തോല്‍വി വക്കില്‍ നിന്ന് സമനിലക്കരുത്തോടെ ബ്ലാസ്‌റ്റേഴ്‌സ്


ജംഷഡ്പൂര്‍: നിരാശയുടെ ആദ്യപകുതിയും ആശ്വാസത്തിന്റെ സമനില തീര്‍ത്ത രണ്ടാം പകുതിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും സമനിലകുരുക്കില്‍പെട്ടു. ഇന്നലെ ജംഷഡ്പൂരിനെതിരെ അവരുടെ തട്ടകളില്‍ നടന്ന മല്‍സരത്തിലാണ് വിജയതുല്യമായ സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ അപരാജിതത്വം കാത്ത് സൂക്ഷിച്ചത്. പതിവുസമനില ശാപത്തില്‍ നിന്നുളള മോചനം തേടിയിറങ്ങിയ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം അടിച്ചാണ് ഒപ്പത്തിനൊപ്പമായത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മലയാളി താരം സി കെ വിനീതും സ്ലാവിയ സ്റ്റൊജനോവിച്ചും ഗോളടിച്ചപ്പോള്‍ ടിം കാഹിലും സൂസൈരാജുമാണ ജംഷഡ്പൂരിനായി വല കുലുക്കിയത്.
കളി ആരംഭിച്ച് മൂന്ന് മിനിറ്റിനുളളില്‍ ആസ്‌ത്രേലിയന്‍ താരം ടിം കാഹില്‍ പറന്നടിച്ച ആദ്യഗോളോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വീര്യവും ചോര്‍ന്നൊലിച്ചു പോയ കാഴ്ച്ചയാണ് ആദ്യപകുതിയില്‍ കണ്ടത്. നിരവധി മിസ്പാസുകളും ബാക്ക് പാസുകളും സൈഡ് പാസുകളും അല്ലാതെ ഒന്നും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങളില്‍ നിന്ന് വന്നില്ല. വിരസമായ കളിയും എതിര്‍ടീമിന് കൂടുതല്‍ അവസരങ്ങള്‍ തുറന്ന് കൊടുത്തും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക് വീഴുമെന്നു തോന്നിപ്പിച്ചതിനിടെ ജംഷഡ്പൂര്‍ 31-ാം മിനിറ്റില്‍ അവരുടെ രണ്ടാമത്തെ ഗോളും അടിച്ചു.
ഇത്തവണ മൈക്കിള്‍ സൂസൈരാജിന്റെ ഒരു നെടുനീളന്‍ ഷോട്ട് സെക്കന്റ് പോസ്റ്റിലേക്ക്. അലസത പരാജയം സമ്മാനിക്കുമെന്ന തിരിച്ചറിവിന് സമയം കൊടുക്കാതെ ആദ്യപകുതിയുടെ വിസില്‍. ഇനിയൊരു തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെയും സിറിള്‍ കാളിയെയും ഇറക്കി ആക്രമണത്തിന് വേഗം കൂട്ടിയതോടെ ജംഷഡ്പൂരിന്റെ പോസ്റ്റിലേക്കും ബോള്‍ എത്തിത്തുടങ്ങി. ഇതിനിടെ പെനല്‍റ്റി ബോക്‌സിലെ ഫൗളിന് പകരമായി ബ്ലാസ്‌റ്റേഴ്‌സ് താരത്തിന് ലഭിച്ച പെനാല്‍റ്റി സെര്‍ബിയന്‍ താരം സഌവേസിയ പാഴാക്കിയതോടെ ഭാഗ്യവും ഒപ്പമില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വിധിച്ചു. തുടര്‍ന്നാണ് കളിയിലെ താരമായി തെരഞ്ഞെടുത്ത ദൗംഗലിനെ നര്‍സറിക്ക് പകരമായി ഇറക്കിയത്. 71-ാം മിനിറ്റില്‍ ദൗംഗല്‍ തൊടുത്ത പാസ് പെനല്‍റ്റി പാസാക്കിയതിന്റെ നിരാശയിലായിരുന്ന സഌവേസിയ ബുളളറ്റ് ഷോട്ടിലൂടെ ജംഷഡ്പൂരിന്റെ വലയിലേക്കെത്തിച്ച് ആദ്യ ഗോള്‍ നേടി. കൈവിട്ടെന്ന് കരുതിയ കളിയില്‍ പിന്നിടങ്ങോട്ട് ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും ഉണര്‍ന്ന് കളിച്ചു. 86-ാം മിനിറ്റില്‍ വീണ്ടും ദൗംഗല്‍ മറിച്ചു കൊടുത്ത പാസ് മലയാളി താരം വിനീത് വലയിലേക്ക് തട്ടിയിട്ടതോടെ രണ്ടാമത്തെ ഗോളും മടക്കി ഒപ്പത്തിനൊപ്പം.
സമയം അവസാനിക്കാറായതോടെ വിജയത്തിനായി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ നിരന്തര ആക്രമണങ്ങളും ജംഷഡ്പൂര്‍ മിന്നല്‍ ആക്രമണങ്ങളും നടത്തി നോക്കിയെങ്കിലും റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങുകയായിരുന്നു. പതിവിന് വിപരീതമായ 4-1-4-1 ഫോര്‍മേഷനില്‍ ടീമിനെ ഇറക്കിയ കോച്ച് ജയിംസ് പക്ഷെ മലയാളികള്‍ കാത്തിരുന്ന അനസിന് അവസരം നല്‍കിയില്ല. സി കെ വിനീതിനെ മാത്രം മലയാളി താരമായി ഉള്‍പ്പെടുത്തി അഞ്ചു വിദേശികളുമായിട്ടാണ് മഞ്ഞപ്പട കളത്തിലിറങ്ങിയത്.

RELATED STORIES

Share it
Top