പ്രീ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയംബാങ്കോക്ക്: തായ്‌ലന്‍ഡിലെ പ്രീസീസണ്‍ പര്യടനത്തില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. തായ് ലീഗിലെ പ്രമുഖ ക്ലബായ പോര്‍ട്ട് എഫ്‌സി ബി ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 3-1നായിരുന്നു ഐഎസ്എല്ലിലെ കേരള ടീമിന്റെ ജയം.
പ്രീ സീസണ്‍ മല്‍സരത്തില്‍ ആദ്യമായി ഇറങ്ങിയ മലയാളി താരം സികെ വിനീതും ഇന്നലെ ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കി. മറ്റൊരു മലയാളി താരം സഹലും എതിര്‍വല കുലുക്കി. വിദേശതാരം സ്ലാവിസയാണ് മൂന്നാം ഗോളിന്റെ ഉടമ.
ഗോള്‍ രഹിതമായി നിന്ന ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സഹലിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. തൊട്ടുപിന്നാലെ പകരക്കാരനായിറങ്ങിയ വിനീത് 54ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് വര്‍ധിപ്പിച്ചു. വീണ്ടും ഗോളടിച്ചുകൂട്ടാനുള്ള ബ്ലാസ്്‌റ്റേഴ്‌സിന്റെ മോഹത്തിന് വിള്ളല്‍ വീഴ്ത്തി ആതിഥേയ ടീമിന്റെ ആദ്യ ഗോള്‍ വീണു. 74ാം മിനിറ്റില്‍ അരിയ പോനാണ് ടീമിന്റെ ആശ്വാസഗോള്‍ നേടിയത്.
കളി അവസാനിക്കാന്‍ നാലുമിനിറ്റ് ബാക്കിനില്‍ക്കേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ പിറക്കുന്നത്.
തായ്‌ലന്‍ഡില്‍ ബ്ലാസ്റ്റേഴ്‌സ് ഇനി മൂന്ന് മല്‍സരങ്ങള്‍ കൂടി കളിക്കുന്നുണ്ട്. അതിനുശേഷം 21നാണ് തിരികെയെത്തുക. 29നാണ് അഞ്ചാം സീസണ്‍ ഐഎസ്എല്‍ ആരംഭിക്കുന്നത്.

RELATED STORIES

Share it
Top