Flash News

ബിഷപിന്റെ അറസ്റ്റു വൈകാന്‍ കാരണം പോലീസുമായി കൊടുക്കല്‍ വാങ്ങലുകള്‍ ഉള്ളതിനാലെന്ന് സംശയം: ജസ്റ്റിസ് കെമാല്‍ പാഷ

ബിഷപിന്റെ അറസ്റ്റു വൈകാന്‍ കാരണം പോലീസുമായി കൊടുക്കല്‍ വാങ്ങലുകള്‍ ഉള്ളതിനാലെന്ന് സംശയം: ജസ്റ്റിസ് കെമാല്‍ പാഷ
X


കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യമുണ്ടാക്കുന്നുവെന്നും ബിഷപ്പും പോലിസും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രികളുടെ നേതൃത്വത്തില്‍ എറണാകുളം വഞ്ചി സ്്വകയറില്‍ ആരംഭിച്ച സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദേഹം. ഇപ്പോള്‍ നടക്കുന്നത് ചോദ്യം ചെയ്യല്‍ നാടകമാണെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യുവാന്‍ വൈകുന്നത് സ്ത്രീകളുടെ സുരക്ഷാ ഉറപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരിന് യോജിച്ച നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. അറസ്റ്റിനെ ഭയന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ബിഷപ്പിന് ഉറപ്പ് നല്‍കിയതായി സംശയിക്കുന്നുണ്ടെന്നും കെമാല്‍ പാഷ ആരോപിച്ചു. കേസ് അവസാനഘട്ടത്തിലാണെന്ന ഡിജിപിയുടെ പ്രസ്താവന തെറ്റിധാരണയുണ്ടാക്കുന്നതാണ്. പ്രധാന പ്രതിയെ പേരിന് പോലും ചോദ്യം ചെയ്യാതെ എങ്ങനെ കേസ് അവസാനഘട്ടത്തിലെത്തിയെന്നും കെമാല്‍ പാഷ ചോദിച്ചു. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ മകള്‍ക്കോ സഹോദരിക്കോ ആണ് ഈ അവസ്ഥയെങ്കില്‍ ഇതേ നടപടികളായിരിക്കുമോ സ്വീകരിക്കുക ? കന്യാസ്ത്രീകള്‍ പ്രതികരണശേഷിയില്ലാത്തവരാണെന്ന ചിന്തയില്‍ നിന്ന് അതിനെ ചൂഷണം ചെയ്യുന്ന നടപടികളാണ് ഉന്നതരില്‍ നിന്നുണ്ടായിരിക്കുന്നത്. പീഡനക്കേസില്‍ ഇനിയും അറസ്റ്റ് വൈകിയാല്‍ അത് നിയമവ്യവസ്ഥയുടെ അധപതനമായിരിക്കും.
ബിഷപ്പിനെ അറസ്റ്റ് ചെയ്ത് ലൈംഗികശേഷി പരിശോധന നടത്തണം. പ്രഥമദൃഷ്ട്യാ ഉള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കണം. വോട്ട് ലഭിക്കില്ലെന്ന പേടിയിലായിരിക്കാം സംഭവത്തില്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ പ്രതികരിക്കാതിരിക്കുന്നത്. മതമേലധ്യക്ഷന്മാര്‍ പറയുന്നത് കേട്ട് ആളുകള്‍ വോട്ട് ചെയ്തിരുന്ന കാലം അവസാനിച്ചെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകളുടെ വിലാപം സമൂഹത്തിലെ സ്ത്രീകളുടെ കരച്ചിലാണ്. ചോരയാണ് കണ്ണുനീരായി പതിക്കുന്നത്. അത് കണ്ടില്ലെന്ന് നടിക്കരുതെന്നും കെമാല്‍ പാഷ പറഞ്ഞു.
Next Story

RELATED STORIES

Share it