കേരളത്തെ മദ്യപ്രളയത്തില്‍ മുക്കിയാണോ നവകേരള സൃഷ്ടിയെന്ന് മുന്‍ മന്ത്രി കെ ബാബു

തിരുവനന്തപുരം: നിലവിലുള്ള നയത്തിന് വിരുദ്ധമായി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച് കേരളത്തെ മദ്യപ്രളയത്തില്‍ മുക്കി കൊണ്ടാണോ നവകേരള സൃഷ്ടി നടത്തുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുന്‍ മന്ത്രി കെ ബാബു. ഈ രഹസ്യ ഇടപാടില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. ജലപ്രളയത്തിന്റെ ദുരിതങ്ങളില്‍ ജനങ്ങള്‍ വലയുമ്പോള്‍ സംസ്ഥാനത്ത് മദ്യപ്രളയത്തിനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നു. സിപിഎം. ഏകപക്ഷീയമായും അതീവരഹസ്യമായും നടത്തിയ ഈ പകല്‍കൊള്ളയിന്മേല്‍ അന്വേഷണം നടത്തണമെന്നും പ്രസ്തുത ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും സുതാര്യത പാലിക്കാതെ നടത്തിയ ഈ ഉത്തരവിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും കെബാബു ആവശ്യപ്പെട്ടു.


1999ന് ശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളോ ഡിസ്റ്റിലറികളോ അനുവദിച്ചിട്ടില്ല. 1996ല്‍ ബിയറും വിദേശമദ്യവും ഉല്പാദിപ്പിക്കുന്നതിനായി ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയും 125 അപേക്ഷകള്‍ ലഭിക്കുകയും ചെയ്തു. അത് വിവാദമായതിനെ തുടര്‍ന്ന് 1999 ല്‍ ആര്‍ക്കും ഇവ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1999ലെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിനോദ് റായി പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രളയത്തിന്റെ മറവില്‍ അതീവരഹസ്യമായി സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതിലൂടെ ഇടതുമുന്നണി ജനങ്ങളോട് വിശ്വാസവഞ്ചന കാണിച്ചിരിക്കുകയാണ്. ഘടകകക്ഷികളെ പോലും അറിയിക്കാതെ, മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ നിയമസഭയില്‍ പ്രഖ്യാപിക്കാതെ നയപ്രഖ്യാപനത്തിലോ ബജറ്റിലോ പറയാതെ നിലവിലുള്ള മദ്യനയത്തില്‍ മാറ്റം വരുത്താതെ ഇപ്പോള്‍ ധൃതിപിടിച്ച് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചുകൊണ്ടുള്ള ഈ തീരുമാനത്തിലൂടെ സര്‍ക്കാരിന് മദ്യലോബിയുമായുള്ള അവിശുദ്ധബന്ധം വ്യക്തമായിരിക്കുകയാണ്. ഇടത് മുന്നണി അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ രണ്ട് മദ്യനയങ്ങളും മൂന്ന് നയപ്രഖ്യാപനങ്ങളും നടത്തിയെങ്കിലും പ്രസ്തുത നയങ്ങളിലൊന്നും പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുമെന്ന് പറഞ്ഞതായി അറിയുന്നില്ല. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പരസ്യമായി പറയുമ്പോള്‍ സര്‍ക്കാര്‍ മദ്യലോബിയുടെ നിയന്ത്രണത്തിലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അടിയന്തിര പ്രാധാന്യമുള്ള ജനകീയ പ്രശ്‌നങ്ങളോടു പോലും മുഖം തിരിച്ചിരിക്കുന്ന സര്‍ക്കാര്‍, മന്ത്രിസഭാ യോഗങ്ങള്‍ പോലും പതിവായി ഒഴിവാക്കുമ്പോള്‍ വിദേശമദ്യ ഉല്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അതീവപ്രാധാന്യം നല്‍കുന്നതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയതായി ഒരു മദ്യശാല പോലും ആരംഭിക്കുകയോ ഒരു ലിറ്റര്‍ മദ്യം പോലും കൂടുതല്‍ ഉല്പാദിപ്പിക്കുവാന്‍ അനുമതി നല്‍കുകയോ ചെയ്തിട്ടില്ല. എന്നാല്‍ 20062011ലെ എല്‍ ഡി എഫ് സര്‍ക്കാര്‍ അപേക്ഷിച്ച ബ്രൂവറി ഡിസ്റ്റിലറി ഉടമകള്‍ക്കെല്ലാം ലക്ഷക്കണക്കിന് ലിറ്റര്‍ വിദേശമദ്യ ഉല്പാദനശേഷി വര്‍ദ്ധിപ്പിക്കുവാന്‍ അനുമതി നല്‍കി.മദ്യത്തിന്റെ ആവശ്യകതയില്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ ഇടതുമുന്നണിയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു. സുതാര്യതയില്ലാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് ആരുമറിയാതെ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയുകയും ഈ പകല്‍കൊള്ളയിന്മേല്‍ അന്വേഷണം നടത്തുവാന്‍ തയ്യാറാകുകയും ചെയ്യണമെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബു ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top