എതിര്‍ താരത്തെ തള്ളിയിട്ടു: എംബാപ്പെയ്ക്ക് മൂന്ന് മല്‍സരങ്ങളില്‍ വിലക്ക്


പാരിസ: നിമെസ് ടീമിനെതിരായ പിഎസ്ജിയുടെ അവസാന ഫ്രഞ്ച് ലീഗ് മല്‍സരത്തില്‍ എതിര്‍ താരത്തെ തള്ളിയിട്ട പിഎസ്ജി സ്‌ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെയ്ക്ക് മൂന്ന് മല്‍സരത്തില്‍ വിലക്കേര്‍പ്പെടുത്തി. പിഎസ്ജിയുടെ അവസാന ലീഗ് മല്‍സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു എതിര്‍ താരത്തിനെതിരെ എംബാപ്പെയുടെ അതിക്രമം. ഇതേത്തുടര്‍ന്ന് മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച എംബാപെയെ വിശദമായ അന്വേഷണത്തിന് ശേഷം മൂന്ന് ഫ്രഞ്ച് ലീഗ് മല്‍സരങ്ങളില്‍ നിന്ന് വിലക്കാന്‍ അച്ചടക്ക സമിതി തീരുമാനിക്കുകയായിരുന്നു.
നിെമസ് താരം തെജി സവനിയറിന്റെ ഫൗളില്‍ നിലത്ത് വീണ എംബാപ്പെ ചാടിയെഴുന്നേറ്റതിന് ശേഷം തന്നെ ഫൗള്‍ ചെയ്ത താരത്തെ പിടിച്ച് തള്ളുകയായിരുന്നു. എംബാപ്പെയുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിമെസ് താരം നിലത്ത് വീണു. ഇതെല്ലാം കണ്ട് നിന്നിരുന്ന റഫറി ഉടന്‍ തന്നെ ചുവപ്പ് കാര്‍ഡെടുത്ത് എംബാപ്പെയ്‌ക്കെരിതേ കാണിച്ചു. വിലക്കിനെത്തുടര്‍ന്ന് സെന്റ് എറ്റിനിന്‍, റെനസ്, റീംസ് എന്നിവര്‍ക്കെതിരെയുള്ള മല്‍സരങ്ങള്‍ എംബാപ്പെയ്ക്ക് നഷ്ടമാവും.
എംബാപ്പെയെ ഫൗള്‍ ചെയ്ത സവനിയറിനെതിരേ ബുധനാഴ്ച ഫ്രഞ്ച് ലീഗ് അധികൃതര്‍ അഞ്ച് മല്‍സരവിലക്കേര്‍പ്പെടുത്തിയിരുന്നു. എംബാപ്പെ ഗോള്‍ കണ്ടെത്തിയ ഈ മല്‍സരത്തില്‍ പിഎസ്ജി 4-2 ന് ജയിച്ചിരുന്നു.

RELATED STORIES

Share it
Top