കുടുംബശ്രീ സേവാകേന്ദ്രം ജീവനക്കാരെ ആര്‍ടിഒ ഓഫീസില്‍ പൂട്ടിയിട്ടതായി പരാതിപത്തനംതിട്ട: കുടുംബശ്രീ സേവാകേന്ദ്രം ജീവനക്കാരെ പത്തനംതിട്ട ആര്‍ടിഒ ഓഫീസില്‍ പൂട്ടിയിട്ടതായി പരാതി. ഇന്നു വൈകീട്ട് മൂന്നേകാലോടെയാണ് സംഭവം. സേവാകേന്ദ്രത്തിലെ 2 കുടുംബശ്രീ പ്രവര്‍ത്തകരെ പൂട്ടിയിട്ടു എന്നാണ് പരാതി. സംഭവത്തില്‍ പത്തനംതിട്ട പോലിസില്‍ പരാതി നല്‍കി. ജില്ലാകലക്ടറുടെ ശ്രദ്ധയിലും വിഷയം കൊണ്ടുവന്നതായി കുടുംബശ്രീ അധികൃതര്‍ അറിയിച്ചു. പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പില്‍ ഇടനിലക്കാരെ ഒഴിവാക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കുടുംബശ്രീയുമായി ചേര്‍ന്ന് ഇസേവാകേന്ദ്രം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് ജില്ലയില്‍ 2016ല്‍ പത്തനംതിട്ട, അടൂര്‍ ആര്‍ടിഒ ഓഫീസുകളില്‍ സേവാകേന്ദ്രം ആരംഭിച്ചു. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓഫീസ് വഴി നല്‍കിയതോടെ ഇടനിലക്കാര്‍ ഇല്ലാതായി. കുറച്ചുകാലമായി പത്തനംതിട്ട ഓഫീസിലെ ഉദ്യോഗസ്ഥര്‍ സേവാകേന്ദ്രത്തിലെ ജീവനക്കാരോട് സൗഹാര്‍ദ്ദപരമായ സമീപനമല്ല സ്വീകരിച്ചിരുന്നതെന്ന് പരാതിയുണ്ട്. അതിനിടെ, ഓഫീസിന് സൗകര്യം പോരെന്നും വികസിപ്പിക്കുന്നതിന്റെ ഭാഗമായി സേവാകേന്ദ്രം ഇവിടെനിന്നും മാറ്റണമെന്നും ആര്‍ടിഒ അധികൃതര്‍ കുടുംബശ്രീ ജില്ലാമിഷന് കത്തുനല്‍കിയിരുന്നു. മറ്റൊരുസ്ഥലം ലഭ്യമാക്കിയാല്‍ മാറാമെന്ന് ജില്ലാമിഷന്‍ മറുപടിയും നല്‍കി. ഇതിനിടെയാണ് ഇന്നലെ കുടുംബശ്രീ പ്രവര്‍ത്തകരെ റൂമിനുള്ളിലാക്കി വാതില്‍ താഴിട്ട് പൂട്ടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് എത്തി പൂട്ട് പൊളിച്ച് ഇരുവരേയും പുറത്തിറക്കി. ജോയിന്റെ ആര്‍ടിഒ മോശമായി പെരുമാറിയെന്നും കുടുംബശ്രീ വനിതകള്‍ പരാതിപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top