Flash News

കേരള ബ്ലാസ്‌റ്റേഴ്‌സ് മല്‍സരങ്ങളുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

കേരള ബ്ലാസ്‌റ്റേഴ്‌സ് മല്‍സരങ്ങളുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണ്‍ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. മുന്‍കൂറായി ടിക്കറ്റ് വാങ്ങുന്നവരെ ലക്ഷ്യമിട്ട് പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയുടെ വില്‍പ്പന ഇന്നലെ ആരംഭിച്ചു.
പ്രളയകാലത്ത് നാടിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച മല്‍സ്യ തൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്‍കികൊണ്ട് കലൂര്‍ ജവഹര്‍ലാല്‍നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്റ്റര്‍ മുഹമ്മദ് സഹീറുല്ലയാണ് ഈ വര്‍ഷത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയില്‍ നടക്കുന്ന മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകളുടെ വിതരണോത്ഘാടനം നിര്‍വഹിച്ചത്.
ഈ മാസം 24 വരെ വില്‍പനക്കുള്ള ടിക്കറ്റിന് 199 രൂപയാണ് കുറഞ്ഞ നിരക്ക് (സൗത്ത്, നോര്‍ത്ത് ഗ്യാലറി). ഈസ്റ്റ്, വെസ്റ്റ് ഗ്യാലറി ടിക്കറ്റിന് 249 രൂപ. എ, ഇ,സി ബ്ലോക്ക് ടിക്കറ്റുകള്‍ക്കേ് 449 രൂപയും ബി, ഡി ബ്ലോക്കുകളിലെ സീറ്റിന് 349 രൂപയും നല്‍കണം. 1250 രൂപയാണ് വിഐപി ടിക്കറ്റ് നിരക്ക്. കൊച്ചിയില്‍ നടക്കുന്ന എല്ലാ മല്‍സരങ്ങളുടെയും ടിക്കറ്റുകള്‍ 24ന് മുമ്പ് തന്നെ പ്ര ത്യേക ഇളവില്‍ ഓണ്‍ലൈനായി വാങ്ങാം. പേടിഎം, ഇന്‍സൈഡര്‍ ഇന്‍ എന്നിവ വഴിയായിരിക്കും ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന. 24ന് ശേഷം സാധാരണ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിക്കും. ഈ ടിക്കറ്റുകള്‍ക്കും കാര്യമായ വര്‍ധന ഉണ്ടാവില്ലെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഓണ്‍ലൈനായി വാങ്ങുന്ന ടിക്കറ്റുകള്‍ മാറ്റുന്നതിനായി ഇത്തവണ ആരാധകര്‍ക്ക് ക്യൂവില്‍ നില്‍ക്കേണ്ടി വരില്ല. ഇ-ടിക്കറ്റുകള്‍ സ്‌റ്റേഡിയത്തിന്റെ കൗണ്ടറില്‍ സ്‌കാന്‍ ചെയ്ത് നേരിട്ട് സ്‌റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാം.
ഗാലറി ഒഴിച്ചുള്ള ടിക്കറ്റുകളില്‍ കഴിഞ്ഞ സീസണിനേക്കാള്‍ കാര്യമായ കുറവുണ്ട് ഇത്തവണ. അതേസമയം കഴിഞ്ഞ രണ്ടു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ ആവശ്യമുന്നയിക്കുന്ന സീസണ്‍ ടിക്കറ്റ് വില്‍പ്പനക്ക് ടീം മാനേജ്‌മെന്റ് ഇത്തവണയും അവസരമൊരുക്കിയില്ല. ഇതിന് ബദലായാണ് മുന്‍കൂര്‍ വില്‍പ്പനക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന മല്‍സരങ്ങളുടെ തുടക്കത്തിലോ ഇടവേളകളിലോ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ആദരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു. കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തര്‍, തോമസ് മുത്തൂറ്റ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഒക്‌ടോബര്‍ അഞ്ചിനാണ് മുംബൈ സിറ്റിക്കെതിരെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മല്‍സരം. സപ്തംബര്‍ 29ന് കല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ എടികെ കൊല്‍ക്കത്തയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.
Next Story

RELATED STORIES

Share it