ബിഷപ്പിന്റെ അറസ്റ്റ്: അല്‍പ്പം കൂടി ക്ഷമ കാണിക്കണമെന്ന് ഹൈക്കോടതികൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം നല്ല രീതിയിലാണ് പോകുന്നതെന്ന് ഹൈക്കോടതിയുടെ വിലയിരുത്തല്‍. അറസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതു പൊലിസാണ്. തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്‍പംകൂടി ക്ഷമ കാണിക്കണം. കേസില്‍ സ്വതന്ത്രമായ അന്വേഷണം നടക്കണം. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ ഭീഷണി ഉണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുധ്യമുണ്ട് . വൈരുധ്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്ന് കോട്ടയം എസ്പി ആവശ്യപ്പെട്ടു.

കേസില്‍ സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് ഈമാസം 24ന് വീണ്ടും പരിഗണിക്കും. ജലന്തര്‍ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണു കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു റിപ്പോര്‍ട്ട് പരിഗണിച്ചത്. ജലന്ധര്‍ ബിഷപ്പിനോട് ഈ മാസം 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്പി വിശദമാക്കി .

RELATED STORIES

Share it
Top