Flash News

ആര്‍ത്തവം വിശുദ്ധം; ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം; കെ. സുരേന്ദ്രന്റെ എഫ്ബി പോസ്റ്റ് മുക്കി

ആര്‍ത്തവം വിശുദ്ധം; ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം; കെ. സുരേന്ദ്രന്റെ എഫ്ബി പോസ്റ്റ് മുക്കി
X


കോഴിക്കോട്: ആര്‍ത്തവം വിശുദ്ധമാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും സമര്‍ത്ഥിച്ചുകൊണ്ടുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ 2016ലെ ഫേസ്ബുക്ക് പോസ്റ്റ് മുക്കി. സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരേ ബിജെപി പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതോടെയാണ് കെ. സുരേന്ദ്രന്‍ പഴയ പോസ്റ്റ് മുക്കിയത്. എന്നാല്‍, എഫ്.ബി പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായത് കൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ഥമില്ലെന്നായിരുന്നു അന്ന് സുരേന്ദ്രന്‍ കുറിച്ചത്. ആര്‍ത്തവം പ്രകൃതി നിയമമാണെന്നും അതിനാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്നും അന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ദേവസ്വം ബോര്‍ഡിനെ അന്ന് ബിജെപി നേതാവ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആ നിലപാടെല്ലാം തിരുത്തി കഴിഞ്ഞ ദിവസം എഫ്ബിയില്‍ അദ്ദേഹം പുതിയ പോസ്റ്റ് ഇട്ടിരുന്നു. ശബരിമല വിധി നടപ്പാക്കല്‍ പിണറായി സര്‍ക്കാരിന് എളുപ്പമാവില്ലെന്നും അതില്‍ നിന്ന് പിന്‍മാറുന്നതായിരിക്കും സര്‍ക്കാരിനു നല്ലതെന്നും കുറിച്ച കെ സുരേന്ദ്രന്‍ വിശ്വാസികളുടെ രോഷാഗ്‌നിയില്‍ ഈ സര്‍ക്കാരും സിപിഎമ്മും ചാമ്പലാകുമെന്നും സുരേന്ദ്രന്‍ ഭീഷണി ഉയര്‍ത്തി. നേരത്തെ, ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍നിലപാട് ആര്‍എസ്എസ് മയപ്പെടുത്തിയിരുന്നു.

കെ സുരേന്ദ്രന്റെ 2016ലെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ശബരിമലയിലെ ദൈനംദിന കാര്യങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ രാഷ്ട്രീയ നേതാക്കള്‍ക്കോ ഇല്ല. അഭിപ്രായം ആര്‍ക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നും വര്‍ഷത്തില്‍ എല്ലാ ദിവസവും ദര്‍ശനസൗകര്യം വേണമെന്നും ചിലര്‍ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ ഒരു ചര്‍ച്ച നടക്കുന്നതില്‍ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്.

പത്തു വയസ്സിനും അന്‍പതു വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോള്‍ ഭക്തര്‍ക്കു ദര്‍ശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാന്‍ ഇതു സഹായകരമാവുമെങ്കില്‍ ഈ നിര്‍ദ്ദേശം പരിഗണിച്ചുകൂടെ? അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം. തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഢസംഘം അവിടെ നടത്തുന്നത്. വന്‍തോതില്‍ ചൂഷണം ഭക്തര്‍ നേരിടുന്നുണ്ട്.

പിന്നെ ആര്‍ത്തവകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദര്‍ശനസമയത്ത് ദേഹശുദ്ധിയും മനഃശുദ്ധിയും വേണം. നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉത്സവാനന്തരം നടത്തുന്ന പ്രശ്‌നചിന്തയില്‍ തന്നെ തെളിയുന്നത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന്‍ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്.

ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. സെമിറ്റിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാറ്റങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്റ്റുകളും അവരുടെ രാഷ്ട്രീയ യജമാനന്‍മാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന് എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട്.
Next Story

RELATED STORIES

Share it