പ്രളയ ദുരിതാശ്വാസം: കുടുംബശ്രീ പദ്ധതിയിലെ കുരുക്ക് കബളിപ്പിക്കലിന്റെ മറ്റൊരു ഉദാഹരണം: രമേശ് ചെന്നിത്തലതിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയ ശേഷം കബളിപ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കുടുംബശ്രീ വഴിയുള്ള വായ്പയില്‍ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രളയത്തില്‍ വീട്ടുപകരണങ്ങളും അത്യാവശ്യ സാധനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അത് വാങ്ങാന്‍ ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഇനിയും അത് നല്‍കിയിട്ടില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ ബാങ്ക് വായ്പ കുടുംബശ്രീ വഴി ലഭ്യമാക്കും എന്നാണ് പറയുന്നത്. വായ്പ ലഭിക്കാന്‍ വേണ്ടി എല്ലാവരും കുടുംബശ്രീയില്‍ അംഗത്വമെടുക്കേണ്ട അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. മാത്രമല്ല, കുടുംബശ്രീക്ക് ഒരു വര്‍ഷം കഴിഞ്ഞ് ബാങ്കിന് പണം തിരിച്ചടച്ചാല്‍ മതിയെങ്കില്‍ ഗുണഭോക്താക്കള്‍ അടുത്ത മാസം മുതല്‍ തന്നെ  പണം കുടുംബശ്രീക്ക് തിരിച്ചു കൊടുക്കണം. പണം തിരിച്ചടയ്ക്കാനുള്ള ഒരു വര്‍ഷത്തെ സാവകാശം പ്രളയ ബാധിതര്‍ക്കല്ല, ഇടനിലക്കാരായ കുടുംബശ്രീയ്ക്ക് മാത്രമേ ലഭിക്കൂ എന്നാണ് അര്‍ത്ഥം.
മറ്റൊരു പ്രഖ്യാപനമനുസരിച്ചുള്ള  10,000 രൂപയുടെ ധനസഹായ വിതരണത്തില്‍ വ്യാപകമായ പരാതിയാണുണ്ടായത്. അര്‍ഹരായവരെ പിന്തള്ളി സി.പി.എമ്മിന്റെ താത്പര്യക്കാരായ അനര്‍ഹര്‍ വന്‍തോതില്‍ അത് വാങ്ങിയെടുത്തു എന്നാണ് പരാതി ഉണ്ടായിരിക്കുന്നത്. ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ പലിശ രഹിതാ വായ്പയായി നല്‍കുമെന്ന് പറഞ്ഞിട്ട് ഇത് വരെ നടന്നിട്ടില്ല. കാര്‍ഷിക കടങ്ങള്‍ക്ക് മോറിട്ടോറിയം പ്രഖ്യാപിക്കുമെന്ന് പറഞ്ഞെങ്കിലും അതും നടന്നിട്ടില്ല. എന്തിന,് പ്രളയ ബാധിതര്‍ക്കുള്ള സര്‍ക്കാരിന്റെ കിറ്റ് വിതരണം പോലും കാര്യക്ഷമമായി നടന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top