Flash News

തായ്‌ലന്റിലെ പരിശീലനത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തി

തായ്‌ലന്റിലെ പരിശീലനത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തി
X

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് മുന്നോടിയായി തായ്‌ലാന്റില്‍ നടത്തിയ പരിശീലനം പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയില്‍ തിരിച്ചെത്തി. 21 ദിവസത്തെ പരിശീലനത്തിന് ശേഷം ഇന്നലെ പുലര്‍ച്ചെ 4.30ഓടെയാണ് ടീം മടങ്ങിയെത്തിയത്.
തായ്‌ലാന്റിലെ പ്രാദേശിക ക്ലബ്ബുമായി കളിച്ച നാലു പരിശീലന മല്‍സരങ്ങളിലും ടീം വിജയം നേടിയിരുന്നു. ആദ്യ മല്‍സരത്തില്‍ ബാങ്കോക്ക് യൂനിവേഴ്‌സിറ്റി ടീമിനോട് 4-1ന് ജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം മല്‍സരത്തില്‍ പോര്‍ട്ട് എഫ്‌സി ബി ടീമിനോട് 3-1നും മൂന്നാം മല്‍സരത്തില്‍ ബാങ്കോക്ക് യുണൈറ്റഡ് ബി ടീമിനോട് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കും ജയിച്ചിരുന്നു. ബുരിരാം യുനൈറ്റഡ് എഫ്‌സിയുടെ ബി ടീമിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് അവസാന മല്‍സരത്തില്‍ തോല്‍പിച്ചത്. ഇന്നലെ മുഴുവന്‍ വിശ്രമിച്ച ടീം ഇന്ന് മുതല്‍ വീണ്ടും കൊച്ചിയില്‍ പരിശീലനത്തിനിറങ്ങും. 29ന് എടികെയുമായുള്ള ആദ്യ മല്‍സരത്തിനായി 27ന് കൊല്‍ക്കത്തയിലേക്ക് തിരിക്കും.
ഒക്‌ടോബര്‍ അഞ്ചിന് മുംബൈക്കെതിരെയാണ് ടീമിന്റെ ആദ്യ ഹോം മാച്ച്. സീസണിനുള്ള 25 അംഗ സ്‌ക്വാഡിനെ ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനിടെ അണ്ടര്‍17 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുകയും കൊളംബിയക്കെതിരെ ഇന്ത്യക്ക് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഗോള്‍ നേടുകയും ചെയ്ത ജീക്‌സണ്‍ സിങിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം മാനേജ്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it