സ്വന്തം മൈതാനത്ത് വിരുന്നൊരുക്കാന്‍ ബ്ലാസ്്റ്റേഴ്‌സ് ഇന്ന് മുംബൈക്കെതിരേ


കൊച്ചി: ഉദ്ഘാടനമല്‍സരത്തില്‍ കൊല്‍ക്കത്തയെ അവരുടെ മണ്ണില്‍ മുട്ടുകുത്തിച്ചതിന്റെ വീര്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു. മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. ലീഗിലെ ആദ്യകളിയില്‍ ജംഷ്ഡ്പൂര്‍ എഫ്‌സിയോട് ഏറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനാണ് മുംബൈയുടെ വരവ്. വൈകിട്ട് ഏഴിന് മഞ്ഞപ്പടയുടെ തട്ടകമായ കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് കളി. തലപ്പത്ത് നിന്ന് സച്ചിന്‍ ഇറങ്ങി പോയതിന്റെ ക്ഷീണം ലവലേശം ബാധിക്കാതെയാണ് ആദ്യമല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടിയത്. ആ ഊര്‍ജം കെടാതെ സൂക്ഷിക്കുകയാണെങ്കില്‍ സ്വന്തം തട്ടകത്തിലും ബ്ലാസ്റ്റേഴ്‌സിന് ജയത്തോടെ തുടങ്ങാനാവും.
യുവനിരയുടെ കരുത്തില്‍
മധ്യവയസ്‌കരുടെ കൂട്ടവുമായി ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ പന്ത് തട്ടിയ പഴയകാലത്തിനെ പുറംതള്ളിയാണ് അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വരവ്. ടീമിലുള്ളവരില്‍ ഏറെയും 30ന് താഴേ പ്രായമുള്ളവര്‍. കഴിഞ്ഞ മല്‍സരത്തില്‍ ഇറക്കിയ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളുണ്ടാകുവാന്‍ സാധ്യത കുറവാണ്.
എന്നാല്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് ഡേവിഡ് ജെയിംസ് ആയതുകൊണ്ടു അപ്രതീക്ഷിത നീക്കങ്ങളുണ്ടായേക്കാം. യുവനിരയുടെ കരുത്ത് അളക്കുമ്പോള്‍ ഗോള്‍ വല കാക്കുന്ന ധീരജ് സിംഗില്‍ നിന്ന് തുടങ്ങാം. ഫിഫ അണ്ടര്‍ 17ല്‍ ഇന്ത്യന്‍ ഗോള്‍വലയുടെ കാവല്‍ക്കാരനായിരുന്നു ഈ പയ്യന്‍. സീനിയര്‍ ഗോള്‍കീപ്പര്‍മാരെ പുറത്തിരുത്തിയാണ് ഡേവിഡ് ജെയിംസ് ധീരജിനെ കഴിഞ്ഞ മല്‍സരത്തില്‍ അന്തിമ ഇലവിനില്‍ ഉള്‍പ്പെടുത്തിയത്. പ്രതിരോധനിരയിലെ കരുത്തരായ ലാല്‍റുവത്താരയും മുഹമ്മദ്ദ് റാക്കിപും ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും ഇന്നും കളിച്ചേക്കും. കൂട്ടിന് വിദേശതാരം ലകിക് പെസിച്ചും.
സസ്‌പെന്‍ഷനിലായതുകൊണ്ട് ആദ്യകളി നഷ്ടമായ മലയാളിതാരം അനസ് ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല. അനസുകൂടിയെത്തിയാല്‍ പ്രതിരോധം ശക്തം . സിറില്‍ കാലിയേയും അന്തിമ ഇലവിനില്‍ പ്രതീക്ഷിക്കാം. മധ്യനിരയും ഏറെക്കൂറെ സമ്പൂര്‍ണമാണ്. യുവാക്കളുടെ മികച്ച കൂട്ടംതന്നെ മഞ്ഞപ്പടയുടെ കരുത്ത വര്‍ധിപ്പിക്കുന്നു. കറേജ് പെക്കുസണും കിസിറ്റോ കെസിറോണും സ്ഥാനം ഉറപ്പാണ്. കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത മലയാളിതാരം സഹല്‍ അബ്ദുള്‍ സമദിനെയും കോച്ച് ഇറക്കിയേക്കും. മുന്നേറ്റ നിരയില്‍ കഴിഞ്ഞ കളിയില്‍ സ്‌കോര്‍ ചെയ്ത മതേജ് പൊപ്ലാറ്റ്‌നികും സ്ലെവിസ സ്റ്റോജനോവികും ഇറങ്ങും. ചിലമാറ്റങ്ങളുണ്ടായാല്‍ സി കെ വിനീതും ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തും.
തോല്‍വിയില്‍ നിന്ന് കരകയറാന്‍ മുംബൈ
കഴിഞ്ഞ സീസണില്‍ ഏഴാമതായി ഫിനിഷ് ചെയ്ത മുംബൈ സിറ്റി എഫ് സി ഇക്കുറി എത്തുന്നത് അടിമുടി മാറ്റങ്ങളുമായാണ്. അതിന്റെ മിന്നലാട്ടം ആദ്യമല്‍സരത്തില്‍ കണ്ടതുമാണ്. ചില മികച്ച അവസരങ്ങള്‍ അവര്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ സൃഷ്ടിച്ചുവെങ്കിലും ഗോള്‍ നേടുവാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയാണ് പുതിയ പരിശീലകന്‍ ജോര്‍ജ് കോസ്റ്റ ടീമിനെ കൊച്ചിയിലിറക്കുന്നത്.
ഏറെ മല്‍സരപരിചയമുള്ള പൗളോ മച്ചഡോയും ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റാഫേല്‍ ബസ്റ്റോസും ഫോമിലെത്തിയാല്‍ മുംബൈയ്ക്ക് പ്രതീക്ഷകളായി. ഇക്കുറി പ്രതിരോധനിരയുടെ കരുത്തിലാണ് ടീമിന്റെ പ്രതീക്ഷകള്‍. റൊമാനിയന്‍ ലൂസിയന്‍ ഗോയനും അര്‍നോള്‍ഡ് ഇസോക്കോയും സൗവിക് ഘോഷും പിന്‍നിരയിലുണ്ടാകും. എന്നാല്‍ ചില താരങ്ങള്‍ പരിക്കിന്റെ പിടിയിലായതും ആശങ്ക സമ്മാനിക്കുന്നു.
ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ജയം മാത്രം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ മൈതാനത്ത് തീ പാറുമെന്ന് ഉറപ്പ്.

RELATED STORIES

Share it
Top