Flash News

പമ്പയിലെ താല്‍ക്കാലിക നിര്‍മ്മാണങ്ങളും, നിലയ്ക്കലിലെ ബേസ് ക്യാമ്പും നവംബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

പമ്പയിലെ താല്‍ക്കാലിക നിര്‍മ്മാണങ്ങളും, നിലയ്ക്കലിലെ ബേസ് ക്യാമ്പും നവംബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി
X


തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്പാ മണപ്പുറത്ത് ആവശ്യം വേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങും മുമ്പ് നവംബര്‍ ആദ്യ ആഴ്ചയോടെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് സ്‌നാനം നടത്തുന്നതിനുളള ക്രമീകരണങ്ങളും, താല്‍ക്കാലിക നടപ്പന്തലും സമയബന്ധിതമായി സജ്ജീകരിക്കണമെന്നും മുഖ്യമന്ത്രി അവലോകന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പമ്പാ നദീതീരത്ത് ഉണ്ടായിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളളവ നിലയ്ക്കലിലേക്ക് മാറ്റണം. മൂന്ന് കോടി രൂപ ചെലവില്‍ പ്രീ ഫാബ് സ്ട്രക്ചറിലുള്ള നടപ്പന്തല്‍ പമ്പയില്‍ നിര്‍മ്മിക്കും. പുതിയ കെട്ടിടങ്ങളൊന്നും തന്നെ പമ്പയില്‍ ഇനി നിര്‍മ്മിക്കാന്‍ പാടില്ല. പമ്പ ത്രിവേണിയിലെ പാലം സുരക്ഷിതമാണെന്ന വിലയിരുത്തല്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവു യോഗത്തില്‍ അറിയിച്ചു. പാലത്തിന് ഒരു തരത്തിലും ബലക്ഷയമില്ലെന്ന് ഉറപ്പിക്കാന്‍ വിദഗ്ധസംഘത്തിന്റെ പരിശോധന കൂടി നടത്തും. ജനുവരിയില്‍ തീര്‍ത്ഥാടന കാലം സമാപിക്കുന്നതോടെ പമ്പയില്‍ കൂടുതല്‍ ഉയരത്തിലുള്ള പാലം നിര്‍മ്മാണം ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കി മാറ്റുന്നതിനുള്ള തീരുമാനം നടപ്പാക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിലയ്ക്കലില്‍ നിലവിലുള്ള രണ്ടായിരം പേര്‍ക്കുള്ള വിശ്രമസങ്കേതത്തിനൊപ്പം രണ്ടായിരം പേര്‍ക്ക് കൂടിയുള്ള വിശ്രമകേന്ദ്രം നിര്‍മ്മിക്കും. ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്ത് ആറായിരം പേര്‍ക്കുള്ള വിശ്രമസൗകര്യം കൂടി ഒരുക്കുന്നതോടെ പതിനായിരം പേരെ ഒരേ സമയം ഉള്‍ക്കൊള്ളാവുന്ന വിശ്രമകേന്ദ്രം നിലയ്ക്കലില്‍ സജ്ജമാകും. ദിനം പ്രതി അറുപത് ലക്ഷം ലിറ്റര്‍ കുടിവെള്ളം നിലയ്ക്കലില്‍ സംഭരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. സീതത്തോട്, പമ്പ പ്ലാന്റുകളില്‍ നിന്നായി ജലമെത്തിക്കുന്നതിനൊപ്പം, നിലയ്ക്കലില്‍ ആറ് കുഴല്‍കിണറുകളും, പമ്പ കെഎസ്ആര്‍ടിസി സ്‌റ്റേഷനില്‍ രണ്ട് കുഴല്‍കിണറുകളും കുഴിക്കുന്നതിനും തീരുമാനമെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവു, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി ശങ്കര്‍ദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it