക്കുന്ന പണം ഒരു സംസ്ഥാനവും വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ല. ഇന്ത്യയില്‍ ഒരോ ലക്ഷത്തിനും നിയമസഹായം ചെയ്യാന്‍ അഞ്ച് പേര്‍ മാത്രമാണ് ഉളളത്.

Next Story

RELATED STORIES

Share it